കൊച്ചി: ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്ക് സാരഥ്യം വഹിക്കുന്ന വനിതകളെ ഒരേ വേദിയില്‍ അണിനിരത്തി കുടുംബശ്രീയുടെ വനിതാ ദിനാഘോഷം. അതിഥികളെ സ്വീകരിക്കാന്‍ വനിതകളുടെ ശിങ്കാരിമേളം. ചിത്രമെടുക്കാന്‍ വനിതാ ഫോട്ടോഗ്രാഫര്‍. എഡിഎമ്മും ജില്ലാ പ്ലാനിങ് ഓഫീസറും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുമടക്കമുള്ള വകുപ്പ് സാരഥികളുടെ ഭരണമികവിന് ജില്ലാ കളക്ടറുടെ സാക്ഷ്യപത്രം. കളക്ടറുടെ ഓരോ വാക്കും കയ്യടിയോടെയാണ് നിറഞ്ഞ സദസ് എതിരേറ്റത്.
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലും ഉന്നതശ്രേണിയിലുമെത്താന് വനിതകള്‍ പ്രാപ്തരാകണം. പ്രശ്നങ്ങളില്‍ വനിതകള്‍ക്ക് പിന്തുണ നല്കാന് കുടുംബത്തിനും സമൂഹത്തിനും കഴിയണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ശാരീരികമായി പുരുഷന് മേല്‍ക്കോയ്മയുണ്ടെങ്കിലും മാനസികമായ കരുത്ത് സ്ത്രീകള്‍ക്കാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ.കെ. സുജാത അഭിപ്രായപ്പെട്ടു. സ്ത്രീകളെ ബഹുമാനിച്ചിരുന്ന ഭാരതീയ സംസ്കാരത്തിന് കാലത്തിന്റെ കുത്തൊഴുക്കില്‍ മാറ്റം വന്നിരിക്കുന്നു. വീട്ടില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്നതാണ് സ്ഥിതി. മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന അരാജകത്വത്തിനും അതിക്രമത്തിനും ഇരയാകുന്നത് സ്ത്രീസമൂഹമാണെന്ന് എഡിഎം പറഞ്ഞു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ലത, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ സുന്ദരി, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ബീന, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശാദേവി വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: