ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും മരണത്തിലെ ദുരൂഹത തുടരുന്നു. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് മരണത്തിലേക്ക് വഴിതെളിച്ചതെന്ന വാദം ബന്ധുക്കള്‍ തള്ളിയതോടെ സംശയത്തിന്റെ കുന്തമുന വീണ്ടും പ്രതിരോധമന്ത്രാലയത്തിന് നേരെ നീളുകയാണ്.
കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച കത്ത് ചോര്‍ന്ന സംഭവം വിവാദമായതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ കുമാര്‍ യഷ്കര്‍ സിന്‍ഹയെയും ഭാര്യ അര്‍ച്ചന ശര്‍മ്മയെയും ദക്ഷിണ ദല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലുള്ള ഹഡ്കോ പ്ലേസിലെ ഔദ്യോഗിക ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യയെ കൊന്നശേഷം ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ യഷ്കര്‍ എഴുതിയിരിക്കുന്ന ഡയറിയില്‍ രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. സംശയത്തിന്റെ കരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് നീളാനുള്ള പ്രധാന കാരണവും ഇതാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെഡിക്കല്‍ സര്‍വീസസില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു യഷ്കര്‍. ഭാര്യ അര്‍ച്ചന പരിശീലനം സിദ്ധിച്ച ക്ലാസിക്കല്‍ നര്‍ത്തകിയുമായിരുന്നു. ഏഴുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് മക്കളില്ല. നിര്‍ണായകമായ വിവരാവകാശ വിഭാഗമാണ് യഷ്കര്‍ കൈകാര്യം ചെയ്തിരുന്നത്.
ഭാര്യയെ കൊന്നശേഷം യഷ്കര്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ വസതിയില്‍നിന്ന് തീപിടിക്കുന്ന വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അര്‍ച്ചനയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. കൃത്രിമ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ യഷ്കറിന്റെ ശരീരത്തിന്റെ കണ്ടതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ രൂക്ഷമാക്കുന്ന കണ്ടെത്തലുകളാണ് ഇവ.
ഔദ്യോഗിക വസ്ത്രങ്ങള്‍ ധരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ എവിടേക്കോ പോകാന്‍ ഒരുങ്ങിയതോ, എവിടെനിന്നോ മടങ്ങി വന്നതോ ആണെന്ന് ഇത് സൂചിപ്പിക്കുന്നു. യഷ്കര്‍ ഷൂസും ധരിച്ചിട്ടുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മേശപ്പുറത്തുനിന്ന് കണ്ടെത്തിയ കുറിപ്പ് ആത്മഹത്യാക്കുറിപ്പല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബന്ധുക്കള്‍. മറ്റ് കടലാസുകള്‍ക്കിടയില്‍ നിന്നാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടുന്ന കുറിപ്പ് കിട്ടിയിട്ടുള്ളത്. ആത്മഹത്യാ കുറിപ്പാണെങ്കില്‍ അത് മറ്റ് കടലാസുകള്‍ക്കിടയില്‍ വരാനിടയില്ലെന്ന് ബന്ധുക്കള്‍ ഉറച്ച് വിശ്വസിക്കുന്നു.
ഇതെഴുതിയത് യഷ്കര്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരന് പുഷ്കര്‍ സിന്‍ഹയും സ്ഥിരീകരിച്ചിട്ടുണ്ട്. എപ്പോഴാണ് എഴുതിയതെന്ന് വ്യക്തമല്ല. ഒരു വ്യക്തി സ്വയം തീകൊളുത്തിയാല്പ്പോലും ഓടുമെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ശരീരത്തില്‍ തീ പടര്ന്നപ്പോഴൊന്നും ദമ്പതികള്‍ ഓടാന്‍ ശ്രമിച്ചിട്ടില്ല. മൃതദേഹത്തിന്റെ ചിത്രത്തില്‍ നാക്ക് പുറത്തേക്ക് നീട്ടിയ നിലയിലുമായിരുന്നത്രെ. ഒരു വ്യക്തിയെ കഴുഞ്ഞ് ഞെരിച്ച് കൊല്ലുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ വിവരാവകാശ വകുപ്പാണ് യഷ്കര്‍ കൈകാര്യം ചെയ്തിരുന്നത്. വളരെ നിര്‍ണായകമായ ഈ വിഭാഗത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലും മനസ്സില്ലാ മനസോടെയുമായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
യഷ്കറിന്റെ ഡയറിയും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയില്‍നിന്ന് കിട്ടിയ വസ്തുക്കള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്ന് അഡീ. ഡിസിപി (സൗത്ത്) പി.എസ്.കുശ്വാ പറഞ്ഞു. കുറിപ്പില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത കാര്യം സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അന്വേഷണവുമായി സഹകരിക്കാന്‍ ഡിജിഎംഎസ്ലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: