ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ കമ്മീഷണര്‍ ലളിത് മോഡിയെ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയ്ക്ക് 65,000 പൗണ്ട് (ഏകദേശം 53 ലക്ഷം) നല്‍കാനുള്ള കേസില്‍ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ന്യൂസിലാന്റ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കീയേന്സും മോഡിയും ഉള്‍പ്പെട്ട അപകീര്‍ത്തിക്കേസില്‍ വിധി വരാനിരിക്കെയാണ് ലണ്ടന്‍ കോടതിയുടെ ഉത്തരവെന്ന് ‘ദ ടെലഗ്രാഫ് ഡെയ്ലി’ റിപ്പോര്‍ട്ട് ചെയ്യുന്നു.
2010ല്‍ അന്താരാഷ്ട്ര കമ്പനിയായ പേജ് ഗ്രൂപ്പ് നല്കിയ സേവനപ്രകാരം മോഡി ഫീസിനത്തില്‍ തുക നല്‍കാനുണ്ട്. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ തുക നല്‍കാനുണ്ടെന്ന കാര്യത്തില്‍ താന്‍ അജ്ഞനായിരുന്നുവെന്നും കമ്പനി ഇക്കാര്യം തന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും ചില പ്രത്യേക കാരണങ്ങളാല്‍ തുക ഇപ്പോള്‍ നിരസിക്കപ്പെട്ടതായും ലളിത് മോഡി അറിയിച്ചു. സ്വകാര്യ കമ്പനിക്ക് ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമമാണ് ഇങ്ങനെയൊരു നീക്കത്തിന് പിന്നിലെന്നും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ലളിത് മോഡി വ്യക്തമാക്കി. കോടതി ഉത്തരവ് നിര്‍ഭാഗ്യകരമെന്ന് കമ്പനി ചെയര്മാന് സ്റ്റുവര്‍ട്ട് പേജ് വ്യക്തമാക്കി. ലളിത് മോഡിക്കെതിരെ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലെല്ലാം അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷ നല്‍കിയിരുന്നതായും അറിയിച്ച ചെയര്മാന് ഇതിനൊന്നും ഫീസ് നല്‍കിയിട്ടില്ലെന്നും മറ്റൊരു അനുരഞ്ജനത്തിനും മോഡി തയ്യാറായിട്ടില്ലെന്നും ചെയര്മാന് അറിയിച്ചു. ഈ കേസിലുള്ള വാദം അടുത്തുതന്നെ നടക്കും. എന്നാല്‍ ഉത്തരവ് റദ്ദാക്കാന്‍ മോഡി അപേക്ഷ നല്‍കുമെന്നും സൂചനകളുണ്ട്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ കമ്പനി നടത്തുന്ന ശ്രമങ്ങള്‍പോലെ തന്നെ താന്‍ പാപ്പരാണെന്ന വാദവും പരിഹാസ്യമാണ്, മോഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: