ധാക്ക: യാത്രാബോട്ട് മുങ്ങി 250 ലേറെ മരണം. ബംഗ്ലാദേശിലെ മേഘ്ന നദിയിലാണ് സംഭവം. ബോട്ടില്‍ ആകെ മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. ഷരിയത്പൂര് ഭാഗത്തുനിന്നും ധാക്കയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബോട്ട്.
ബംഗ്ലാദേശിലെ മുന്സിഗുംഗ് ജില്ലയില്‍ ഗൊസാറിയക്ക് സമീപം നദിയുടെ നടുവില്‍ ബോട്ട് മുങ്ങുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഓയില്‍ ടാങ്കര്‍ യാത്രാബോട്ടിലിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെയും ഫയര്ബ്രിഗേഡിന്റെയും സഹായത്തോടെ ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അന്‍പതുപേരെ രക്ഷപ്പെടുത്തിയെന്നും 19 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മേഘ്ന നദിയില്‍ 70 അടി താഴ്ചയിലാണ് യാത്രാബോട്ട് കിടക്കുന്നത്.
ധാക്കയിലേക്ക് പോവുകയായിരുന്ന എംവി മിടാലി എന്ന യാത്രാക്കപ്പലാണ് ആദ്യം അപകടസ്ഥലത്തെത്തിയതും യാത്രക്കാരെ രക്ഷപ്പെടുത്തിയതെന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: