ഇസ്ലാമാബാദ്: പാക് സൈന്യത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് രാഷ്ട്രീയക്കാരെ സ്വാധീനിക്കാന്‍ സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന 16 വര്‍ഷം മുമ്പുള്ള കേസില്‍ പുനരന്വേഷണം ആരംഭിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് കണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് അശുഭസൂചനകള്‍ നല്കി സുപ്രീംകോടതി നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
കാണാതായ നൂറുകണക്കിന് പാക്കിസ്ഥാനികളെക്കുറിച്ച് വിവരം നല്‍കണമെന്ന് സൈനികോദ്യോഗസ്ഥരോടും ചാരസംഘടനകളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈന്യത്തിനും സര്‍ക്കാരിനും കോടതിക്കുമിടയില്‍ ഏറ്റുമുട്ടലിന് പുതിയ സംഭവവികാസങ്ങള്‍ വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1990 ലെ പൊതുതെരഞ്ഞെടുപ്പില്‍ പിപിപി പാര്‍ട്ടി അധികാരത്തിലേറുന്നതിന് സൈന്യം പണം ചെലവഴിച്ചെന്ന കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുന്‍ എയര്‍വൈസ് മാര്‍ഷല്‍ അസ്ഗര്‍ഖാന്‍ ആറുവര്‍ഷങ്ങള്‍ക്കുശേഷം സമര്‍പ്പിച്ച പരാതിയിന്മേലാണ് പുനരന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ’90 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിപിപി പരാജയപ്പെട്ടിരുന്നു. ഈ കേസിന്മേലുള്ള വാദം കേള്‍ക്കല്‍ കഴിഞ്ഞ മാസം മുതല്‍ കോടതി ആരംഭിച്ചിട്ടുണ്ട്.
മുന്‍പ്രധാനമന്ത്രി നവാസ് ഷെറീഫടക്കം രാഷ്ട്രീയകളത്തില്‍ ഇപ്പോഴുള്ളവരിലെ പല പ്രമുഖരും ഇത്തരത്തില്‍ ഫണ്ടുകള്‍ കൈപ്പറ്റിയിട്ടുള്ളതിന് തെളിവുകളുണ്ട്. കറാച്ചിയിലെ വ്യവസായികളില്‍നിന്നും പണം ശേഖരിച്ച് പിപിപിയെ പ്രതിരോധിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ പണം വിതരണം ചെയ്യാന്‍ അന്നത്തെ ആര്‍മി ചീഫ് ജനറല്‍ അസ്ലം ബെഗ് ആവശ്യപ്പെട്ടിരുന്നതായി മുന്‍ ഐഎസ്ഐ ചീഫ് ലഫ്.ജനറല്‍ ആസാദ് ദുരാനി വെള്ളിയാഴ്ച കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: