മലപ്പുറം ജില്ലയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം. കേരളത്തിലെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. കൊടുങ്ങല്ലൂരും പനയാര്‍കാവും ആണ് മറ്റു രണ്ടു ക്ഷേത്രങ്ങള്‍.
ശ്രീപാര്‍വ്വതി പൂജിച്ചിരുന്ന ശിവലിംഗം മാന്ധാതാവ് മഹര്‍ഷി തപസ്സുചെയ്ത് ശിവനില്‍ നിന്നും കൈക്കലാക്കി എന്നും അത് ഇവിടെ പ്രതിഷ്ഠിച്ചുവെന്നും ദു:ഖിതയായ പാര്‍വ്വതി ഇതില്‍വന്നു ലയിച്ചുവെന്നും കൂടെപോന്ന കാളിയേയും ഉണ്ണിഗണപതിയേയും പ്രതിഷ്ഠിക്കുകയുണ്ടായി എന്നും ഐതിഹ്യം. മാന്ധാതാവിന്റെ സമാധിസ്ഥാനവും ഇവിടെയാണെന്ന് വിശ്വസിക്കുന്നു. തിരുമാന്ധാംകുന്ന് എന്ന് പേരുണ്ടുവാന്‍ കാരണമിതാണെന്നും പറയപ്പെടുന്നു. അതല്ല മാനാംകുന്ന് മാന്ധാംകുന്നായി മാറിയെന്നും തിരു എന്നു കൂട്ടിച്ചേര്‍ത്ത് വിളിക്കാനും തുടങ്ങിയെന്ന്
ഐതിഹ്യം.
റോഡില്‍ നിന്നുള്ള ചെറുകയറ്റം കയറി മുകളിലെത്തിയാല്‍ തെക്കേനട. ചുറ്റും തണലേകുന്ന ആല്മരങ്ങള്. ഈ ആലുകള്‍ക്കുമുണ്ട് ഒരു പ്രത്യേകത. ഇവ ഒരുമിച്ച് ഇല പൊഴിക്കാറില്ല. വടക്കേ നടയിലെത്താന്‍ വീതിയുള്ള കരിങ്കല്‍ പടികള്‍. കിഴക്കുദര്‍ശനമായി ശ്രീമൂലസ്ഥാനം. കൊടിമരത്തിനടുത്തു നിന്നും ബലിക്കല്‍ പുരയിലൂടെ കയറി അകത്തു തൊഴാം. ബലിക്കല്‍പ്പുരുയിലെ കൊത്തുപണികളില്‍ രാമായണകഥ. ശ്രീകോവിലില്‍ ശക്തിസ്വരൂ
പിണിയായ തിരുമാന്ധാം കുന്നിലമ്മ. പിന്നില്‍ സപ്തമാതൃക്കളോടൊപ്പം ഭദ്രകാളിയായി വാണരുളുന്നു. ആറ് അടിയോളം ഉയരം വരുന്ന ദാരുവിഗ്രഹം. കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ദാരുവിഗ്രഹങ്ങളില്‍ വച്ച് ഏറ്റവും വലുത് ഇവിടെയാണ്. ഇടതുകാല് മടക്കിവച്ച് വലതുകാല്‍ താഴോട്ടു തൂക്കിയിട്ട് ഇരിക്കുന്നു ദേവി. കൈകളില്‍ ശൂലവും സര്‍പ്പവും വാളും പരിചയും മണിയും വട്ടകയും ഖട്വാങ്ങ്ശംഖും ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. സപ്തമാതൃക്കളും ക്ഷേത്രപാലകരും ശിവനും നാഗങ്ങളും ബ്രഹ്മരക്ഷസ്സും ഉണ്ട്. വടക്കുഭാഗത്തുള്ള ആല്മരച്ചോട്ടില് ഗണപതിയുമുണ്ട്. ശ്രീമൂലസ്ഥാനത്ത് നെയ് വിളക്കുകള്‍ മാത്രം. പുജക്ക് വാദ്യഘോഷങ്ങളില്ല. മാതൃശാലയില്‍ വാദ്യങ്ങളുണ്ടാകും. ഉഷ:പൂജയും പന്തീരടി പൂജയും ഉച്ചപൂജയും കഴിഞ്ഞ് തിരിഞ്ഞു പന്തീരടിപൂജയും നടക്കും. ഇത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ഗണപതിപ്രാതല്‍ പ്രധാന വഴിപാടാണ്. മംഗല്യഭാഗ്യത്തിനായി കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയ ചേര്‍ന്ന സമീകൃതഭോജനം നിവേദിക്കുന്നു ഇതാണ് മംഗല്യപുജ. ഈ പൂജ മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തുകയാണ് ഭക്തര്‍ ചെയ്യുന്നത്.
ആറാട്ടുകടവിനക്കരെയുള്ള വിശാലമായ വയലേലകളില്‍ നടക്കുന്ന ഭക്തിനിര്‍ഭരവും രസകരവുമായ ചടങ്ങാണ് വലിയ കണ്ടം നടീല്‍. തുലാം മാസം ഒന്നാം തീയതിയും കറുത്തവാവിന് നാളിലും നടക്കുന്ന ചടങ്ങാണ് ആട്ടങ്ങ ഏറ്. കളമെഴുത്തും പാട്ടും വൃശ്ചികം മുതല്‍ മീനം വരെയാണ്.
തിരുമാന്ധാം കുന്നിലെ പൂരം വള്ളുവനാടിന്റെ ദേശീയോത്സവമാണ്. ഒരാഴ്ച മുമ്പ് പൂരത്തിന്റെ വരവ് അറിയിക്കുന്ന ചടങ്ങുണ്ട്. പാണന്റെ തണ്ടിലേറ്റിവരവ് ഭക്തിസാന്ദ്രമാണ്. മീനത്തിലെ മകയിരത്തിന് ആരംഭിക്കുന്ന പൂരം പതിനൊന്നുദിവസം നീണ്ടുനില്‍ക്കും. ഇവിടുത്തെ പൂരം മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല. പത്താം ദിവസം പകല്‍പ്പൂരം. പിറ്റേദിവസത്തെ ആറാട്ടിനുശേഷം ഇരുപത്തിയൊന്ന് പ്രദക്ഷിണം വച്ച് കൊടിയിറക്കിയശേഷം ഭവഗതിയെ മാതൃശാലയിലേയ്ക്ക് കൊണ്ടുപോകും. ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: