ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ പുനരന്വേഷിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാര്‍ച്ച് 21 ന് സമര്‍പ്പിക്കുവാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത വിചാരണയില്‍ സര്‍ദാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗിലാനിയോട് കോടതി പറഞ്ഞു.
ജസ്റ്റിസ് നസീര്‍-ഉള്-മുള്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗിലാനിക്കെതിരായുള്ള കോടതിയലക്ഷ്യക്കേസിന്റെ നടപടി ക്രമങ്ങള്‍ നടക്കുന്നതിനാല്‍ സര്‍ദാരിക്കെതിരായ കേസ് പുനരന്വേഷിക്കാന്‍ കോടതിക്ക് കഴിയാതെ വന്നുവെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഗിലാനിക്കെതിരായിട്ടുള്ള കേസ് 21 നാണ് ഇനി പരിഗണിക്കുന്നത്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും കോടതി പറഞ്ഞിട്ടുണ്ട്. സര്‍ദാരിക്കെതിരായുള്ള കേസിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 21 ന് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവെന്നും എന്നാല്‍ ഗിലാനി ഒരു പ്രസ്താവന സമര്‍പ്പിക്കില്ലെന്നും മറിച്ച് അന്ന് ചില വാദപ്രതിവാദങ്ങള്‍ വരുമെന്നും അത് പ്രസ്താവനയായി മാറുമെന്നും ഏറ്റവും അവസാനത്തെ വാദമായിരിക്കും അന്ന് വരാന്‍ പോകുന്നതെന്നും ഗിലാനിയുടെ അഭിഭാഷകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്ദാരിക്കെതിരായിട്ടുള്ള കേസുകള്‍ പുനരന്വേഷിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുന്നത് 2009 ഡിസംബറിലാണ്. സര്‍ദാരിയെ കൂടാതെ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരേയും അഴിമതിക്കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: