ജനങ്ങളാണ് റെയില്‍വേയുടെ കരുത്ത്. കരുത്തുള്ള സ്ഥാപനമായി റെയില്‍വേ നിലനില്‍ക്കുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. റെയില്‍വേ നല്കുന്ന സേവനങ്ങളെ അഭിമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ സമീപകാല അനുഭവങ്ങള്‍ മുന്‍നിലപാട് ആവര്‍ത്തിക്കാന്‍ സഹായകമല്ലെന്ന് ദുഃഖത്തോടെ അറിയിക്കട്ടെ. റെയില്‍വേ, പ്രത്യേകിച്ചും കേരളത്തില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളോട് കടുത്ത അനീതിയും അവഗണനയും ഒരു പരിധി വരെ അവഹേളനവും കാണിക്കുകയല്ലേ ? അതിന്റെ ഉദാഹരണമായല്ലേ സമീപകാല നിലപാടുകളെ കാണാന്‍ സാധിക്കുക. ഏറ്റവും പുതിയ ഉദാഹരണമാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്നവരോട് അമിതനിരക്ക് ഈടാക്കാന്‍ നിശ്ചയിച്ചത്.
ഏതാണ്ട് കാല്‍കോടിയോളം സ്ത്രീകള്‍ പൊങ്കാല അര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നു എന്നാണ് കണക്ക്. ഇതിന്റെ പകുതിയോളം പേര് സമീപപ്രദേശങ്ങളില്‍നിന്ന് കൂട്ടമായി എത്തുന്നവരാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങളെത്തുന്നു. യാത്രാ സൗകര്യം ഒരുക്കുന്നതില്‍ മാത്രമല്ല പൊങ്കാല അര്‍പ്പണ ദിവസവും തലേന്നും റെയില്‍വേ ഏറെ സൗകര്യങ്ങളും സൗജന്യങ്ങളും നല്കിപ്പോന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ പ്രത്യേക പാസഞ്ചര്‍ വണ്ടികള്‍ക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മറ്റു ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി കേള്‍ക്കുന്നു.
സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കാനാണ് ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം പൊങ്കാലയ്ക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ അമിത നിരക്ക് നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച് ഹിന്ദുസംഘടനകള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിട്ടും റെയില്‍വേ ബധിര നയം സ്വീകരിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ശാര്‍ക്കര കാളിയൂട്ട് നടന്നു. കഴിഞ്ഞ 28 വര്‍ഷമായി കാളിയൂട്ടു ദിനത്തില്‍ ചില ട്രെയിനുകള്‍ക്ക് ചിറയിന്‍കീഴില്‍ സ്പെഷ്യല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കൊല്ലം ഇത് നിര്‍ത്തലാക്കി. കൃത്യമായി ടിക്കേറ്റ്ടുത്ത് യാത്ര ചെയ്യുന്ന കേരളീയരുടെ മിനിമം ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ അടുത്ത കാലത്തായി കടുത്ത പ്രതികാരമനോഭാവത്തോടെയാണ് പെരുമാറുന്നത്.
സാധാരണ ചെയ്യാറില്ലാത്ത കവാടമടച്ചുള്ള പരിശോധന പൊങ്കാലയുടെ തലേന്നു മുതല്‍ വേണമെന്നാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ പോകുകയാണത്രേ. പൊങ്കാലയ്ക്ക് വരുന്ന സ്ത്രീകളുടെ കൈവശമുള്ള സാധനങ്ങളടക്കം പരിശോധനയ്ക്കു വിധേയമാക്കാനാണ് നീക്കം. ശബരിമല തീര്‍ഥാടന കാലത്ത് ഏര്‍പ്പെടുത്തുന്ന സ്പെഷ്യല്‍ ബസുകള്‍ക്ക് കെഎസ്ആര്‍ടിസി അമിതനിരക്ക് ഈടാക്കിയിരുന്നു. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ശബരിമല തീര്‍ഥാടകരെ ഒരു കറവപ്പശുവിനെ പോലെയാണ് കണ്ടിരുന്നത്. മറ്റൊരു തീര്‍ഥാടനത്തിനും ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങളും നിരക്കു വര്‍ധനയും തികഞ്ഞ പക്ഷഭേദമാണെന്നതില് സംശയമില്ല. നിരവധി വര്‍ഷത്തെ നിരന്തരമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് അത് മാറ്റി നിശ്ചയിച്ചത്. അങ്ങനെയൊരു സമീപനമായിരുന്നില്ല റെയില്‍വേ സ്വീകരിച്ചിരുന്നത്. ഇപ്പോഴെന്തേ ഇങ്ങനെ എന്ന ചോദ്യമുയര്‍ത്തിയാല്‍ മാത്രം മതിയോ ? തികച്ചും തെറ്റായ ഈ നിലപാട് മാറ്റാനും മാറ്റിക്കാനുമുള്ള ബാധ്യത കേരളീയ സമൂഹത്തിനില്ലേ ?
റെയില്‍വേ ഭരണം നടത്തുന്നവരും അതില്‍ പണിയെടുക്കുന്നവരും അന്യഗ്രഹ ജീവികളൊന്നുമല്ലല്ലോ ? ഇവിടുത്തെ സാമൂഹ്യ അന്തരീക്ഷവും തീര്‍ഥാടനത്തിന്റെ പ്രാധാന്യവും ആറ്റുകാല്‍ പൊങ്കാലയുടെ സവിശേഷതയുമെല്ലാം അറിയുന്നവരല്ലേ ? നേരായ രീതിയില്‍ കാര്യങ്ങളെ കാണാനും ശരിയായ തീരുമാനമെടുക്കാനും അവര്‍ക്ക് ബാധ്യതയില്ലേ ? ഒരുപാടു കാര്യങ്ങളില്‍ റെയില്‍വേ കേരളീയരോട് ക്രൂരത കാട്ടുന്നു എന്ന പരാതിയൊന്നും പുതിയതല്ല. ഇപ്പോള്‍ത്തന്നെ ഡിവിഷന് രൂപീകരണ പ്രശ്നത്തില്‍ കേരളത്തിന്റെ മുറവിളി റെയില്‍വേ കേട്ടില്ല. അടുത്തു തന്നെ മംഗലാപുരം ഡിവിഷന് രൂപീകരിക്കാന്‍ പോകുന്നു. പാലക്കാട് ഡിവിഷനെ ദുര്ബലപ്പെടുത്തിക്കൊണ്ടാണിതെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. അതിനും പുറമെയാണ് എഫ്സിഐ ഗോഡൗണുകള്‍ക്ക് വിനയായിത്തീരുന്ന നിലപാടുകള്‍.
കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. സര്‍വസാധനങ്ങളും അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തണം. ഇതിന് ഏറ്റവും വലിയ ആശ്രയം റെയില്‍വേയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യധാന്യം കേരളത്തിലെത്തുന്നത് റെയില്‍ വഴിയാണ്. അതിന് ആവശ്യമായതും ഗുണനിലവാരമുള്ളതുമായ വാഗണുകള്‍ പലപ്പോഴും ലഭിക്കാറില്ല. ഇപ്പോഴാകട്ടെ ഒരുതരത്തിലുള്ള വാഗണുകളും അനുവദിക്കാത്ത അവസ്ഥയും ഉണ്ടായതായി പറയുന്നു. ഇതുമൂലം പ്രധാനപ്പെട്ട മൂന്ന് എഫ്സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്. നീലേശ്വരം, കുറ്റിപ്പുറം, അങ്ങാടിപ്പുറം ഗോഡൗണുകള്‍ ഇപ്പോള്‍ തന്നെ നിശ്ചലമായിരിക്കുകയാണ്. വാഗണുകളില്ലാത്തതിനാല് ഭക്ഷ്യധാന്യങ്ങളെത്തുന്നില്ല. മലബാറിലെ റേഷന്‍ വിതരണം പോലും താറുമാറായിക്കഴിഞ്ഞു. ഈ മാസം കഴിഞ്ഞാലെ വാഗണുകള്‍ ലഭിക്കൂ എന്നാണവസ്ഥ. ഇത് കടുത്ത ദ്രോഹമാണെന്നുപറയാതിരിക്കാന് നിര്‍വാഹമില്ല. റെയില്‍വേയുടെ കരുത്തായ ജനങ്ങളെ പ്രത്യേകിച്ച് കാശു കൊടുത്ത് മാത്രം യാത്രചെയ്യുന്ന മലയാളികളെ കുരങ്ങുകളിപ്പിക്കുകയാണ്. ഈ തെറ്റ് തിരുത്തിക്കാന്‍ ബാധ്യതപ്പെട്ട ജനപ്രതിനിധികള്‍ പൊട്ടന്‍കളി തുടരുകയാണ്. ഇതു തുടര്‍ന്നാല്‍ ജനങ്ങള്‍ രണ്ടും കല്പിച്ച് രംഗത്തിറങ്ങുന്ന സാഹചര്യമാണുണ്ടാകുക. അതാര്‍ക്കും അഭികാമ്യമാകില്ല. ആറ്റുകാല്‍ തീര്‍ഥാടകരെ രണ്ടുദിവസം പിഴിഞ്ഞാല്‍ റെയില്‍വേയുടെ പ്രശ്നങ്ങളെല്ലാം തീരുമെന്നാണോ ? തിരുവനന്തപുരം സെന്‍ട്രല്‍ പൈതൃക സ്റ്റേഷനാക്കാന്‍ അമ്മപെങ്ങന്മാരെ ദ്രോഹിക്കണോ ? ഉത്തരവാദപ്പെട്ടവര്‍ക്ക് സദ്ബുദ്ധിയുദിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: