കാലടി: ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീശ്രീ ഭാരതീതീര്‍ത്ഥ സ്വാമികള്‍ നാളെ ശ്രീശങ്കരജന്മഭൂമിയായ കാലടിയില്‍ നാളെയെത്തും. കഴിഞ്ഞ ശിവരാത്രി നാളില്‍ ആരംഭിച്ച വിജയയാത്രയുടെ ഭാഗമായിട്ടാണ് അദ്ദേഹം അദ്വൈതഭൂമിയിലെത്തുന്നത്. തൃശൂരില്‍നിന്നും വൈകിട്ട് 5.30ന് ആദിശങ്കര ജന്മഭൂമി ക്ഷേത്രം ശൃംഗേരി മഠത്തില്‍ എത്തിച്ചേരുന്ന ശൃംഗേരി മഠാധിപതിയെ ജനപ്രതിനിധികളും ഭക്തജനങ്ങളും പൂര്‍ണകുംഭം വേദഘോഷം നാദസ്വരമേളം മുതലായ ബഹുമതികളോടെ സ്വീകരിക്കും. തുടര്‍ന്ന് ശ്രീശാരദാ ശ്രീശങ്കര സന്നിധികളില്‍ ദര്‍ശനം നടത്തിയശേഷം ധൂളീപാദപൂജ നടത്തും. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തും.
ഏഴിന് രാവിലെ 8ന് സഹസ്രമോദക ഗണപതിഹോമം, 10.30ന് ശങ്കരാചാര്യരുടെ സാന്നിധ്യത്തില്‍ പൂണാഹുതി. 10ന് രാവിലെ 7.30ന് ശൃംഗേരി മഠത്തില്‍ വേദസമ്മേളനം ആരംഭിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന എഴുപതോളം വേദപണ്ഡിതന്മാര് ഋഗ്, യജുസ്, സാമമെന്ന മൂന്ന് വേദങ്ങളും പാരായണം ചെയ്യും. വൈകിട്ട് 5 വരെ തുടരുന്ന വേദസമ്മേളനം ശ്രീ ജഗദ്ഗുരുവിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി സമാപിക്കും.
ജഗദ്ഗുരുവിന്റെ കാലടി സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക പരിപാടികളില്‍ 7ന് വൈകിട്ട് അഞ്ച് വിദുഷികള്‍ പങ്കെടുക്കുന്ന പഞ്ചവീണ കച്ചേരി, 9ന് മാതംഗിസത്യമൂര്ത്തിയും സംഘവും നടത്തുന്ന കര്‍ണാടക സംഗീതക്കച്ചേരിയും. 10ന് കൊച്ചി ശ്രീകൃഷ്ണന് അവതരിപ്പിക്കുന്ന സത്സംഗ് ഭജനയുമുണ്ടായിരിക്കും. കാലടിയില്‍ എല്ലാ ദിവസവും രാത്രി 8ന് സ്വാമി നടത്തുന്ന ശ്രീ ചന്ദമൗലീശ്വരപൂജ ദര്‍ശിക്കുവാന്‍ ഭക്തജനങ്ങളെത്തും.
കാലടിയില്‍ 7 മുതല്‍ 11 വരെ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12.30 വരെയും വൈകിട്ട് അഞ്ച് മുതല്‍ 6.30 വരെയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. 11 ന് എറണാകുളം 12ന് മട്ടാഞ്ചേരിയിലും സ്വാമികള്‍ സന്ദര്‍ശനം നടത്തും. 18ന് നാഗര്‍കോവിലേക്ക് പോകും. അടുത്ത ഒക്ടോബര്‍വരെ സ്വാമി തമിഴ്നാട്ടില്‍ തങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: