ന്യൂദല്‍ഹി: ടു ജി ഇടപാടില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. റേഡിയോ വേവ്സ് അനുവദിക്കുന്നതിന് വില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിദംബരത്തിന് അറിയാമെന്ന് ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ് പരാതി നല്‍കിയത്.
ജസ്റ്റിസ് ജി.എസ്. സിംഗ്വി, ജസ്റ്റിസ് എസ്. രാധാകൃഷ്ണന് എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്. വിചാരണക്കോടതി ചിദംബരത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരോട് ടു ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി.
ചിദംബരത്തിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു. 2008 ല്‍ എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ സ്പെക്ട്രം അനുവദിക്കുന്ന സമയത്ത് പി. ചിദംബരം ധനകാര്യമന്ത്രിയായിരുന്നു. ചിദംബരം എല്ലാറ്റിനെയും കുറച്ച് കണ്ടുവെന്നും അഴിമതിക്കെതിരെ കണ്ണടച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്നതിനാവശ്യമായ നിരവധി രേഖകളും ഇതിനെ സാധൂകരിക്കുന്ന പത്രവാര്‍ത്തകളും പരാതിക്കാരന് കോടതിയില്‍ നല്‍കിയിട്ടുണ്ട്. രാജയുടെ തീരുമാനങ്ങള്‍ ചിദംബരത്തിന് വ്യക്തമായി അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ വില നിശ്ചയിക്കുന്നതില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംഘടനക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ് പറഞ്ഞു.
2008 ഏപ്രില്‍ 22 വരെ സ്പെക്ട്രം അനുവദിച്ചുകൊണ്ട് കമ്പനികള്‍ക്ക് എഴുത്ത് നല്‍കിയപ്പോള്‍തന്നെ എങ്ങനെയാണ് 2001ല്‍ നിലനിന്നിരുന്ന വിലക്ക് തന്നെ തുടര്‍ന്നും അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
സുപ്രീംകോടതി നേരത്തെ തീരുമാനമെടുക്കുമ്പോള്‍ പരിഗണിച്ച അതേ രേഖകള്‍തന്നെയാണ് സംഘടന ഇപ്പോള്‍ ഹാജരാക്കിയതെന്ന് സിബിഐക്ക്് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഒരേ കാര്യംതന്നെ വീണ്ടും ആവര്‍ത്തിച്ചതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഏപ്രില്‍ 11 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: