ആലുവ: ആലുവ പോഞ്ഞാശ്ശേരിയില്‍ വിജനമായ ഒഴിഞ്ഞ പറമ്പില്‍നിന്ന് 462 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സ്പിരിറ്റ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി ഇവിടെ സ്പിരിറ്റ് ശേഖരിച്ചതായാണ് പ്രാഥമിക നിഗമനം. രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്. 22 ലിറ്ററിന്റെ 21 കന്നാസുകളാണ് ഉണ്ടായിരുന്നത്.
സ്പിരിറ്റ് കണ്ടെത്തിയ ഏഴേക്കറോളം വരുന്ന സ്ഥലം മണ്ണെടുപ്പ് നടത്തിയതാണ്. ഇവിടെ നമ്പറിടാത്ത ഒരു പഴയ കെട്ടിടം മാത്രമാണുള്ളത്. സമീപത്തെ ചെറിയ കുറ്റിക്കാട്ടിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. രാത്രികാലങ്ങളില്‍ കാറുകളും ഓട്ടോറിക്ഷകളും ഇവിടെ വന്നുപോയിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതാണ് ചില്ലറ വില്‍പ്പനയെന്ന് സംശയത്തിനിടയാക്കിയത്. എന്നാല്‍ ഈ സ്ഥലം ആരുടേതാണെന്ന് സമീപവാസികള്‍ക്കുപോലും അറിയില്ല.
കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് അറിയിച്ചു. ആലുവ റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഡി.സതീശന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഹരിഹരന്, ആര്.സന്തോഷ് കുമാര്‍, ഗാര്‍ഡ്മാരായ കെ.രാജ്കുമാര്, ഫ്രാന്‍സീസ്, രാഗേഷ്, ഇന്‍മേഷ്, മാനുവല്‍, ബിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: