ഏതാണ്ട് ഇരുപത് മാസം കഴിഞ്ഞാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരികയാണ്. ഓരോ ഭരണകൂടത്തിന്റെയും കാര്യപദ്ധതിയും നടപ്പാക്കലും തമ്മിലുള്ള ബന്ധവും രീതിയും കണ്ടാല്‍ത്തന്നെ അറിയാം വീണ്ടും അവര്‍തന്നെ ഭരണത്തില്‍ വരുമോയെന്ന്. ഫൈനലിനു മുമ്പെ സെമിഫൈനല്‍ പതിവുണ്ട്. ഈയടുത്ത് അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് അത്തരമൊരു സെമിഫൈനലായിരുന്നു. അടുത്ത പ്രധാനമന്ത്രിയെ വരെ നിശ്ചയിച്ചുറപ്പിച്ചുകൊണ്ടുള്ള ആ സെമിഫൈനലില്‍ പക്ഷേ, നില്‍ക്കള്ളിയില്ലാതായ സ്ഥിതിയാണ് ഭരണകക്ഷിക്കുണ്ടായത്. വേണ്ടത്ര ഗോളടിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല കൊട്ടക്കണക്കിന് ഗോള്‍ വഴങ്ങി നാണംകെടുകയും ചെയ്തു.
ഏതായാലും അടുത്ത ഊഴത്തിനുള്ള എളുപ്പവഴികള്‍ ഏതൊക്കെയെന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ എഴുത്താശാന്മാര് ചിലതൊക്കെ മനസ്സിലുറപ്പിച്ചിട്ടുണ്ട്. അതിന്റെ പകര്‍പ്പാണ് കഴിഞ്ഞദിവസം ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതി നടത്തിയ പ്രസംഗം. നേരത്തെ ഇതേപോലെ നടത്തിയ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ ഏതൊക്കെ കാര്യങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തിയെന്നതിനെക്കുറിച്ച് പക്ഷേ, രാഷ്ട്രപതി സുന്ദരമായ മൗനം പാലിച്ചു. വാസ്തവത്തില്‍ അത് രാഷ്ട്രപതിയുടെ പ്രശ്നമല്ല. പ്രസംഗം എഴുതിക്കൊടുത്തവര്‍ ആവേശത്തിന്റെ പുറത്ത് അതൊക്കെ മറന്നുപോയി എന്നുവേണം പറയാന്‍.
പതിവുപോലെ, വോട്ടുകിട്ടാനുള്ള എളുപ്പമാര്‍ഗം ചില വിഭാഗങ്ങളെ പ്രലോഭിപ്പിക്കുക എന്നതുതന്നെയാണ്. ഇത്തവണയും അത് വേണ്ടുവോളമുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍പ്പെടുത്തി മുസ്ലിങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും 45 ശതമാനം ഉപസംവരണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത ഇരുപത് മാസത്തിനുള്ളില്‍ ഇപ്പറഞ്ഞ കാര്യത്തില്‍ ഒരു പുല്‍ക്കൊടി നീക്കം പോലും നടത്താന്‍ കഴിയില്ലെന്ന് ഭരണകൂടത്തിനറിയാം. അതേസമയം ഈ തുരുപ്പുചീട്ട് ഉപയോഗിച്ച് മുസ്ലീംവോട്ടുകള്‍ കഴിയുന്നത്ര പെട്ടിയിലാക്കുക എന്നതുതന്നെയാണ് ലക്ഷ്യം.ഇന്ത്യാ മഹാരാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ചുവെന്ന ഖ്യാതി നിലനിര്‍ത്താന്‍ കഴിയുന്നതൊക്കെ ചെയ്യുന്ന കോണ്‍ഗ്രസ്, എന്തുകൊണ്ട് മുസ്ലീം ജനസാമാന്യം ഇപ്പോഴും വേണ്ടത്ര മുന്നോട്ട് പോയില്ല എന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കടന്നുകൂടാനുള്ള ചെപ്പടിവിദ്യകള്‍ ഒന്നൊന്നായി രേഖപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ളൂ. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പിനുശേഷമുള്ള സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം ശബ്ദായമാനമാകാതിരിക്കാനും തടസ്സപ്പെടാതിരിക്കാനുമുള്ള കുറുക്കുവഴികളും പ്രസംഗത്തിലുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ദൃഢതയുണ്ടാകാന്‍ വേണ്ടകാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു. പരസ്പര ധാരണയിലൂടെ മുന്നോട്ടുപോകാന്‍ വിട്ടുവീഴ്ചാ മനോഭാവം ആവശ്യമാണെന്ന സൂചനയും അതിലുണ്ട്. പാക്കിസ്ഥാന് അവരുടെ ഒത്താശക്കാരുമായി ചേര്‍ന്നു നടത്തുന്ന ദേശദ്രോഹ നടപടികള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് അത്തരക്കാരുമായി ചങ്ങാത്തം കൂടാന്‍ വഴിവിട്ടും പെരുമാറണമെന്ന വാദം ബഹുഭൂരിപക്ഷം പേര്‍ക്കും അത്രപെട്ടെന്ന് ദഹിക്കുമോ എന്ന് കണ്ടറിയണം.
പ്രതിപക്ഷകക്ഷികളുടെ ശക്തമായ ഇടപെടല്‍ സഭയില്‍ കോളിളക്കമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും രാഷ്ട്രപതി വാചാലയാകുന്നുണ്ട്. അത്തരമൊരുസാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നുവെച്ചാല്‍ സംസ്ഥാനങ്ങളില്‍ തോറ്റു തുന്നം പാടിയവര്‍ പാര്‍ലമെന്റില്‍ എന്ത് അഭ്യാസം കാട്ടിയാലും മിണ്ടാതിരിക്കണമെന്ന്. ഇതൊന്നുകൂടി വിശകലനം ചെയ്താല്‍ അടിയന്തരാവസ്ഥയുടെ നിഴല്‍ അടിയില്‍ തെളിഞ്ഞു വരുന്നത് കാണാം.കോടീശ്വരന്മാര് വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടികളുടെ കള്ളപ്പണം വീണ്ടെടുക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം രാഷ്ട്രപതി നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സികളെ നിയമിച്ചിട്ടുണ്ട് എന്നിങ്ങനെ ഒഴുക്കന്മട്ടില് പറഞ്ഞു പോവുകയേ ചെയ്തിട്ടുള്ളു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ എന്ത് നടപടിയെടുത്തു എന്നു പറയാനോ ഏതൊക്കെ കൊമ്പന്മാരാണ് ഇമ്മാതിരി ഏര്‍പ്പാടുമായി നടക്കുന്നതെന്നതിനെക്കുറിച്ച് സൂചന നല്‍കാനോ രാഷ്ട്രപതി തയ്യാറായിട്ടില്ല. അത്തരം വിവരങ്ങള്‍ പുറത്തുവന്നാല്‍ ഒരുപക്ഷേ, 2014ലെ തെരഞ്ഞെടുപ്പുവരെ പോലും നിലവിലുള്ള സര്‍ക്കാര്‍ ഉണ്ടാവാനും തരമില്ല എന്നതു തന്നെ കാരണം.
ഒരര്‍ഥത്തില്‍ സര്‍ക്കാറിന്റെ ഒരു ലിസ്റ്റ് അങ്ങനെ തന്നെ വായിക്കാനുള്ള ദുര്യോഗമാണ് പ്രതിഭാപാട്ടീലിനുണ്ടായതെന്ന് പറഞ്ഞാല്‍പോലും അധികമാവില്ല. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ഇത്തരമൊരുകാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെ വിദഗ്ധമായി ഒഴിഞ്ഞുനില്ക്കാമെന്നതിന്റെ വ്യക്തമായ ഒരു മുഖമാണ് രാഷ്ട്രപതിയുടെ പ്രസംഗം. എങ്ങനെയെങ്കിലും ബജറ്റ് സമ്മേളനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോവണമെന്ന ലക്ഷ്യം മാത്രമേ രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ളൂ. രാജ്യത്തെ ഫെഡറല്‍ സംവിധാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ, കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാറുകളോടുള്ള സമീപനത്തെക്കുറിച്ചോ പ്രസംഗത്തില്‍ പരാമര്‍ശമില്ല. ഇന്ത്യന്‍ ജനതയ്ക്ക് നിരാശ സമ്മാനിക്കാന്‍ മാത്രമുള്ള ഒരു ബജറ്റ് പ്രസംഗമായി ഇതിനെ കാണുന്നതിനൊപ്പം ദുര്‍ബല ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള സംവരണത്തില്‍ പോലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരിക്കുന്നു എന്ന വശവും ശ്രദ്ധിക്കണം.
ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗം വെറും മൈതാനപ്രസംഗമാവുന്നത് ഖേദകരമാണ്. രാജ്യത്തിന്റെ ശക്തിയും സൗന്ദര്യവും അവിടത്തെ ജനതയുടെ ആത്മവിശ്വാസവും അഭിമാനവും തുടിച്ചുയരുന്ന വസ്തുനിഷ്ഠമായ വിവരണങ്ങളുടെ സംഘാതമായിരിക്കണം അത്. എങ്കില്‍ മാത്രമെ കരുത്തുള്ള ഒരു ഭരണകൂടത്തിന്റെ തണലിലാണ് തങ്ങള്‍ കഴിയുന്നതെന്ന് അവര്‍ക്ക് ആശ്വസിക്കാനാവൂ. സംസ്ഥാനങ്ങളില്‍ നിന്ന് മുഖമടച്ച് അടികിട്ടിയിട്ടും കോണ്‍ഗ്രസിന്റെ എഴുത്താശാന്മാര്ക്ക് അത് മനസ്സിലായിട്ടില്ലെങ്കില് 2014ല്‍ അതിന് അവസരം ലഭിക്കുമെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: