തൃപ്പൂണിത്തുറ: തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന് കൊച്ചി മഹാരാജാവ് വിലക്ക് കല്‍പ്പിച്ചതോടെ രണ്ട് ക്ഷേത്രങ്ങളില്‍ മുടങ്ങിപ്പോയ പൗരാണികമായ ആചാരാനുഷ്ഠാനങ്ങള്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെടുന്നു.
ചോറ്റാനിക്കര ഭഗവതിക്ഷേത്രവും മാമല മുരിയമംഗലം ശ്രീനരസിംഹസ്വാമി ക്ഷേത്രവും തമ്മിലുള്ള ആചാരാനുഷ്ഠാനങ്ങളാണ് 9 ന് രാവിലെ ഉത്സവാഘാഷങ്ങളോടെ പുനരാരംഭിക്കുന്നത്. ചേറ്റാനിക്കര ഭഗവതിയും അകമ്പടിയായി ശാസ്താവും എഴുന്നള്ളിച്ചെത്തി മുരിയമംഗലത്തെ ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടത്തുന്ന ആചാരമാണ് 76 കൊല്ലങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയത് ഇപ്പോള്‍ വീണ്ടും തുടങ്ങുന്നത്.
1936 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ അതൊരു മഹാസംഭവമായിരുന്നു. എന്നാല്‍ കൊച്ചി മഹാരാജാവാകട്ടെ ഈ വിളംബരത്തിനെ വകവെച്ചില്ല. ഇതോടെ ചോറ്റാനിക്കര ക്ഷേത്രവും മുരിയമംഗലം ക്ഷേത്രവും തമ്മിലുള്ള ആചാരാനുഷ്ഠാനങ്ങളും മുടങ്ങി. ചോറ്റാനിക്കര ക്ഷേത്രം കൊച്ചി രാജ്യത്തും മുരിയമംഗലം ക്ഷേത്രം തിരുവിതാംകൂറിലുമായിരുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിലെ ഉത്രം നാള് ആറാട്ട് ചോറ്റാനിക്കരയിലാണ് കഴിഞ്ഞ 76 കൊല്ലമായി നടത്തിവരുന്നത്. വെള്ളിയാഴ്ച വടക്കോട്ട് ആറാട്ടിന് എഴുന്നള്ളിച്ച് മുരിയമംഗലത്തെത്തി ആറാട്ട് നടത്തും. തുടര്‍ന്ന് എതിരേല്പ്പും കൂട്ടി എഴുന്നള്ളിപ്പും മുരിയമംഗലം ക്ഷേത്രത്തില്‍ നടക്കും.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഡിസംബറില്‍ നടത്തിയ അഷ്ടമംഗലപ്രശ്ന വിധിയുടെ പരിഹാരമെന്ന നിലയില്‍കൂടിയാണ് ഇപ്പോള്‍ മുരിയമംഗലം ക്ഷേത്രത്തിലേക്ക് ചോറ്റാനിക്കര ഭഗവതിയുടെയും ശാസ്താവിന്റെയും ആറാട്ട് മാറ്റുന്നതെന്ന് മുരിയമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് എം.എ. ജയകുമാര്‍, സെക്രട്ടറി സുരേഷ് നമ്പ്യാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: