വാഷിംഗ്ടണ്‍: മാര്‍ച്ച് 11 ന് അഫ്ഗാനിസ്ഥാനില്‍ 16 പേരെ വെടിവെച്ച് കൊന്ന റോബര്‍ട്ട് ബെയ്ല്‍സ് എന്ന പട്ടാളക്കാരന്റെ പേരില്‍ ബോധപൂര്‍വമായ കൊലപാതകത്തിന് കേസ്സ് ചുമത്തി. ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും കുറ്റപത്രം കാണുന്നതിന് മുമ്പ് പ്രതികരിക്കുന്നില്ലെന്നും ബെയ്ല്‍സിന്റെ അഭിഭാഷകന് ജോണ്‍ ഹെന്റി ബ്രൗണ്‍ പറഞ്ഞു.
വിചാരണാ സമയത്ത് പ്രോസിക്യൂഷന് കേസ്സ് വിഷമകരമായിരിക്കുമെന്നും ബ്രൗണ്‍ ചൂണ്ടിക്കാട്ടി. കൊലപാതകം നേരിട്ട് ആരും കണ്ടിട്ടില്ല. ഫോറന്‍സിക് പരിശോധനയും നടന്നിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കും.
കേസ് കോടതിയില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് സൈനിക വിദഗ്ദ്ധരും പറയുന്നത്. മരണ കാരണം തെളിയിക്കാന്‍ മൃതദേഹങ്ങളില്‍ പരിശോധന നടത്തിയിട്ടില്ല. ഇസ്ലാമിക ആചാരപ്രകാരം മരിച്ചവരെ ഉടന്‍ തന്നെ സംസ്ക്കരിക്കുകയും ചെയ്തു. കോടതിയില്‍ കേസ് തെളിയിക്കാന്‍ അഫ്ഗാനികള്‍ അമേരിക്കയില്‍ വരികയെന്നതും ശ്രമകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: