കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ കാര്‍ ബോംബാക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്. അമേരിക്കയില്‍ ഖുറാന് കത്തിച്ചതിന്റെ പ്രതിഷേധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് താലിബാന് വ്യക്തമാക്കി. ശക്തമായ സ്ഫോടനമാണ് വിമാനത്താവളത്തില്‍ ഉണ്ടായതെന്ന് പ്രവിശ്യ പോലീസ് വക്താവ് ഹസ്റാദ് മുഹമ്മദ് പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ സാധാരണക്കാരാണ്. മറ്റുരണ്ടുപേര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉഗദ്യാഗസ്ഥരും ഒരാള്‍ സൈനിക ഉദ്യോഗസ്ഥനുമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശക്തമായ സ്ഫോടനത്തില്‍ നാല് കാറുകള്‍ക്കും, വിമാനത്താവളത്തിന്റെ കവാടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ അന്തര്‍ദ്ദേശീയ സേനയിലെ ആരുംതന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് നാറ്റോ സേനാ വക്താവ് ക്യാപ്റ്റന്‍ ജസ്റ്റിന് ബ്രോക്കോഫ് പറഞ്ഞു.
എന്നാല്‍ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കന്സൈനിക ആസ്ഥാനത്ത് സേനാംഗങ്ങള്‍ തങ്ങളുടെ ഖുറാന് കത്തിച്ചതിന്റെ പ്രതിഷേധമാണ് ഈ ആക്രമണമെന്ന് താലിബാന് വക്താവ് സബഹുള്ള മുജാഹിദ് ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു.
ഖുറാന് കത്തിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുടനീളം ഒരാഴ്ചയായി ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്നുണ്ടായ ആക്രമണങ്ങളിലും മറ്റുമായി 30ഓളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ നാല് അമേരിക്കന്‍ സേനാംഗങ്ങളും ഉണ്ട്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മറ്റൊരാക്രമണത്തില്‍ രണ്ട് അഫ്ഗാന്കാരുള്പ്പെടെ ഏഴ് നാറ്റോ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ അഫ്ഗാന് സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ള രണ്ട് നാറ്റോ ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. അതേസമയം, അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് വച്ച് ഖുറാന് കത്തിച്ച സംഭവത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: