ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് പുനരാരംഭിക്കുമെന്ന് പാക് സുപ്രീംകോടതി. പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ് അന്വേഷിക്കാന്‍ സ്വിസ് അധികൃതരോട് രേഖാമൂലം ആവശ്യപ്പെടണമെന്ന കോടതി ഉത്തരവ് ലംഘിച്ചതിനാണ് കേസിനെക്കുറിച്ച് സ്വിസ് അധികൃതര്‍ക്ക് എഴുതാന്‍ ഗിലാനിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തന്റെ രാജികൊണ്ട് സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ് പുനരന്വേഷിക്കുവാനുള്ള തീരുമാനം പരിഹരിക്കപ്പെടുകയാണെങ്കില്‍ താനതിന് തയ്യാറാണെന്ന് ഗിലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്റെ രാജികൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുകയാണെങ്കില്‍ താനതിന് തയ്യാറാണെന്ന് ഗിലാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രസിഡന്റിനെതിരായ കേസ് പുനരന്വേഷിക്കുകയോ അല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് തടവ് ശിക്ഷ അനുഭവിക്കുകയോ വേണമെന്ന കോടതിയുടെ അന്ത്യശാസനത്തെക്കുറിച്ച് സൂചിപ്പിക്കവെ രാജിക്കും തയ്യാറാണെന്ന് ഗിലാനി പറഞ്ഞു. എന്നാല്‍ താന്‍ രാജിവെച്ചാലും പുതിയ പ്രധാനമന്ത്രിയും ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ സ്വിസ് അധികൃതര്‍ക്ക് കേസ് പുനരന്വേഷിക്കാന്‍ രേഖാമൂലം എഴുതില്ലെന്നും പ്രസിഡന്റിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും ഗിലാനി ഏതാനും ദിവസം മുമ്പെ പറഞ്ഞിരുന്നു.
സര്‍ദാരിക്കെതിരായ കേസ് സ്വിസ് അധികൃതര്‍ അവസാനിപ്പിച്ചതാണെന്നും പുനഃപരിശോധിക്കാനുള്ള സമയം കഴിഞ്ഞെന്നും ഗിലാനി പറഞ്ഞു. മുന്‍ നിയമസെക്രട്ടറിയുടേയും അറ്റോര്‍ണി ജനറലിന്റേയും സ്വിസ് അധികൃതരുടേയും നിയമ ഉപദേശത്തിന്റേയും അടിസ്ഥാനത്തിലാണ് എഴുത്തയക്കാത്തതെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. താന്‍ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. കോടതിയലക്ഷ്യം ലക്ഷ്യമല്ല. രാഷ്ട്രത്തലവന് എല്ലാവിധ ക്രിമിനല്‍ സിവില്‍ നടപടികളില്‍നിന്നും ഭരണഘടനാപരമായ സംരക്ഷണമുണ്ട് എന്നും ഗിലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: