കണ്ണൂറ്: രാഷ്ട്രീയ അക്രമണങ്ങള്‍ക്കിടയില്‍ ജില്ലയിലുടനീളം വ്യാപകമായ രീതിയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ ൧൨ ബസ്സുകള്‍ വിവിധ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടെന്നും ഈ അക്രമസംഭവങ്ങളില്‍ ഒന്നില്‍പ്പോലും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കമ്പിലില്‍ ൭ ബസ്സുകള്‍ക്ക് നേരെ അക്രമം നടന്നതിന് ശേഷം ജില്ലയില്‍ സുഗമമായി ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാവിധ സാഹചര്യവും ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഞായറാഴ്ച അര്‍ദ്ധരാത്രി ഗാരേജില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകള്‍ക്ക് നേരെ കണ്ണാടിപ്പറമ്പ്, നാറാത്ത് ഭാഗത്ത് വീണ്ടും അക്രമം നടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം എഡിഎമ്മിണ്റ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംഘര്‍ഷത്തില്‍ പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. ഇവരെ കൂടി വിളിച്ച് യോഗം ചേരാന്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാലത് നടക്കുന്നതിന് മുമ്പെ വീണ്ടും അക്രമം നടന്നിരിക്കുകയാണ്. വളരെ ലാഘവത്തോടെയാണ് അധികൃതര്‍ ബസ്സുടമകളുടെ ജീവിതോപാധിയായ മുതലുകള്‍ നശിപ്പിക്കുന്നതിനെ കാണുന്നതെന്നും ഇവര്‍ പറഞ്ഞു. രാഷ്ട്രീയ-വര്‍ഗ്ഗീയ ചേരിതിരിവിണ്റ്റെ പേരില്‍ ബസ്സുടമകളെ ബലിയാടാക്കുകയാണ്. തകര്‍ക്കപ്പെട്ട ബസ്സുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ബസ്സുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന പുതിയ വിധി കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിച്ചപ്പോള്‍ അക്രമികള്‍ സ്വകാര്യ ബസ്സുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അന്യജില്ലയില്‍ നിന്നും വരുന്ന ബസ്സുകള്‍ കാലിക്കടവിലും മാഹിയിലും സര്‍വ്വീസ് അവസാനിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.വി.വത്സലന്‍, കെ.രാജ്കുമാര്, പി.കെ.നാരായണന് നായര്‍, വി.ജെ.സെബാസ്റ്റ്യന്‍, വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: