ബ്രസല്‍സ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അ അല്‍ അസദിന്റെ ഭാര്യക്കും അടുത്ത ബന്ധുക്കള്‍ക്കും യൂറോപ്യന്‍ യൂണിയന് ഉപരോധമേര്‍പ്പെടുത്തി. ഇവരുടെ സ്വത്ത് മരവിപ്പിക്കാനും യൂറോപ്പില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനുമാണ് യൂറോപ്യന്‍ യൂണിയന് വിദേശമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായത്. അസദിന്റെ കുടുംബത്തിലെ നാലുപേര്‍ക്കും എട്ട് മന്ത്രിമാര്‍ക്കുമാണ് ഉപരോധമെന്ന് യൂറോപ്യന്‍ യൂണിയന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വമുള്ള അസദിന്റെ ഭാര്യ സസ്മക്കും മൂന്ന് അടുത്ത ബന്ധുക്കള്‍ക്കുമാണ് ഉപരോധം. ബ്രിട്ടീഷ് പൗരത്വമുള്ളതുകൊണ്ട് യൂറോപ്യന്‍ യൂണിയന്റെ യാത്രാവിലക്ക് ബ്രിട്ടനില്‍ നടപ്പാക്കാനാവുമോയെന്ന് വ്യക്തമല്ല. രണ്ട് സിറിയന്‍ കമ്പനികളുടെ സ്വത്ത് മരവിപ്പിക്കാനും തീരുമാനമുണ്ട്.
സിറിയയില്‍ ഇതുവരെയുണ്ടായ രക്തച്ചൊരിച്ചിലില്‍ 8000 പേരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ആക്രമണം നടക്കുമ്പോഴും അസദിന്റെ ഭാര്യ ഷോപ്പിംഗും മറ്റ് യാത്രകളും നടത്തുമായിരുന്നുവെന്ന് പല റിപ്പോര്‍ട്ടുകളിലും പറയുന്നു. സിറിയയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെത്തിയ യുഎന്‍ അറബ് ലീഗ് പ്രതിനിധി കോഫി അന്നന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. പ്രതിപക്ഷ കക്ഷികളും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സിറിയക്കെതിരെ വലിയ രീതിയിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് പല രാജ്യങ്ങളുടെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: