കാസര്‍കോട്: കാസര്‍കോട് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടി. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഇടക്കിടെയുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ ജനപ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലയില്‍ സമാധാനം തകര്‍ക്കുകയും മതസ്പര്‍ദ വളര്‍ത്തുകയും അന്യമതക്കാരുടെ വീടുകളും സ്വത്തുക്കളും ആക്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ യോഗം ജില്ലാ ഭരണകൂടത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു. കുറ്റവാളികള്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടികളില്‍ ജനപ്രതിനിധികള്‍ ഇടപെടാതിരിക്കാനും നിര്‍ദ്ദേശമുണ്ടായി. ജില്ലയില്‍ കൊടിതോരണങ്ങളാണ് വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക നടപടി എടുക്കണം. ഇത് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം നാളെ കളക്ടറേറ്റില്‍ ചേരും. കൂടാതെ കാസര്‍കോട് നടക്കുന്ന നിരന്തര വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ പ്രത്യേക രൂപരേഖ തയ്യാറാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും ഒരു സീനിയര്‍ മന്ത്രിയുടെയും സാന്നിധ്യത്തില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത നേതാക്കന്മാര്, സാംസ്കാരിക-സന്നദ്ധ സംഘടനാ ക്ളബ്ബ് ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിക്കും. പെരിയയില്‍ കെ.എ.പി ബറ്റാലിയന് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: