കണ്ണൂരില്‍, പോലീസ് ഒരു മതവിഭാഗത്തോട് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചും അതില്‍ പ്രതിഷേധിച്ചും ചിലര്‍ ഒരു പത്രസമ്മേളനം നടത്തിയിരിക്കുന്നു. അതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുകയും അവരുടെ ന്യായീകരണങ്ങള്‍ കേള്‍ക്കുകയും ചെയ്തു. അതിന് കാരണമായ സംഭവം അങ്ങേയറ്റം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമായിപ്പോയി. ഒഴിവാക്കാമായിരുന്നു അത്.
ആ മരണം, അഥവാ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം എന്നതാണ് അവരുടെ മുഖ്യ ആവശ്യം. അതിന് സ. ജയരാജന് യുക്തമായ ഒരു മറുപടി പറയുന്നതും കേട്ടു. ‘അതിന് മുമ്പ് മാറാട് കൂട്ടക്കൊലയെക്കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കേണ്ടത്.’
യാതൊരു പ്രകോപനവുമില്ലാതെ, എത്രയും ആസൂത്രിതമായി കടപ്പുറത്തിരുന്ന കുറേ നിരപരാധികളെ ഇരുട്ടിന്റെ മറവില്‍ അരിഞ്ഞുതള്ളിയ സംഭവം കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല. ദാരുണമായി കൊല്ലപ്പെട്ടവരൊന്നും മനുഷ്യരല്ലേ? അവര്‍ക്ക് ഒരു അവകാശവുമില്ലേ? എന്തിനായിരുന്നു ആ അരുംകൊല ചെയ്തത്? കടപ്പുറം മൊത്തമായി കയ്യടക്കാനോ? എന്നിട്ട് ആയുധങ്ങളൊക്കെ എവിടെ ഒളിപ്പിച്ചു?
അടച്ചിട്ട ആരാധനാലയം നിര്‍ബ്ബന്ധമായി തുറപ്പിച്ച് അതിനകത്തിരുന്ന് പ്രാര്‍ത്ഥിച്ചത് ആരാണ്? എന്തായിരുന്നു ആ പ്രാര്‍ത്ഥനയുടെ സ്വഭാവം?
പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ആ വിദ്യ എന്തിന് വേണ്ടിയായിരുന്നു. ആസൂത്രിതമായ ഒരു ഉന്മൂലന ശ്രമമായിരുന്നില്ലേ അത്? അത് എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ആരൊക്കെയാണ് പ്രതികള്‍ എന്ന് അതില്‍ അക്കമിട്ടു പറയുന്നുമുണ്ട്. അതൊക്കെയല്ലേ എന്‍ഐഎ ആദ്യം അന്വേഷിക്കേണ്ടത്? അതോ മറ്റു മതവിഭാഗങ്ങള്‍ക്ക് അന്വേഷണവും നീതിയും ന്യായവുമൊന്നും വേണ്ട എന്നാണോ?
അതു സിബിഐ അന്വേഷിക്കണ്ട. വിജിലന്‍സ് വേണ്ട. ക്രൈംബ്രാഞ്ച് വേണ്ട. ലോക്കല്‍ പോലീസുപോലും വേണ്ട. എട്ടുപത്തുപേര്‍ ചത്തൊടുങ്ങിയാലെന്ത്? അവര്‍ നിസ്സഹായരായ മറ്റ് മതക്കാരല്ലേ? അതിനെന്തിന് അന്വേഷണം? അന്വേഷണത്തിനെതിരെ ആസൂത്രിതമായി ചെറുത്തുനിന്നതാരൊക്കെ? അവിടെയെങ്ങും കാണാത്ത പക്ഷപാതം ഇവിടെ മാത്രം എങ്ങനെ വന്നു. സ്വന്തം കാര്യം ആയതുകൊണ്ടോ?
അതിനെത്തുടര്‍ന്ന് ചോദ്യങ്ങള്‍ ഒന്നൊന്നായി പലേടത്തുനിന്നും ഉയര്‍ന്നുകേള്‍ക്കുകയുണ്ടായി. വിമാനത്താവളത്തിലെ കൊടികെട്ട് മുതല്‍ മൂവാറ്റുപുഴയിലെ കൈവെട്ടുവരെ. സൈനിക വേഷത്തിലുള്ള പരേഡിനെതിരെ താക്കീതുനല്‍കിയിട്ടും വീണ്ടും ധിക്കാരപൂര്‍വ്വം ആവര്‍ത്തിച്ചതുവരെ. രാജ്യരക്ഷയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ഒരാളിന്റെ 268 മെയില്‍ ഐഡികളില്‍ നിന്ന് ബുദ്ധിപൂര്‍വ്വം അരിച്ചുപെറുക്കി 258 ആക്കി അത് മുസ്ലീം വേട്ടയായി ഒരു വാരിക ചിത്രീകരിച്ചതുവരെ! അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യാവകാശലംഘനവും ആക്കിയെടുത്തതുവരെ! പെരുമ്പാവൂരും കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമൊക്കെ വേറെ. സദാചാര പോലീസിന്റെ ഭരണം വേറെ. തല്ലിക്കൊല വേറെ. ഇതൊന്നും എന്‍ഐഎ അന്വേഷിക്കണ്ട, തങ്ങളുടെ ഇപ്പോഴത്തെ ഈയൊരുകാര്യം മാത്രം അത്യാവശ്യമായി അന്വേഷിക്കണം എന്നാണോ?
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തിലാണല്ലോ ഇന്ന് ഈ അവസ്ഥ വന്നുപെട്ടിരിക്കുന്നത്! അവനവന് ചെയ്യുന്നതെന്തും ശരി, അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല, ഞങ്ങളൊക്കെ എന്നോ നിയമത്തിന് അതീതരായിക്കഴിഞ്ഞിരിക്കുന്നു എന്ന് ഇവിടെ ഓരോ മതക്കാരും ചേരിതിരിഞ്ഞ് അവകാശവാദം മുഴക്കുവാന്‍ തുടങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും? ഓരോരുത്തര്‍ക്കും അവനവന്റെ മതനിയമങ്ങള്‍ മതിയെങ്കില്‍, നമുക്ക് എന്തിനാണ് ഒരു ഗവണ്മെന്റ്?
കുറ്റം ആരുചെയ്താലും മതം നോക്കാതെയും വോട്ടുബാങ്ക് ലഹരിക്ക് അടിമയാകാതെയും കഠിനശിക്ഷ ഉറപ്പുവരുത്തണം. അതിന് ഇച്ഛാശക്തിയുള്ള ഭരണകൂടം വേണം. അവിടെ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ ഉള്ള പരിഗണന പാടില്ല. പാര്‍ലമെന്റാക്രമണത്തില്‍ ഒരല്പം പിഴച്ചിരുന്നെങ്കില്‍ നമുക്ക് ഇന്ന് ആ പാര്‍ലമെന്റ് തന്നെ അവിടെ ഉണ്ടാവുമായിരുന്നോ?
ഇതിനിടയ്ക്കാണ് ചിലര്‍ മനുഷ്യാവകാശത്തിനും സ്വകാര്യതയ്ക്കും വേണ്ടി ഘോരഘോരം വാദിക്കുന്നത്! ഒരു രാജ്യം മുഴുവന്‍ സ്ഫോടനം കൊണ്ട് ഭസ്മമാക്കിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ഏത് മനുഷ്യനാണ് അവശേഷിക്കുക? ഇല്ലാത്ത മനുഷ്യന് എന്തവകാശം? എന്ത് സ്വകാര്യത? അതുകൊണ്ട് ആദ്യം നാട് നിലനിര്‍ത്തുക. അവിടെ മനുഷ്യരെല്ലാപേരും ഏകോദര സഹോദരങ്ങളെപ്പോലെ ശാന്തിയോടും സമാധാനത്തോടും ജീവിക്കട്ടെ. നാരായണഗുരുദേവന്‍ പറഞ്ഞതുപോലെ, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതത്രേ നീതിശാസ്ത്രത്തിന്റെ തത്ത്വം. പക്ഷേ, ഈ തത്ത്വം നമ്മെയൊക്കെ വേണ്ടതിലധികം ചതിക്കുകയായിരുന്നു. ആദ്യപകുതിയില്‍ പറയുന്നതിലപ്പുറം, ആയിരം കുറ്റവാളികളല്ല, അതിലധികവും ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോവുകയാണ്.
അമേരിക്കയില്‍ കുപ്രസിദ്ധമായ സപ്തംബര്‍ 11നുശേഷം വര്‍ഷം പത്തുകഴിഞ്ഞിട്ടും ഒരൊറ്റ ഭീകരാക്രമണവും ഉണ്ടായിട്ടില്ലെങ്കില്‍, അതിന് കാരണം അവര്‍ അക്കാര്യത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും ഗാഢവുമായ ശ്രദ്ധതന്നെയാണ്. ആര് ആരോട് എന്ത് സംസാരിക്കുന്നു എന്ന് അവര്‍ക്ക് ആ നിമിഷം അറിയാം. എന്തേ, അവിടെ സ്വകാര്യത വേണ്ടേ? മനുഷ്യാവകാശം വേണ്ടേ? വേണം. ഒക്കെ അവര്‍ മാനിക്കുന്നുണ്ട്. പക്ഷേ, അതിലെല്ലാമുപരി രാജ്യത്തിന്റെ നിലനില്‍പ്പും ഭദ്രതയും തന്നെയാണ് പരമപ്രധാനം.
തങ്ങളുടെ വിഭാഗം അങ്ങേയറ്റം അവഗണിക്കപ്പെടുന്നതായി ഉത്തരവാദിത്തപ്പെട്ട ഒരു എംപി ആലപ്പുഴയില്‍ മതസമ്മേളനത്തില്‍ പ്രസംഗിച്ചതായുള്ള റിപ്പോര്‍ട്ടും കണ്ടു. അവഗണിക്കപ്പെട്ടതുകൊണ്ടാണോ ഇദ്ദേഹം സ്ഥാനാര്‍ത്ഥിയാക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് എംപിയായത്? അര്‍ഹതയുള്ളത് കിട്ടുന്നില്ലത്രേ? അപ്പോള്‍, അര്‍ഹതയില്ലാത്തതാണോ അദ്ദേഹത്തിന് കിട്ടിയ സ്ഥാനം?
മാത്രമല്ല, കഴിഞ്ഞ കൊല്ലം മുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു പ്രത്യേക വിമാനം നിറയെ വിവിഐപികളെ പ്രവാസി കാര്യമന്ത്രാലയം പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ നല്കി അങ്ങോട്ടയക്കാനും തുടങ്ങിയിരിക്കുന്നു. അതില്‍ ഉള്‍പ്പെട്ട ഒരു മഹാന്‍കൂടിയാണ് മേല്‍പ്പറഞ്ഞ എംപി. അദ്ദേഹവും ആവലാതിപ്പെടുന്നു, തന്റെ സമുദായം അവഗണിക്കപ്പെടുന്നു എന്ന്. സമൃദ്ധമായ ഈ വിമാനസൗജന്യവും ചെലവും സുഖവാസവുമൊക്കെ കോടികളുടെ ചെലവുള്ള ഏര്‍പ്പാടുകളാണെന്ന് അദ്ദേഹത്തിനുമറിയാം. സ്വന്തം സമുദായത്തിന്റെ വകയായിരുന്നോ ആ ചെലവ് മുഴുവന്‍? കോടിക്കണക്കിന് രൂപയുടെ സബ്സിഡിക്ക് പുറമെ ഇപ്പോള്‍ തുടങ്ങിവച്ച ഈ അധികമായ ആനുകൂല്യവും അവഗണനയുടെ ഫലമാണോ? മറ്റേതെങ്കിലും ഒരു മതക്കാരുടെ പേരില്‍, തീര്‍ത്ഥയാത്രയുടെ പേരില്‍, ഉത്സവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരു പൈസയുടെ ആനുകൂല്യമെങ്കിലും നല്കുന്നുണ്ടോ? ഒരു മതേതര രാഷ്ട്രത്തില്‍ മതപരമായ ഈ വഴിവിട്ട പക്ഷപാതം പാടുണ്ടോ? അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
“കേരളത്തിലെ ഹവാല റാക്കറ്റുകള്‍ക്കിടയിലെ കിടമത്സരത്തെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചു തട്ടിയെടുക്കുന്ന കള്ളപ്പണം കേസ് രജിസ്റ്റര്‍ ചെയ്യാതെ റാക്കറ്റിന് തന്നെ തിരികെ നല്കി ‘ബ്ലൂറോക്സ്’ എന്ന ഗൂഢസംഘം വന്‍തുക കമ്മീഷന് വാങ്ങുന്നതായാണ് വിവരം.” (മനോരമ 9.2.2012)
‘കൊണ്ടോട്ടിയില്‍ വച്ച് 42 ലക്ഷം രൂപയുടെ ഹവാലപ്പണം തട്ടിയെടുക്കപ്പെട്ട സംഭവമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പ്രധാന കേസ്. കൊച്ചിക്കും മലപ്പുറത്തിനുമിടയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കോടിരൂപയുടെ കള്ളപ്പണം കടത്തുന്നുണ്ടെന്ന് അന്ന് പിടിയിലായ പ്രതി പോലീസിനോട് തുറന്നു സമ്മതിക്കുകയുണ്ടായി.’
-പിടിയിലായത് ഒരേയൊരു പ്രതി! അങ്ങനെ എത്രയോ പേര് ഒരിക്കലും പിടിയിലാകാതെ, എത്രയോ കാലമായി, എത്രയോ കോടികള്‍.
ആധികാരികമായി അന്വേഷണം നടത്തി മനോരമ പ്രസിദ്ധപ്പെടുത്തിയ ഈ കുഴല്‍പ്പണ പരമ്പരയെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? വാര്‍ത്തയുടെ ഒരു ഭാഗം ഇതാണ്. “സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിക്കുവേണ്ടി കേരളത്തിലെത്തിയ അഞ്ചുകോടിയരൂപയുടെ കള്ളപ്പണം രണ്ടാഴ്ച മുമ്പ് മധ്യകേരളത്തില ഒരു കൈമാറ്റ കേന്ദ്രത്തില്‍വച്ച് ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തിരുന്നു.”
ആരാണീ വ്യവസായി? ഈ കോടികളുടെ കള്ളപ്പണം എങ്ങോട്ടുപോകുന്നു? അത് എന്തിനൊക്കെ ഉപയോഗിക്കുന്നു? കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഒന്നുമില്ലാത്ത പലരും കോടീശ്വരന്മാരാകുന്നത് എങ്ങനെ? ഈ രാജ്യത്തെ മുഴുവന്‍ തങ്ങള്‍ വിലയ്ക്കുവാങ്ങിക്കളയും എന്ന് ഭീഷണിമുഴക്കുന്നത് ആരൊക്കെ? എത്രകാലമായി ഈ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയിട്ട്?
-ഇതൊക്കെ എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? ഒരു കണ്ടെയ്നര്‍ നിറയെ വന്ന കള്ളനോട്ടുകളുടെ കാര്യം, ആയുധങ്ങളുടെ കാര്യം, ഒക്കെ എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? 19.2.2012ലെ വാര്‍ത്ത ആറുകിലോ തങ്കവും 1.85 ലക്ഷം രൂപയുടെ കുഴല്‍പ്പണവും തൃശ്ശൂരില്‍ വെച്ച് പിടിച്ചെടുത്തത് സംബന്ധിച്ചാണ്.
-ഈശ്വരാ! എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക്!
നമ്മുടെ അയല്‍ രാജ്യം ഭംഗിയായി അച്ചടിച്ച് നമ്മുടെ നാടിനെയും സമ്പദ് വ്യവസ്ഥയെയും സാമൂഹ്യസന്തുലനത്തെയും സമാധാനജീവിതത്തെയും അട്ടിമറിക്കാന്‍ നിരന്തരമായി കള്ളനോട്ടുകള്‍ അയച്ചുകൊണ്ടേയിരിക്കുന്നു. 6.2.12ലെ മനോരമയില്‍ക്കണ്ട വാര്‍ത്ത ഇതാണ്. ‘പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്തുന്ന പാക് നയതന്ത്രജ്ഞരുടെ ബാഗേജ് പരിശോധിക്കാന്‍ നീക്കം.’
അവരുടെ നയതന്ത്രജ്ഞര്‍ പോലും നമ്മുടെ നാടിനുവേണ്ടി ചെയ്യുന്ന ‘സേവനം’ മനസ്സിലായില്ലേ? നയമില്ലാത്ത തന്ത്രജ്ഞര്‍ എന്തൊക്കെ ചെയ്യില്ല എന്ന കാര്യം കൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. വേണ്ടേ?
-ഇതും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
2.2.12ലെ മനോരമ വാര്‍ത്തകൂടി ശ്രദ്ധിക്കുക: “ഇറാഖില്‍ ഒറ്റദിവസം 17 കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കി. ഭീകരപ്രവര്‍ത്തനങ്ങളും മറ്റു കുറ്റകൃത്യങ്ങളും ചെയ്തതിന് ഇക്കൊല്ലം വധിച്ചവരുടെ എണ്ണം 51 ആയി.”
-കഷ്ടം! അവിടെയൊന്നും സ്വകാര്യതയില്ലേ? മനുഷ്യാവകാശമില്ലേ? സംഗതി ഇവിടെയാണെങ്കിലോ? അതും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? കഴിഞ്ഞ മൂന്നുനാലു ദിവസത്തെ പത്രങ്ങള്‍ മുന്നറിയിപ്പുതരുന്നു-‘ദല്‍ഹിയില്‍ ഭീകരന്മാര് വീണ്ടും വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നു!’ അതും അന്വേഷിക്കണ്ടേ?
എസ് രമേശന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: