യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ മുഴങ്ങുന്ന മരണമണി ഈ സര്‍ക്കാര്‍ കേള്‍ക്കുന്നില്ല. വയനാട്ടിലും മറ്റ് പ്രദേശങ്ങളിലും ഇപ്പോള്‍ അരങ്ങേറുന്ന ആത്മഹത്യക്കുള്ള പരിഹാരനിര്‍ദ്ദേശം നെല്ലെല്ലാം സംഭരിക്കുമെന്നും ക്ഷീരോല്പാദനം വര്‍ധിപ്പിക്കുമെന്നും മാത്രമാണ്. നെല്ല് ശേഖരിക്കാനുള്ള തുക പോലും ഇനിയും ബന്ധപ്പെട്ട വകുപ്പിന് ലഭ്യമല്ലാതിരിക്കെ ഉല്പാദിപ്പിക്കുന്ന നെല്ല് പോലും സംഭരിക്കപ്പെടുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. വിലത്തകര്‍ച്ച, കൃഷിനാശം, ഉല്‍പ്പാദനക്കുറവ്, കാര്‍ഷികച്ചെലവ് വര്‍ധന, എല്ലാം കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണല്ലോ ഒരു വര്‍ഷത്തില്‍ ഏതാണ്ട് നാല്പതോളം ആത്മഹത്യകള്‍. കര്‍ണാടകയില്‍ നിലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്ത്, ഇഞ്ചിവില ഇടിഞ്ഞ് ആത്മഹത്യ ചെയ്തവരും ബാങ്ക് ലോണ്‍ എടുത്ത് കൃഷിചെയ്ത് കൃഷിനാശത്താല്‍ ലോണ്‍ അടയ്ക്കാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്തവരുമാണിവര്‍. കാര്‍ഷിക പ്രതിസന്ധി ഇനിയും രൂക്ഷമാക്കുന്നതാണ് രാസവള സബ്സിഡി വെട്ടിക്കുറക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊട്ടാഷ് വള സബ്സിഡി 20 ശതമാനമാണ് കുറച്ചത്. ഇതോടെ രാസവള സബ്സിഡി കുതിച്ചുയരുന്നത് കര്‍ഷകര്‍ക്ക് ആഘാതമാണ്. നൈട്രജന്‍ വളങ്ങള്‍ക്ക് കിലോക്ക് 27.15 രൂപ സബ്സിഡി ഉണ്ടായിരുന്നത് 24 രൂപയാക്കിയിരിക്കുകയാണ്. ഫോസ്ഫേറ്റ് പൊട്ടാഷ് വള സബ്സിഡി നടപ്പുവര്‍ഷം 52,000 കോടിയായിരുന്നതില് 20 ശതമാനം കുറവ് വരുത്തുമ്പോള്‍ 10400 കോടി രൂപയുടെ അധിക സാമ്പത്തിക ഭാരമാണ് കര്‍ഷകര്‍ക്ക് മേല്‍ വരുന്നത്.
മിക്ക രാസവളങ്ങളുടെയും സബ്സിഡി പകുതിയോ മൂന്നിലൊന്നോ ആയി കുറയ്ക്കുമ്പോള്തന്നെ കൃഷിച്ചെലവ് വര്‍ധനയില്‍ കുഴങ്ങുന്ന കര്‍ഷകര്‍ കൂടുതല്‍ തളരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നത് നെല്‍വയല്‍ നികത്തി കരഭൂമിയാക്കുന്നതിനെതിരെ ശബ്ദമുയര്ത്താതെയാണ്. പല ഘട്ടങ്ങളായി നികത്തിയ പാടശേഖരങ്ങള്‍ക്ക് നിയമസാധുത നല്‍കുമെന്നാണ് റവന്യൂമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ വ്യാപകമാകുന്ന നെല്‍വയല്‍-നീര്‍ത്തട നികത്തലില്‍ ഹൈക്കോടതി പോലും ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നികത്തിയ ഭൂമിക്ക് നിയമസാധുത നല്കി ഭൂമാഫിയകളെ സഹായിക്കുമ്പോള്‍ മരണമണി മുഴങ്ങുന്നത് കര്‍ഷകര്‍ക്ക് മാത്രമല്ല കേരളത്തിന്റെ നട്ടെല്ലാവേണ്ട കൃഷിക്കാണ്. രാഷ്ട്രീയവും പരിസ്ഥിതിയും സഹവര്ത്തികളല്ല. വികസനത്തിന് മുറവിളി കൂട്ടുന്ന രാഷ്ട്രീയക്കാര്‍ അത് കാര്‍ഷികഭൂമിയുടെ നശീകരണത്തിലൂടെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അനാവശ്യമായ ആറന്മുള വിമാനത്താവളത്തിന് വേണ്ടിയുള്ള കൃഷിഭൂമി നശിപ്പിക്കല്‍. സംസ്ഥാന രൂപീകരണ സമയത്ത് നെല്‍കൃഷി ഉണ്ടായിരുന്നത് 25 ലക്ഷം ഏക്കറില്‍ ആയിരുന്നെങ്കില്‍ ഇന്നത് വെറും 10 ലക്ഷം ഏക്കറാണ്. കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം മൊത്ത വരുമാനത്തിന്റെ 27 ശതമാനമായിരുന്നത് ഇപ്പോള്‍ 12 ശതമാനമായി. ഇത് ഇനിയും കുറയാനാണ് സാധ്യത.
കാലാവസ്ഥാ വ്യതിയാനം കാരണം ജലസുഭിക്ഷമായിരുന്ന കേരളം ജലദൗര്‍ലഭ്യം അഭിമുഖീകരിക്കുകയാണ്. മഴ കുറഞ്ഞ്, നദികള്‍ വറ്റിവരളുന്നതിനാലാണ് നദീസംയോജന പദ്ധതി കേരളത്തെ കിടിലംകൊള്ളിക്കുന്നത്. ഭൂഗര്‍ഭജലം പോലും ലഭ്യമാകാത്തതിന് നെല്‍വയല്‍ നികത്തലും വനനശീകരണവും കാരണങ്ങളാണ്. കേരളം ഈ വര്‍ഷത്തെ നാഷണല്‍ ടൂറിസം അവാര്‍ഡ് കരസ്ഥമാക്കിയത് കേരളത്തിന്റെ ഹരിതാഭയില്‍ മയങ്ങിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 30 കൊല്ലത്തിനിടയില്‍ 25000 ത്തില്‍നിന്നും 7,50,000 ആയി ഉയര്‍ന്നതിനാലാണ്. 20,000 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയിലെ വരുമാനം. പരിസ്ഥിതി-വന-വയല്‍-നീര്‍ത്തട സംരക്ഷണം ഈ ഹരിതാഭ നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. വയല്‍ നികത്തലിന് നിയമസാധുത കൈവന്നാല്‍ ഇത് നികത്താനുള്ള മണ്ണിനുവേണ്ടി നാട്ടിലെ കുന്നും മലയും അപ്രത്യക്ഷമാകും. ജലസ്രോതസ്സുകള്‍ പോലും സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. ഇത് 2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനവുമാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും കാവുകളും പുഴകളും കായലുകളും കുളങ്ങളും ഇനി മുത്തശ്ശിക്കഥകളാകും; കഥ പറയുന്ന മുത്തശ്ശിമാര്‍ അവശേഷിക്കുമെങ്കില്‍.
ട്രാഫിക് നിയമഭേദഗതി
സ്വാഗതാര്‍ഹം
മദ്യപിച്ച് ട്രെയിനിലോ പ്ലാറ്റ്ഫോമിലോ കയറുന്നത് റെയില്‍വെ ശിക്ഷാവിധേയമാക്കിയതിന് തൊട്ടു പുറകെ മദ്യപിച്ച് വാഹനമോടിച്ചാല്‍ നാലുവര്‍ഷം വരെ തടവും 10,000 രൂപ പിഴയും ഉറപ്പുവരുത്താന്‍ മോട്ടോര്‍വാഹന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തില്‍ ഈ ഭേദഗതി അവതരിപ്പിക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, സിഗ്നല്‍ ലംഘനം, അമിതവേഗം, ഡ്രൈവിംഗിനിടെ മൊബെയില്‍ ഫോണ്‍ ഉപയോഗം എന്നിവക്ക് ഇപ്പോഴുള്ളതിന്റെ അഞ്ച് മടങ്ങ് പിഴയും തടവുശിക്ഷയുമാണ് ഭേദഗതിയിലുള്ളത്. കുറ്റങ്ങളുടെ ആവര്‍ത്തനം ലൈസന്‍സ് നഷ്ടത്തില്‍ കലാശിക്കും. വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. രക്തപരിശോധനയില്‍ 100 മില്ലി രക്തത്തില്‍ 60 എംജി വരെ മദ്യസാന്നിധ്യം കണ്ടാല്‍ ആറ് മാസം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. ചുവന്ന സിഗ്നല്‍ അവഗണിച്ച് വണ്ടി മുന്നോട്ടെടുത്താല്‍ പിഴ 500 രൂപയാണ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ്ബെല്‍റ്റും ധരിക്കാത്തതും ശിക്ഷാവിധേയമാണ്. വാഹനാപകടങ്ങള്‍ കൂടുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി കൊണ്ടുവരുന്നത്.
ട്രാഫിക്ക് നിയമങ്ങളെ അംഗീകരിക്കുന്ന മനോഭാവം സൃഷ്ടിക്കുക എന്നതാണ് നിയമം ലക്ഷ്യമിടുന്നതത്രെ. കേരളത്തിലാണ് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുള്ളത്. മദ്യപിച്ച് ഹെല്‍മറ്റ് ധരിക്കാതെയും വണ്ടി ഓടിച്ച് വാഹനാപകടങ്ങളും മരണങ്ങളും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. കേരളത്തിലെ വാഹനപ്പെരുപ്പം 9 ശതമാനം വര്‍ധന രേഖപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം റോഡ് മരണങ്ങള് 4100 ആയിരുന്നു. അന്‍പത് ലക്ഷം വാഹനങ്ങളാണ് വീതി കുറഞ്ഞ, കുണ്ടും കുഴിയുമായ കേരള നിരത്തുകളില്‍ ഓടുന്നത്. ഈ സാഹചര്യത്തില്‍ മദ്യപിച്ചുള്ള ഡ്രൈവിംഗ് സാധാരണമാകുമ്പോള്‍ മരണങ്ങള് കൂടാനാണ് സാധ്യത. കാരണം കേരളത്തില്‍ ഇടതു-വലതു മുന്നണി ഭേദമെന്യേ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. കേരള ഖജനാവിന് ഏറ്റവുമധികം റവന്യൂ വരുമാനം ഇത് നേടുമ്പോള്‍ കുടുംബങ്ങള്‍ നശിക്കുകയും അപകടങ്ങള്‍ കൂടുകയും ചെയ്യുക സ്വാഭാവികം. എന്നാല്‍ പൊതുസ്ഥലത്ത് പുകവലി നിരോധനം പോലെ ഈ നിരോധനവും പോലീസിന് അധിക വരുമാനമാര്‍ഗമാകും എന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: