ഹൈന്ദവ ഏകീകരണ ശ്രമത്തിന് അക്ഷീണം പ്രയത്നിച്ച മന്നത്തു പദ്മനാഭന്റെ നേരവകാശിയാണ് പി.കെ.നാരായണ പണിക്കരെന്ന് നിസ്സംശയം പറയാം. കേരളീയ നവോത്ഥാനത്തിന് സുപ്രധാന പങ്കു വഹിച്ച മന്നത്തു പദ്മനാഭന്റെ 128-ാം ജയന്തി ആഘോഷിച്ചത് 2005 ജനുവരി 2നായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നവതി ആഘോഷവും ഇതോടൊപ്പം നടന്നു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സമുന്നത നേതാക്കളെല്ലാം എത്തിയിരുന്നു. അതില്‍ ശ്രദ്ധേയമായത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യമായിരുന്നു. ജയന്തി സമ്മേളനത്തില്‍ വെള്ളാപ്പള്ളി പ്രസംഗിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ക്ക് ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ മതം മാറ്റം എന്ന അവസ്ഥ മാറ്റാന്‍ നായരീഴവ ഐക്യം അനിവാര്യമാണെന്നും അതിനായി ഏതറ്റം വരെ പോകാനും എസ്എന്‍ഡിപി യോഗം തയ്യാറാണെന്നും വെള്ളാപ്പള്ളി അന്ന് പ്രഖ്യാപിക്കുകയുണ്ടായി. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ സമുദായക്കാരും ഒറ്റക്കെട്ടായി ഏകീകൃത ഹിന്ദുസമൂഹം അതാണ് ലക്ഷ്യമെന്ന് വെള്ളാപ്പള്ളിക്ക് അന്ന് ഉറക്കെ പറയാന്‍ കഴിഞ്ഞത് പി.കെ.നാരായണ പണിക്കരുടെ അകമഴിഞ്ഞ പിന്‍ബലം ഒന്നു കൊണ്ടു മാത്രമായിരുന്നു.
അമ്പതുകളില്‍ നായരീഴവ ഐക്യമായിരുന്നു മന്നത്തു പദ്മനാഭന്റെയും ആര്.ശങ്കറിന്റെയും മുഖ്യ അജണ്ട. എന്‍എസ്എസ് -എസ്എന്‍ഡിപി യോഗം എന്നീ സംഘടനകള്‍ ഇതിനായി ലയന പ്രമേയങ്ങള്‍ അംഗീകരിക്കുക പോലും ചെയ്തതാണ്. എന്തു കൊണ്ടോ അവരുടെ സ്വപ്നം പൂവണിഞ്ഞില്ല. അവര്‍ക്കു ശേഷം ഹൈന്ദവ ഐക്യത്തിനുള്ള ആത്മാര്‍ഥമായ നീക്കം നാരായണ പണിക്കരില്‍ നിന്നാണ് ഉണ്ടായത്. മന്നത്തിന്റെ ആഗ്രഹം സഫലീകരിക്കുക എന്നത് നാരായണ പണിക്കരുടെയും അന്ത്യാഭിലാഷമായിരുന്നു എന്നു പോലും പറയാം. അതു കൊണ്ടു തന്നെ സമുദായാചാര്യന്‍ മന്നത്തിന്റെ നേരവകാശിയാണ് നാരായണ പണിക്കര്‍.
ലോകമെമ്പാടുമുള്ള നായന്മാര്ക്ക് പി.കെ.നാരായണ പണിക്കര്‍ മന്നത്തു പത്മനാഭനെ പോലെ തന്നെയായിരുന്നു. ദ്വീര്‍ഘകാലം എന്‍എസ്എസിനെ നയിച്ചു എന്നതു മാത്രമല്ല ഒരിക്കലും പ്രകോപിതനാകാത്ത പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റെത്. എപ്പോഴും സൗമ്യമായി പെരുമാറുന്ന നാരായണ പണിക്കരെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ആദരവോടെയാണ് കരുതിയിരുന്നത്. നായര്‍ സമുദായത്തിന്റെ ആഢ്യത്വത്തിന്റെ പ്രതീകം കൂടിയായിരുന്നു പണിക്കര്‍.
28 വര്‍ഷം സമുദായത്തെ നയിച്ച നാരായണപ്പണിക്കര്‍ ഒരിക്കലും അനാവശ്യമായ വിവാദത്തില്‍ ചെന്നുചാടിയിട്ടില്ല. നാരായണ പണിക്കര്‍ എക്കാലവും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സൗമ്യനായ ആചാര്യനായി ജീവിച്ചു. ആരോഗ്യം തീരെ ഇല്ലാത്തപ്പോഴാണ് പണിക്കര്‍ സ്ഥാനം ഒഴിയുന്നത്. ലാളിത്യം മുഖമുദ്രയാക്കിയ സമുദായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
എന്‍എസ്എസ് രൂപവത്കരിച്ച നായര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) അമരക്കാരനും പണിക്കരായിരുന്നു. പിന്നീട് ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി പിരിച്ചുവിടുകയും ചെയ്തു. ഇതിലൂടെ കേരള രാഷ്ട്രീയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ എന്‍എസ്എസിന് കഴിഞ്ഞിരുന്നില്ല. സത്യസന്ധമായ പ്രവര്‍ത്തനങ്ങളാണ് പണിക്കരുടെ വിജയത്തിന്റെ അടിസ്ഥാനം. രണ്ടുവര്‍ഷം മുമ്പ് രോഗബാധിതനായപ്പോള്‍ അധികാരത്തില്‍ നിന്നും അദ്ദേഹം മാറി.
ചങ്ങനാശേരി വാഴപ്പള്ളിയിലെ കൊച്ചുകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് അഭിഭാഷക വൃത്തിയിലൂടെ ഉപജീവനം നേടിയിരുന്ന പണിക്കര്‍ അഭിഭാഷകനെന്ന നിലയില്‍ ഉന്നതമായ അംഗീകാരം നേടിയിരുന്നു. പദവികള്‍ ഒന്നൊന്നായി തേടിയെത്തിയെങ്കിലും തന്റെ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. അതുകൊണ്ടാണ് വാഴപ്പിള്ളി ലക്ഷ്മി വിലാസം ബംഗ്ലാവില്‍ എന്തിനും ഏതിനും പണിക്കരുടെ ഉപദേശം തേടി സമുദായ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. പിന്നീട്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ ആകര്‍ഷണ കേന്ദ്രവും പണിക്കരായി മാറി.
സാമുദായിക സംവരണം എന്‍എസ്എസിന്റെ പ്രധാന മുദ്രാവാക്യമാക്കിയത് പണിക്കരാണ്. ഇത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെയുള്ള സവര്‍ണരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയാണെന്ന് പണിക്കര്‍ ഉറക്കെ പ്രഖ്യാപിച്ചു. അതോടൊപ്പം ഇതര സമുദായങ്ങള്‍ക്ക് ദോഷകരമാകുന്നതെന്നും എന്‍എസ്എസിന്റെ ഭാഗത്ത് നിന്നുണ്ടാകരുതൊന്നുമുള്ള മന്നത്ത് പത്മനാഭന്റെ വാക്കുകളില്‍ നിന്ന് വ്യതിചലിക്കാനും അദ്ദേഹം തയാറായില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെയും നീതി പീഠത്തെയും ബോധ്യപ്പെടുത്താന്‍ പണിക്കര്‍ക്ക് കഴിഞ്ഞു എന്നു തന്നെ പറയാം.
നിലവിലുള്ള സംവരണ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ നായര്‍ സമുദായം ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാവര്ക്കും സാമുദായിക സംവരണം വേണമെന്നായിരുന്നു പണിക്കരുടെ ആവശ്യം. സമുദായം ഏതായാലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത ഭരണഘടനയില്‍ ഉറപ്പ് വരുത്തണമെന്ന മന്നത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കുകയായിരുന്നു പണിക്കരുടെ ലക്ഷ്യം. അത് പൂര്‍ണമായും വിജയം കണ്ടില്ലെന്ന് മാത്രം. എങ്കിലും കേരളത്തിലെ സാമൂദായിക സൗഹാര്‍ദ്ദത്തെ തകര്‍ക്കാതെ കലാപ രഹിതമായ വിപ്ലവത്തിലൂടെ എന്‍.എസ്.എസിനെ നയിക്കാന്‍ പണിക്കര്‍ക്ക് കഴിഞ്ഞു. മന്നത്ത് പത്മനാഭനും കളത്തില്‍ വേലായുധന് നായരുമൊക്കെ തുടങ്ങിവെച്ച സാമൂഹിക പരിഷ്കരണ പ്രക്രിയക്ക് പൂര്‍ണത നല്കിയതും പണിക്കരായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം. ഇതിന്റെ ഉപജ്ഞാതാവും പണിക്കരായിരുന്നു. സമദൂര സിദ്ധാന്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നതും ഏറെ വിവാദത്തിന് ഇട നല്കി. എങ്കിലും സമദൂരത്തില്‍ മാറ്റം വരുത്താന്‍ പണിക്കരോ എന്‍.എസ്.എസ്സോ തയാറായില്ല. സമദൂരമെന്ന നയപ്രഖ്യാപനത്തിലൂടെ ഇടത് വലത് മുന്നണിയെയും രാഷ്ട്രീയക്കാരെയും ഒരു പരിധിവരെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്താനും പണിക്കര്‍ക്ക് കഴിഞ്ഞു. ഭരണവും സമരവും മാത്രമല്ല, ജനക്ഷേമമാണ് രാഷ്ട്രീയക്കാരുടെ മുഖ്യലക്ഷ്യമെന്ന് പണിക്കര്‍ സമദൂരത്തിലൂടെ തെളിയിച്ചു. എന്‍എസ്എസിന്റെ ഈ മാതൃക പല സമുദായ സംഘടനകളും കടമെടുക്കുകയും ചെയ്തു. എങ്കിലും പണിക്കരുടെ സമദൂര സിദ്ധാന്തം തന്നെയാണ് ഇന്നും ശ്രദ്ധേയമായി നിലകൊള്ളുന്നത്. ഇതിന്റെ പേരില്‍ വിമര്ശനമേല്ക്കേണ്ടിവന്നെങ്കില് പോലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ സമുദായതാത്പര്യ സംരക്ഷണത്തിന് ഇതും സഹായകമായിട്ടേ ഉള്ളൂ. പണിക്കരുടെ ഭൗതിക ദേഹമില്ലെങ്കിലും ആത്മാവിന് മരണമില്ല. മന്നത്തിന്റെയും പണിക്കരുടെയും മാത്രമല്ല ബഹുകോടി ജനങ്ങളുടെ ആഗ്രഹമാണ് ഹൈന്ദവ ഏകീകരണം. അത് സാധ്യമാകുമ്പോഴാണ് അതിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുന്നത്. പിന്തലമുറ ഈ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കില്ലെന്നാശിക്കാം.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: