പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിലാണ് പുരാതനമായ മണ്ണടി ഭദ്രകാളീക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം മണ്ണടി പഴയകാവ് എന്നാണ് അറിയപ്പെടുന്നത്. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞതുകണ്ടപ്പോള്‍ ആ ഭാഗത്ത് മണ്ണുവാരി അടിച്ചു. അതോടെ ഈ സ്ഥലത്തിന് മണ്ണടിയെന്ന് പേരുണ്ടായി. ഒരുകാലത്ത് തിരുവിതാംകൂറില്‍ കാമ്പിത്താന് എന്ന വെളിച്ചപ്പാടിലൂടെ അറിയപ്പെട്ടിരുന്ന ക്ഷേത്രം. ഒരുനേരം മാത്രം പൂജയുള്ള അപൂര്‍വ ക്ഷേത്രവുമാണിത്. വേലുത്തമ്പിദളവയുടെ ജീവിതാന്ത്യത്തിലൂടെ പ്രസിദ്ധമായ മണ്ണടി.
ക്ഷേത്രവും പറമ്പും അതിനോട് ചേര്‍ന്ന കാവും എല്ലാം ഗതകാല സ്മൃതിയുണര്‍ത്തുന്നവ. പുരാതനമായ കാവിനോട് ചേരന്ന് ഭദ്രകാളിക്ഷേത്രം. ക്ഷേത്രത്തിന് മുകള്ഭാഗം അടയ്ക്കാത്ത വിധമാണ്. പ്രധാനദേവി ഭദ്രകാളി – സ്വയംഭൂവാണ്. കിഴക്കോട്ട് ദര്‍ശനം. ശ്രീകോവിലിന് മുമ്പില്‍ പാട്ടമ്പലമുണ്ട്. അറയുടെ ആകൃതിയിലുള്ള പാട്ടമ്പലത്തില്‍ വച്ചാണ് കളമെഴുത്തും പാട്ടും. പാട്ടമ്പലത്തിന് മുന്നില്‍ പൂപ്പടകൊട്ടില്‍. കാവിനോട് ചേര്‍ന്ന മതില്ക്കെട്ടുകളില് കൊത്തുപണികള്‍. ക്ഷേത്രമുറ്റത്തും പുറത്തുമായി നാല് കല്‍വിളക്കുകള്‍. ഇവിടെ എത്തുന്ന ആരുടേയും ശ്രദ്ധ ഒറ്റനോട്ടത്തില്‍ തന്നെ പതിക്കുമാറ് അത്രയ്ക്ക് മനോഹരമായ ഒറ്റക്കല്‍ വിളക്കുകളാണവ. ഇവിടെ കമ്പിത്താനെ കൂടാതെ ഇലഞ്ഞിമൂട്ടില്‍ യക്ഷിയമ്മയും നാഗരാജാവ്, നാഗയക്ഷി, കുഞ്ഞുനങ്ങേലിയും ചന്ദനമൂട്ടില്‍ അറുകൊലയും കൂടാതെ കിഴക്കുഭാഗത്ത് ഗമപതിക്ഷേത്രവുമുണ്ട്. ഇതിന് വടക്കുഭാഗത്താണ് മണ്ണടിവടക്കേക്കാവ് ദേവീക്ഷേത്രം.
ക്ഷേത്രത്തില്‍ ഒരു നേരമേ പൂജയുള്ളൂ. പണ്ടുമുതലേ പഴവും മലരും സന്നിധാനത്തില്‍ വച്ചശേഷം കുറെ കഴിഞ്ഞ് എടുത്തുകൊണ്ടുപോകും. അങ്ങനെ സ്വയം നേദിക്കുന്ന രീതിയാണ്. ഉത്സവകാലത്തുമാത്രം വച്ച് നേദ്യം. പുത്രസൗഭാഗ്യമുണ്ടാകാന്‍ ഉച്ചബലി വഴിപാടുണ്ട്.
കുംഭമാസത്തിലാണ് ഉത്സവം. ഗണിച്ചെടുത്താണ് ഉത്സവതീയതി നിശ്ചയിക്കുന്നത്. തിരുമുടി എഴുന്നെള്ളത്താണ് പ്രധാന ചടങ്ങ്. ഉത്സവബലിയുടെ പത്തുദിവസം മുന്‍പേ കൊടിയേറുമായിരുന്നു ആദ്യകാലത്തെ ഉത്സവം. പിന്നീട് മുടിയെഴുന്നെള്ളിച്ചുള്ള ഊരുവലത്തും. അന്ന് ഇളയപണിക്കരും മൂത്തപണിക്കരും കൂടി യുദ്ധം അഭിനയിച്ചിരുന്നു. അതിനുശേഷം മുടി പണിക്കരുടെ വീട്ടിലേക്ക് എഴുന്നെള്ളിക്കുന്നതോടെ ഉച്ചബലിയുടെ ചടങ്ങ് അവസാനിക്കും.
മണ്ണടി ക്ഷേത്രത്തിന് കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തില്‍ വച്ചാണ് വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത്. വേലുത്തമ്പിയെ വധിക്കാന്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഈ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പി കാമ്പിത്താനെ കാണാനാണ് മണ്ണടിയിലേക്ക് വന്നതെന്ന് കരുതുന്നു. മണ്ണടിയിലെത്തുന്ന ഭക്തരും തീര്‍ത്ഥാടകരും മടങ്ങുന്നതിന് മുന്‍പ് ആ സ്മാരകവും സന്ദര്‍ശിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: