കേരളീയ സമൂഹത്തെക്കുറിച്ച് പുറം ലോകക്കാര്‍ക്ക് വലിയ മതിപ്പാണ്. ഉയര്‍ന്ന വിദ്യാഭ്യാസം, കഠിനാധ്വാനം, ബുദ്ധി സാമര്‍ഥ്യം, ശുചിത്വം എന്നിവയ്ക്ക് കേരളീയരെ മാതൃകയാക്കാനാണ് മറ്റുള്ളവര്‍ ഉപദേശിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നടമാടുന്ന കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് മതിപ്പ് താനെ കെട്ടടങ്ങും. അതില്‍ പ്രധാനമായത് അക്രമം തന്നെ. സ്നേഹവും സമാധാനവും സഹവര്‍ത്തിത്വവും നിര്‍ബാധം തുടരണമെന്നാഗ്രഹിക്കുന്നവരെ അസ്വസ്ഥരാക്കുന്ന അക്രമ സംഭവങ്ങളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് രാഷട്രീയ സംഘട്ടനങ്ങള്‍. കേരളത്തിലെ മിക്ക ജില്ലകളില്‍നിന്നും രാഷ്ട്രീയ സംഘട്ടനങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങള്‍ക്ക് കാലപ്പഴക്കമുണ്ടെങ്കിലും മറ്റു ജില്ലകളിലേക്കും ഇത് പടര്‍ന്നിരിക്കുന്നു. കാസര്‍കോടും കോഴിക്കോടും തൃശൂരും കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റുകാരും ലീഗുകാരും ദിവസങ്ങളോളം ഏറ്റുമുട്ടി. ഒരാളുടെ മരണത്തിനും നിരവധി പേരുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ന്നു. കടകളും വാഹനങ്ങളും ചാമ്പലായി. വെട്ടും കുത്തുമേറ്റ് നിരവധിപേര്‍ ആശുപത്രികളില്‍ കഴിയുകയാണ്. ഇതൊക്കെയായിട്ടും നേതാക്കള്‍ വെല്ലുവിളി തുടരുകയാണ്. ഇരുകക്ഷികള്‍ക്കും ആള്‍ബലവും ആയുധശക്തിയുമുണ്ട്. ഇരുവരും പ്രഖ്യാപിച്ചതു പോലെ നടപ്പായാല്‍ കണ്ണൂര്‍ മാത്രമല്ല കേരളമാകെയും ചോരപ്പുഴയൊഴുകും. കാസര്‍കോടു ജില്ലയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം തല്ലുന്ന നിലയിലേക്ക് ലീഗ് ഗുണ്ടകള്‍ വളര്‍ന്നിരിക്കുന്നു.
തിരുവനന്തപുരത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയാണ് തിരിഞ്ഞിട്ടുള്ളത്. നെടുമങ്ങാട് ആഴ്ചകളായി ഏകപക്ഷീയമായി അക്രമം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകള്‍ക്ക് വെട്ടേറ്റു. അതിനെക്കാള്‍ ഭീകരമാണ് വീടു കയറിയുള്ള അക്രമങ്ങള്‍. സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും വെറുതെ വിടുന്നില്ല. തെരുവു ഗുണ്ടകളും ചട്ടമ്പികള്‍ പോലും വീടുകളില്‍ കയറി ആക്രമിക്കാറില്ല. ധൈര്യമുണ്ടെങ്കില്‍ പുറത്തിറങ്ങാനാണ് ഇത്തരക്കാര്‍ വെല്ലുവിളിക്കുക. രാഷ്ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ അഭിനവ ഗുണ്ടകള്‍ക്ക് വീടും കുടിയും സ്ത്രീയും പുരുഷനുമൊന്നുമില്ല. എന്തും ചെയ്യും, എപ്പോഴും ചെയ്യും. ഇതിനവര്‍ക്ക് ധൈര്യം ലഭിക്കുന്നത് പോലീസിന്റെ നിഷ്ക്രിയത്വം മൂലമാണ്. പോലീസ് നിഷ്പക്ഷമായും നീതിപൂര്‍വകമായും പെരുമാറുന്നില്ല എന്ന പരാതിയാണ് പരക്കെ. തല്ലാനും കൊല്ലാനും തീരുമാനിച്ചുറപ്പിച്ച് സായുധരായി ഇറങ്ങിത്തിരിച്ചവരെ കണ്ടാലും പോലീസ് അനങ്ങാത്ത അവസ്ഥ. കണ്ണൂരില്‍ ഒരാള്‍ മരിച്ചത് പോലീസിന്റെ അനങ്ങാപ്പാറ നിലപാടുകൊണ്ടാണെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. ഭരണം മാറിയിട്ടും പോലീസിന്റെ മനോഭാവം മാറിയിട്ടില്ലെന്നാണ് കണ്ണൂരിലെ ലോകസഭാംഗം കെ.സുധാകരന് പ്രസ്താവിച്ചിരിക്കുന്നത്. ഭരണം മാറുന്നതിനനുസരിച്ച് പോലീസിന്റെ സ്വഭാവം മാറുന്നത് ആശാസ്യമല്ലെന്ന കാര്യം വേറെ. കോണ്‍ഗ്രസ് ഭരണം വന്നാല്‍ അവരുടെ പോലീസ്. മാര്‍ക്സിസ്റ്റ് ഭരണം വന്നാല്‍ അവരുടെ ആജ്ഞാനുവര്‍ത്തികളായി പോലീസുകാര്‍ പെരുമാറും. ഇത് നീതി നിര്‍വഹണം അസാധ്യമാക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിലെ പോലീസിനെക്കുറിച്ച് അഭിമാനം കൊള്ളാറുണ്ട്. ചില കേസുകള്‍ തെളിയിക്കുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന കഴിവ് എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്നാല്‍ പാര്‍ട്ടിയാഫീസില്‍ ബുദ്ധിയും ശക്തിയും പണയപ്പെടുത്തി നട്ടെല്ല് വാഴത്തണ്ടു കൊണ്ടുണ്ടാക്കിയ ചില കൊഞ്ഞാണന്മാരായ പോലീസുകാരാണ് രാഷ്ട്രീയ നേതൃത്വത്തിന് വിടുപണി ചെയ്യുന്നത്. യജമാനന്മാരുടെ ആജ്ഞയ്ക്കനുസരിച്ച് പെരുമാറാനും അവര്‍ക്കു മടിയില്ല. തൃശൂരില്‍ സമാധാനപരമായി സമരം നടത്തിയവരെ തല്ലിച്ചതച്ചത് പോലീസ് അതിക്രമത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വേലി തന്നെ വിള തിന്നുന്ന ഇമ്മാതിരി പെരുമാറ്റം പോലീസ് സേനയ്ക്കാകമാനം നാണക്കേടാണ്. പോലീസ് സേനയില്‍ കള്ളന്മാരും കൊള്ളക്കാരും കൈക്കൂലിക്കാരും എന്തിന് കൊലപാതകികള്‍ പോലുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ചിലരൊക്കെ ജയിലിലും സസ്പെന്ഷന് വാങ്ങി പുറത്തുമാണ്. ഇപ്പോഴും സേനയുടെ അകത്തുള്ളവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്രമികള്‍ രാഷ്ട്രീയക്കാരായാലും ഗുണ്ടാപ്പിരിവുകാരായാലും ക്വട്ടേഷന്‍ സംഘങ്ങളായാലും പോലീസുകാരായാലും അവര്‍ ഒരേ തൂവല്‍ പക്ഷികളാണ്. ഒരു തരത്തിലുള്ള അക്രമവും സാമൂഹ്യപുരോഗതിക്ക് ഉതകുന്നതല്ല. എന്റെ ദേഹം പോലെ തന്നെയാണ് മറ്റുള്ളവരുടെ ദേഹവുമെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഒരക്രമത്തിനും മനസ്സു വരില്ല. ആ ചിന്ത കുട്ടിക്കാലത്തു മുതല്‍ വളര്‍ത്തിക്കൊണ്ടു വരണം.
നിര്‍ഭാഗ്യമെന്നു പറയട്ടെ അതിനുള്ള അവസരം പോലും കുട്ടികള്‍ക്കു നല്കാന് മുതിര്‍ന്നവര്‍ മനസ്സു വയ്ക്കുന്നില്ല. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരു വിദ്യാലയത്തില്‍ നടന്നത്. പരീക്ഷയില്‍ കോപ്പിയടിക്കുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചു എന്നതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ ഉന്നതന്മാരുടെതെന്നു പറയുന്ന കുട്ടികള്‍ പഠിക്കുന്ന സ്വകാര്യസ്കൂളിലാണിത്. എട്ടാം ക്ലാസുകാരന്റെ കൈത്തണ്ടയില്‍ ഇരുമ്പു കമ്പി ഉപയോഗിച്ച് ഒരു ഇംഗ്ലീഷ് അക്ഷരത്തില്‍ ചാപ്പ കുത്തുകയും ചെയ്തു. വിഷയം മൂടിവയ്ക്കാന്‍ സ്കൂള്‍ അധികൃതരുള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചെങ്കിലും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പ്രശ്നം അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പും പോലീസും തയ്യാറായിരിക്കുന്നു. വീടുകളിലും സ്കൂളുകളിലും സമൂഹത്തിലും ഇതുപോലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളുടെ മനോനില ഊഹിക്കാവുന്നതേയുള്ളൂ. അക്രമം ആരുടെതായാലും അത് അപരിഷ്കൃതമാണ്. ശാന്തിയും സമാധാനവുമുള്ള സമൂഹ സൃഷ്ടിക്ക് ഈ രീതി സഹായകമല്ല. ഇതിനെല്ലാം മാറ്റമുണ്ടാക്കാനുള്ള ചര്‍ച്ചയും ശ്രമവും തുടങ്ങേണ്ട സമയം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: