ഗുജറാത്തില്‍ ഇന്ന് കലാപങ്ങളില്ല. സംഘട്ടനമോ സംഘര്‍ഷമോ ഇല്ല. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന സദ്ഭാവന സത്യഗ്രഹങ്ങളില്‍ ജാതിമത ഭേദങ്ങളില്ലാതെ ജനങ്ങളാകെ പങ്കെടുക്കുന്നു. നൂറ്റാണ്ടുകളായി ഗുജറാത്തിനെ ദുഃഖിപ്പിച്ചിരുന്ന വര്‍ഗീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളും കെട്ടടങ്ങിയതില്‍ ജനങ്ങളാകെ ആശ്വസിക്കുകയാണ്. ഗുജറാത്തില്‍ ഭേദചിന്തകളില്ലെങ്കിലും മറ്റ് സ്ഥലങ്ങളില്‍ മതസ്പര്‍ധ വളര്‍ത്താന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കുന്നു. പ്രത്യേകിച്ച് കേരളത്തില്‍. മുസ്ലീംവികാരം ഊതിവീര്‍പ്പിച്ച് വര്‍ഗീയത കത്തിക്കാന്‍ ഗൂഢനീക്കമാണ് നടക്കുന്നത്. ആഗോള മതമൗലികവാദികളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചില പത്രങ്ങളും ചാനലുമാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പേരിലാണ് മതസ്പര്‍ധ സൃഷ്ടിക്കാന്‍ തീവ്രശ്രമം. 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ വംശഹത്യ നടന്നെന്നും മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നുമൊക്കെയാണ് സംഘടിത പ്രചരണം.
മുഗളന്മാരുടെ കാലം മുതല്‍ ഗുജറാത്തില്‍ വേട്ടയാടപ്പെടുന്നത് ഹിന്ദുക്കളാണെന്നതാണ് ചരിത്രം. സോമനാഥക്ഷേത്രം 17 തവണ കൊള്ളയടിച്ചിരുന്നു. നമഃശിവായ പാടിയിരുന്ന ആയിരക്കണക്കിനാളുകളെ കശാപ്പുചെയ്ത ശേഷമാണിത്. ഭാരതത്തിലെ ഏറ്റവും പ്രശസ്ത ക്ഷേത്രമായിരുന്നു ഇത്. സോമനാഥ ക്ഷേത്രത്തിന് പതിനായിരം ഗ്രാമങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. നൂറുകണക്കിന് പൂജാരിമാരാണ് അവിടെ ഉണ്ടായിരുന്നത്. രത്നങ്ങള്‍ പതിച്ച വിളക്കുകള്‍, സ്വര്‍ണത്തില്‍ തീര്‍ത്ത ചങ്ങലകള്‍, രത്നം കൊണ്ടു നിര്‍മിച്ച സ്തൂപങ്ങള്‍ തുടങ്ങി അമൂല്യമായ വസ്തുക്കള്‍ ക്ഷേത്രത്തിനുണ്ടായിരുന്നു. എത്രയായിരം കോടി വിലയുള്ളതാണെന്ന് തിട്ടപ്പെടുത്താന്‍ പോലും ഇന്ന് സാധിക്കുന്നതല്ല. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതു പോലുള്ള സമ്പത്ത് കൊള്ളയടിച്ചു. ഗസ്നിയിലെ മുഹമ്മദ് ആണ് അക്രമങ്ങള്‍ക്കും കൊള്ളയ്ക്കും തുടക്കമിട്ടത്. അലാവുദീന്‍ ഖില്‍ജി, മുസഫര്‍ ഷാ, മുഹമ്മദ് ബഗാറ, മുസഫര്‍ (2), ഔറംഗസേബ് എന്നിവരെല്ലാം കൊള്ളയടിച്ച് ക്ഷേത്രം തകര്‍ത്തു കൊണ്ടേയിരുന്നു. ഓരോ തവണയും അത് പുനര്‍നിര്‍മിച്ചു.
അന്ന് ടെലിവിഷന്‍ ചാനലുകളുണ്ടായിരുന്നില്ല. ചാനലുകളിലെ പാനല്‍ ചര്‍ച്ചകളും നടന്നില്ലായിരിക്കാം. പത്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇന്നത്തെ പ്പോലെ പ്രചാരത്തിലും പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്നില്ല. എന്നിരുന്നാലും അന്ന് കൊല്ലപ്പെട്ട അനേകായിരങ്ങളുടെ ചോരയ്ക്ക് നിറം ചുവപ്പു തന്നെയായിരിക്കുമല്ലോ. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാര്‍ഷിക കണക്ക് അവതരിപ്പിക്കുന്നവര്‍ എന്തു കൊണ്ടാണ് അന്നു മുതല്‍ പരിശോധനയ്ക്ക് ഒരുങ്ങാത്തത് ? ഗുജറാത്തിന് പത്തു വര്‍ഷത്തെ ചരിത്രമേ ഉള്ളോ ? മോഡിക്ക് മുമ്പ് ഗുജറാത്തിന് ചാരിത്ര്യവും ചരിത്രവുമൊന്നും ഇല്ലെന്നാണോ ?
ഏറ്റവും ഒടുവില്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മിച്ചത് കേന്ദ്രമന്ത്രിസഭാ തീരുമാനപ്രകാരം സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജിയുടെ ആശീര്‍വാദത്തോടെയായിരുന്നു ഇത്. ക്ഷേത്ര പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കരുത് എന്ന ഉപാധി മാത്രമാണ് അന്ന് ഗാന്ധിജി മുന്നോട്ടു വച്ചിരുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും പ്രതിമാസ കലാപരിപടികള്‍ പോലെ വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കോണ്‍ഗ്രസ് ഭരണകാലത്ത് അന്പതുദിവസം വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്ന സംഭവങ്ങളുമുണ്ട്.
2002 ഫെബ്രുവരിയില്‍ 27ന് നടന്ന ഏകപക്ഷീയമായ കൂട്ടക്കുരുതിയാണ് ഒടുവിലത്തെ കലാപത്തിന് ഹേതു. അയോധ്യയില്‍നിന്ന് അഹമ്മദാബാദിലേക്ക് വന്ന സബര്‍മതി എക്സ്പ്രസ് തടഞ്ഞുനിര്‍ത്തി ഒരു ബോഗിയിലെ 59 പേരെ ചുട്ടുകൊല്ലുകയായിരുന്നു. ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രപുനര്‍നിര്‍മാണത്തിനായി വിശ്വഹിന്ദുപരിഷത്ത് നടത്തിപ്പോന്ന പ്രയത്നത്തിന്റെ ഭാഗമായി ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ‘പൂര്‍ണാഹുതി യജ്ഞം’ നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത് തിരച്ചു വന്നവര്‍ക്കാണ് ദുര്‍ഗതിയുണ്ടായത്. ഏതാണ്ട് 4 മണിക്കൂര്‍ വൈകി രാവിലെ 7.47ന് ഗോധ്ര സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസ് എത്തിയപ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടമാണ് തീര്‍ഥാടകരെ ചാമ്പലാക്കിയത്. 14 കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം 65 പേരാണ് ബോഗിയിലുണ്ടായിരുന്നത്. 59 പേര് ചാരമായി. ശേഷിച്ചവരും വെന്ത് മരിച്ചു. സ്വാഭാവികമായും ഇതില്‍ പ്രതിഷേധമുണ്ടായി. വിഎച്ച്പി ഹര്‍ത്താലിന് ആഹ്വാനം നല്കി. അതെന്തു കൊണ്ട് നരേന്ദ്രമോഡി തടഞ്ഞില്ലെന്നാണ് കഴിഞ്ഞ 10 വര്‍ഷമായി ചോദിക്കുന്നത്. ഇവിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളില്‍ ഒരു ഓല വീണാല്‍ ഹര്‍ത്താലാചരിക്കുകയും നിരപരാധികളെ വീട്ടില്‍ കയറി വലിച്ച് പുറത്തിട്ട് വെട്ടിനുറുക്കി വയലില്‍ പൂഴ്ത്തുന്നതുമാണ് കീഴ്വഴക്കം. കണ്ണൂര്‍ ജില്ലയില്‍ ഒരു യുവാവ് അടുത്തിടെ കൊല്ലപ്പെട്ടത് അങ്ങനെയാണല്ലൊ. അത്തരക്കാരാണ് മോഡിയുടെ ചോര കാണാന്‍ വെമ്പല്‍കൊള്ളുന്നത്.
മൂന്നുനാലുദിവസം ഗുജറാത്തില്‍ ഇരുസമുദായങ്ങളും ഏറ്റുമുട്ടി എന്നത് നേരാണ്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ ഇരുപക്ഷത്തുമുള്ളവര്‍ കൊല്ലപ്പെട്ടു. പോലീസ് വെടിവയ്പിലും നിരവധിപേര്‍ മരണപ്പെട്ടു. നാലാം ദിവസം പട്ടാളത്തെ വിന്യസിച്ചു. ഇത്രയൊക്കെ ജാഗ്രതയോടെ മുമ്പൊരു കാലത്തും നടപടികളുണ്ടായിട്ടില്ല. എന്തായാലും പരിഷ്കൃത സമൂഹത്തിന് അഭിമാനിക്കാന്‍ പറ്റുന്നതല്ല ഗോധ്രയിലും ഗുജറാത്തിന്റെ പലഭാഗത്തും നടന്നത്. മോഡിയും അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുമൊക്കെ പലകുറി അക്കാര്യം പ്രസ്താവിച്ചതുമാണ്. എന്നിട്ടും കള്ളപ്രചരണവും കല്ലുവച്ച നുണകളും പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിലൊന്നാണ് കുത്തബ്ദ്ദീന്‍ അന്‍സാരി എന്നൊരുത്തന്‍ കൈകൂപ്പി നിന്ന് ജീവനുവേണ്ടി യാചിക്കുന്നു എന്ന് പറഞ്ഞൊരു ചിത്രം.
ഗുജറാത്ത് വംശഹത്യയുടെ ദിനങ്ങളില്‍ മതതീവ്രവാദികള്‍ ഒരു ജനതയെ ഒന്നടങ്കം കൊന്നുതള്ളുമ്പോള്‍ തന്റെ നെഞ്ചിനുനേരെ ഓങ്ങിയ ഒരു വാളിനു മുന്നില്‍ ജീവനുവേണ്ടി കേഴുന്ന അന്‍സാരിയുടെ ചിത്രമാണ് മാധ്യമങ്ങളില്‍ ഗുജറാത്ത് കലാപത്തിന്റെ ഓര്‍മപ്പെടുത്തലിനായി ഉപയോഗിക്കുന്നത്. ഹിന്ദുക്കളെ മ്ലേച്ഛമായി അവതരിപ്പിക്കുന്നതാണ് ആ ചിത്രം. വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ചിട്ടുള്ള ആര്‍ക്കോദത്ത ഗുജറാത്ത് കലാപ കാലത്ത് തന്റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയ അഹമ്മദാബാദിലെ കുത്തബുദ്ദീന്‍ അന്‍സാരിയുടെ മുഖമെന്നാണ് വിവരണം.
ഭയം, ജീവിക്കാനുള്ള മോഹം, യാചന തുടങ്ങി വിവിധ ഭാവങ്ങളുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു അന്‍സാരിയുടെ മുഖം. പത്ര-ദൃശ്യമാധ്യമങ്ങള്‍, മാസികകള്‍, ബ്രോഷറുകള്‍, വെബ്സൈറ്റുകള്‍, മനുഷ്യാവകാശ സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവയെല്ലാം കലാപത്തെ ഓര്‍മപ്പെടുത്തുന്ന അവസരങ്ങളിലെല്ലാം അന്‍സാരിയുടെ ചിത്രം ഉപയോഗിക്കുന്നു. അന്‍സാരിക്ക് നന്നായി അഭിനയിക്കാനറിയാം എന്നതിന്റ തെളിവുകൂടിയാണ് ആ ചിത്രം. അതിനെ അനുകരിച്ച് കേരളകൗമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദരന്‍ പലവേദികളിലും തന്റെ അഭിനയ പാടവം അവതരിപ്പിക്കുന്നു. അന്‍സാരിയെപ്പോലെയോ ഒരുപിടി മുന്നിലോ ദൈന്യത അഭിനയിക്കാന്‍ കഴിയുമെന്ന് ജിതേഷ് തെളിയിച്ചു കഴിഞ്ഞു. ഫോട്ടോഗ്രാഫിയുടെ ബാലപാഠം അറിയുന്ന ആരും ഇത് കൃത്രിമമായി സൃഷ്ടിച്ച ചിത്രമെന്ന് തിരിച്ചറയും. പക്ഷേ ഇതറിയാത്ത ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമാണ് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. അന്‍സാരിയെ അവതരിപ്പിക്കുന്നവര്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുണ്ട്.
1. അന്‍സാരി ഒരു മട്ടുപ്പാവില്‍ നിന്നുകൊണ്ട് ജീവനുവേണ്ടി യാചിക്കുമ്പോള്‍ ഒരു കലാപലക്ഷണമെങ്കിലും അവിടെ ഉണ്ടോ ?
2. ഊരിപ്പിടിച്ച വാളുമായി കലാപകാരികള്‍ നില്ക്കുമ്പോള് ഇതെങ്ങനെ ക്യാമറയില്‍ പകര്‍ത്തി ?
3. ഭീകരമായ കലാപത്തിന്റെ നടുവില്‍ ഈ ചിത്രമെടുത്തിട്ടും ക്യാമറ എങ്ങനെ കേടില്ലാതെ കിട്ടി ?
ഇത്രയും ഭീകരമായ കലാപത്തിനിടയില്‍ നിന്ന് ഒരു തടസ്സവും കൂടാതെ ഫോട്ടോഗ്രാഫര്‍ക്ക് രക്ഷപ്പെടാനായതെങ്ങനെ?
5. വാളോങ്ങുന്നവര്‍ തന്നെയാണോ ഫോട്ടോ എടുത്ത് അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിച്ചത് ?
6. ഫോട്ടോ വിപ്ലവത്തിനുശേഷം കല്‍ക്കത്തയില്‍ അഭയംകിട്ടിയ അന്‍സാരി ഗുജറാത്തില്‍ ഇപ്പോള്‍ ഒരു കേടുപാടുമില്ലാതെയല്ലെ കഴിയുന്നത് ?
അന്‍സാരിയുടെ ചിത്രം പ്രചരിപ്പിക്കുന്നവരാരും ഗോധ്രയിലെ തീവണ്ടിയിലെ ബോഗിയില്‍ തീര്‍ഥാടകരെ പൂട്ടിയിട്ട് ചുട്ടു കൊന്ന ദാരുണസംഭവത്തിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാറില്ല. എന്‍ഡിടിവി, സിഎന്‍എന്‍-ഐബിഎന്‍ എന്നീ ചാനലുകളില്‍ കര്‍സേവകര്‍ ചാമ്പലാകുന്നതിന്റെ ദൃശ്യങ്ങളില്ലെ ? ഫെബ്രുവരിയില്‍ സംഭവം നടന്ന് ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ തൂണുകളെപ്പോലെയാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും മോഡിയുടെ പാര്‍ട്ടി മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷം നേടി വിജയിച്ചു. പത്തുവര്‍ഷം മോഡി ഭരണത്തില്‍ പിന്നിടുമ്പോള്‍ വികസനത്തില്‍ ഗുജറാത്ത് ലോകാദ്ഭുതമാവുകയാണ്. അവിടെ കലാപമില്ല. കൂട്ടക്കുരിതിയില്ല. എന്നിട്ടും മോഡിയെ നരാധമനെന്ന് കുറ്റപ്പെടുത്തുന്നു. നാലായിരത്തില്‍ പരം സിക്കുകാരെ അരുംകൊല ചെയ്തപ്പോള്‍ ദല്‍ഹി ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. അന്നത്തെ വംശഹത്യയെ രാജീവ്ഗാന്ധി ന്യായീകരിക്കുകയും ചെയ്തിരുന്നു. വന്മരം വീണപ്പോള്‍ ഭൂമി കുലുങ്ങിയെന്നായിരുന്നു സിക്കു കൂട്ടക്കൊലയെ കുറിച്ച് രാജീവ് പറഞ്ഞത്. എന്നിട്ടും രാജീവിനെ നരാധമനെന്ന് ആരും പറഞ്ഞില്ല. എ.കെ.ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മാറാട് സംഭവം. ഒരു തെറ്റും ചെയ്യാത്ത നിരവധി പാവപ്പെട്ട തീരവാസികള്‍ക്കു നേരെ കൊടിയ അക്രമം നടത്തുകയായിരുന്നു. എട്ടു പേരെ വെട്ടിനുറുക്കി കൊന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇരകളോടൊപ്പമല്ല അന്ന് പ്രതികളോടൊപ്പമായിരുന്നു. ആന്റണിയെ അന്നാരും പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. പക്ഷേ മോഡി !!!!
ഇന്ന് ലോകത്തില്‍ അതിവേഗം ചൈന മുന്നേറുമ്പോള്‍ അതിനെ കടത്തിവെട്ടുകയാണ് ഗുജറാത്തെന്ന് പരക്കെ വിലയിരുത്തുകയാണ്. “പദ്ധതി നിര്‍വഹണത്തില്‍ ചൈനയെയും ഗുജറാത്തിനെയും കണ്ടുപഠിക്കണം” എന്ന് മാതൃഭൂമി ഫെബ്രുവരി 27ന് ധനകാര്യം പേജില്‍ മുഖ്യവാര്‍ത്തയായി ചേര്‍ത്തിട്ടുള്ളത് ഒന്നാന്തരം ഉദാഹരണമാണ്. മരം മറഞ്ഞ് വനം കാണാന്‍ കഴിയാത്തപോലെ അന്‍സാരിമാരെ മുന്‍നിര്‍ത്തി നല്ലകാര്യങ്ങളെ മറച്ചുവയ്ക്കാന്‍ നോക്കുകയാണ് തല്പരകക്ഷികള്. ഇതാകട്ടെ ചോരമണത്തെത്തുന്ന ചെന്നായ്ക്കള്‍ക്ക് സഹായകമാകും വിധവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: