കൊച്ചി: ബാപ്പയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്താല്‍ റസൂല്‍ പൂക്കുട്ടി. സംഗീതലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി പിതാവിന്റെ ആഗ്രഹം സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ചെറുപുഞ്ചിരിയോടെയാണ് അഭിഭാഷനായി ‘സന്നദ്’ എടുത്തശേഷം ഹൈക്കോടതിയില്‍നിന്നും പുറത്തേക്ക് ഇറങ്ങിയത്. താന്‍ ഒരു അഭിഭാഷകനാവുകയെന്നത് ബാപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. കുലീനമായ ഒരു തൊഴില്‍ മേഖലയായിട്ടാണ് അഭിഭാഷകവൃത്തിയെ കാണുന്നത്. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആശ്രയം ജുഡീഷ്യറിയാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാതെ താന്‍ പ്രവര്‍ത്തിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍
തിരുവനന്തപുരം ലോ കോളേജില്‍ എല്‍എല്‍ബി പഠിച്ച പൂക്കുട്ടി ബാക്കിയുണ്ടായിരുന്ന പേപ്പര്‍ കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂര്‍, എറണാകുളം, കായംകുളം, മുംബൈ എന്നീ സ്ഥലങ്ങളില്‍ എവിടെയെങ്കിലും പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തും അഭിഭാഷകയുടെ ഗൗണ്‍ അണിഞ്ഞു. 93-96 കാലഘട്ടത്തില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്നും എല്‍എല്‍ബി എടുത്ത എലിസബത്തിന് അന്ന് എന്റോള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കാനറാ ബാങ്ക് ജീവനക്കാരിയായ ഇവര്‍ വിരമിച്ചശേഷം കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മകന് അനില്‍ കെ. ആന്റണിയും ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഒരാളുടെ സ്വന്തം കഴിവുകൊണ്ട് മാത്രമല്ല അഭിഭാഷകനിലേക്ക് എത്തുന്നതെന്നും ഒരു രാഷ്ട്രത്തിന്റെ സമര്‍പ്പണം അതിന് പിന്നിലുണ്ടെന്നും അത് മറക്കുന്നത് കുടിച്ച മുലപ്പാലിനെ വിസ്മരിക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യന്‍ ജുഡീഷ്യറിയെ നിലക്കുനിര്‍ത്താനും അതിന് കാവല്ഭടന്മാരായി നില്ക്കുന്നതിനും സാധിക്കുന്നത് ബാറിനാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, ബാര്‍ കൗണ്‍സില്‍ ചെയര്മാന് സി. ശ്രീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. എന്റോള്‍മെന്റ് കമ്മറ്റി ചെയര്മാന് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ സ്വാഗതവും അഡ്വ. അജിതന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: