ന്യൂയോര്‍ക്ക്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്ക്കറെ തൊയിബ ഗൂഢാലോചന നടത്തിയ വിവരം വിക്കിലീക്സിന് മുന്‍പെ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ഗ്ലോബല്‍ പ്രൈവറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പായ സ്ട്രാറ്റ് ഫോര്‍ വെളിപ്പെടുത്തി. ഭീകരവാദ ഗ്രൂപ്പുകള്‍ തമ്മില്‍ നിരവധി തവണ ആക്രമണ പദ്ധതി ചര്‍ച്ച ചെയ്തതായി 2010 ഡിസംബറില്‍ വിക്കിലീക്സ് പുറത്തിറക്കിയ കേബിളില്‍ പറഞ്ഞിരുന്നു. 2009 ജൂണില്‍ ഭീകരവാദ ഗ്രൂപ്പിലെ പാക്-ഇന്ത്യാ അംഗങ്ങള്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലഷ്ക്കര്‍ ഭീകരന് ഷഫിഖ് ഖാഫയാണ് ആക്രമണ പദ്ധതികള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്. ഇന്ത്യയിലെ ലഷ്ക്കര്‍ അംഗം ഹുസൈന് ജൂണ്‍ മാസത്തില്‍ മൂന്നു തവണ മോഡിയെ വധിക്കാന്‍ ശ്രമിച്ചു. ഇന്ത്യക്കാരനായ സമീര്‍ എന്നയാളുമായി ചേര്‍ന്നാണ് ഹുസൈന് തന്റെ പദ്ധതികളെ സംയോജിപ്പിച്ചത്.
രഹസ്യ വാര്‍ത്ത പുറത്ത് വന്നയുടന്‍ അമേരിക്ക ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. നരേന്ദ്രമോഡിക്കെതിരെ ആസൂത്രിത അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്നും ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
1984 ല്‍ ഭോപ്പാല്‍ വാതകദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കല്സിനുവേണ്ടി ചാരപ്പണി ചെയ്യുന്നുവെന്ന ആരോപണം സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിക്കെതിരെ ഉണ്ടായിരുന്നു.
ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ ഇന്ത്യന്‍ കോടതിയിലെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡൗ കെമിക്കല്‍സിനും യൂണിയന് കാര്‍ബൈഡിനും നല്‍കിയത് സ്ട്രാറ്റ് ഫോര്‍ ആയിരുന്നു. കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ വിവരങ്ങളും അവരെ അറിയിച്ചത് സ്ട്രാറ്റ്ഫോര്‍ ആണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തുന്നു.
തങ്ങള്‍ക്ക് വിവരം നല്‍കുന്നവരുടെ രാജ്യാന്തര ശൃംഖല സ്ട്രാറ്റ് ഫോര്‍ വികസിപ്പിച്ചത് സ്വിസ് ബാങ്ക് വഴി വേതനം നല്‍കിയും പ്രീ-പെയ്ഡ് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയുമാണ്. സ്വകാര്യ ഏജന്‍സികള്‍ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സര്‍ക്കാരിനുംവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്തരം തെളിവുകളെന്ന് വിക്കിലീക്സ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: