ബെയ്ജിംഗ്: ചൈനീസ് പ്രതിരോധ ബജറ്റില്‍ 11.2 ശതമാനം വര്‍ധനവ്. 106.41 ബില്യണ്‍ ഡോളറാണ് മൊത്തം നീക്കിയിരിപ്പ്. അതിര്‍ത്തിരാജ്യങ്ങളില്‍ ചിലത് അമേരിക്കയുമായി അടുക്കുന്നതും ഏഷ്യാ പസഫിക് മേഖലയിലെ അസ്വസ്ഥതകളുമാണ് പ്രതിരോധ ബജറ്റില്‍ വര്‍ധനവ് വരുത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്. മൊത്ത ആഭ്യന്തര ഉല്പാദനം പരിഗണിക്കുകയാണെങ്കില്‍ ബജറ്റിലെ നീക്കിയിരിപ്പ് കുറവാണെന്ന് ചൈനീസ് പാര്‍ലമെന്റ് വക്താവ് ലീ ഷാവോസിങ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷിതത്വവും പരമാധികാരവും അതിര്‍ത്തിസംരക്ഷണവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മറ്റ് രാജ്യങ്ങള്ക്ക്ഭീഷണി ഉയര്‍ത്തുക ലക്ഷ്യമല്ല.
ലോകത്തെ വന്‍ സാമ്പത്തികശക്തികളിലൊന്നായ ചൈനയുടെ പ്രതിരോധ ബജറ്റ് കഴിഞ്ഞ ഏതാനും ദശകങ്ങളായി രണ്ടക്കത്തില്‍ത്തന്നെ നില്‍ക്കുകയാണ്.
സമുദ്രാതിര്‍ത്തി ഉള്‍പ്പെടെ ചൈനയുടെ അതിര്‍ത്തി വളരെ വലുതാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയുടെ പ്രതിരോധച്ചെലവ് കുറവാണെന്ന് ചൈനീസ് വക്താവ് പറഞ്ഞു. 2.3 മില്യണ്‍ ട്രൂപ്പുകളുള്ള ചൈനീസ് സൈന്യം ലോകത്തിലെതന്നെ ഏറ്റവും വലുതാണ്.ചൈനയുടെ പ്രതിരോധ നയം വളരെ രഹസ്യസ്വഭാവമുള്ളതുമാണ്. ചൈനയുടെ മിലിട്ടറി ശക്തിയെ അമേരിക്കയെയും ഏഷ്യന്‍ മേഖലയെയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യവും പ്രതിരോധ ബജറ്റിലുണ്ട്.
ചൈനീസ് യൂണിവേഴ്സിറ്റിയിലെ വില്ലി ലാം പറഞ്ഞത് മിക്ക രാജ്യങ്ങളുടെയും പ്രതിരോധച്ചെലവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിലുമേറെയാണ്. മിലിട്ടറിയെ ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടാള ഉദ്യോഗസ്ഥരുടെ ശമ്പളവും നിലവിലുള്ള യുദ്ധോപകരണങ്ങളുടെ നവീകരണവുമാണ് ബജറ്റില്‍. പുതിയ ആയുധങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനോ വികസിപ്പിക്കുന്നതിനോ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ല.
അമേരിക്കയുമായി ബന്ധം വയ്ക്കുന്ന രാജ്യങ്ങള്‍ അവരുടെ പ്രതിരോധ ബജറ്റില്‍ വര്‍ധനവ് വരുത്തുന്നതിന് ചൈനീസ് ബജറ്റ് കാരണമാകുമെന്ന് തായ്വാനിലെ വിദഗ്ധനായ ആര്‍തര്‍ ഡിംഗ് പറഞ്ഞു. എന്തുകൊണ്ടാണ് ചൈന ഇത്രയും പ്രതിരോധച്ചെലവ് വര്‍ധിപ്പിച്ചതെന്ന് മേഖലയിലെ രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരുമെന്നും ഡിംഗ് പറഞ്ഞു. ചൈനയുടെ മിലിട്ടറി ലക്ഷ്യങ്ങളെക്കുറിച്ച് ജപ്പാന് മുന്നെതന്നെ ആശങ്ക അറിയിച്ചിരുന്നു. തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദം കടന്നുകയറ്റമായി വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്വാന്, ബ്രൂണൈ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
ജപ്പാനും തായ്വാനും ഇടയില്‍ കിടക്കുന്ന ദ്വീപ് സംബന്ധിച്ച് ബെയ്ജിംഗും ടോക്കിയോയും ദീര്‍ഘനാളായി തര്‍ക്കത്തിലാണ്. നയതന്ത്രതലത്തിലും അഭിപ്രായഭിന്നത ശക്തമാണ്. 2010 ല്‍ ജപ്പാന് ഒരു ചൈനീസ് മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിരുന്നു. 2011-2015 വര്‍ഷത്തിനിടക്ക് ചൈനയുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: