ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒടുവില്‍ പുറത്തുവന്നിട്ടുള്ള വിവാദത്തിലെ ഇരകള്‍ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ ബഹിരാകാശ ശാസ്ത്രജ്ഞന്മാരാണ്. ബഹിരാകാശ ഗവേഷണകേന്ദ്രം മുന്‍ മേധാവി ജി.മാധവന് നായര്‍ അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടിക തയ്യാറാക്കി അപമാനിച്ചത് ദൂരവ്യാപകമായ ദോഷഫലങ്ങള്ക്കാണ് വഴിമരുന്നിട്ടിട്ടുള്ളത്. വിവാദത്തിന്റെ തുടര്‍ച്ചയെന്നോണം മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന് റോഥംനരസിംഹ ഇന്ത്യന്‍ ബഹിരാകാശ കമ്മീഷന് അംഗത്വം രാജിവെച്ചിരിക്കയാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ബഹിരാകാശ കമ്മീഷനില്‍ അംഗമായ നരസിംഹ പത്മഭൂഷന്‍ അടക്കം ഒട്ടേറേ ബഹുമതികള്‍ നേടിയിട്ടുള്ള ആളാണ്. ഇരുന്നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രാജി പിന്‍വലിപ്പിക്കാനുള്ള സര്ക്കാരിന്റെശ്രമം വിജയിച്ചിട്ടില്ല. എന്തിലും ഏതിലും രാഷ്ട്രീയചരടുവലികളും, നിഗൂഢ ഇടപെടലുകളും നടത്തുന്ന യുപിഎ സംവിധാനം തങ്ങളുടെ തെറ്റായ നടപടികളിലൂടെ ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്കും കനത്ത ദോഷമാണ് ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വിവാദമായ അന്തരീക്ഷ്-ദേവദാസ് കരാറിന്റെ പേരില്‍ ശാസ്ത്രജ്ഞന്മാരെ പ്രതികൂട്ടിലാക്കി രക്ഷപ്പെടാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. നമ്മുടെ ശാസ്ത്രമേഖലയുടെ ആത്മവിശ്വാസംതന്നെ ചോര്‍ത്തിക്കളയുന്ന ആപത്കരമായ സ്ഥിതിവിശേഷമാണ് ഇവിടെ സംജാതമായിട്ടുള്ളത്. ജി.മാധവന് നായര്‍ രാജ്യത്തിന്റെ പൊതുസ്വത്തും കേരളത്തിന്റെ മുത്തുമായിത്തീര്ന്ന ബഹിരാകാശ ശാസ്ത്രപ്രതിഭയാണ്. അദ്ദേഹത്തിന്റെ കാലത്ത് നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളും വന്വിജയമായിത്തീര്ന്നിട്ടുള്ളതാണ്. മികച്ച പ്രതിഭയും ധിഷണാശാലിയായ കര്മ്മശ്രേഷ്ഠനുമാണദ്ദേഹം. ഇനിയും ബഹിരാകാശ മേഖലയ്ക്ക് കനത്ത സംഭാവനകളര്‍പ്പിക്കാന്‍ കഴിവുള്ള ശാസ്ത്രജ്ഞരെയാണ് മന്‍മോഹന്‍സിംഗ് ഭരണകൂടം ഇപ്പോള്‍ നിരോധനംവഴി നാണംകെടുത്തിയിട്ടുള്ളത്. ഇതില്‍ ധാര്‍മ്മികരോഷം അടക്കാനാവാത്ത നല്ലൊരു വിഭാഗം ശാസ്ത്രജ്ഞര്‍ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കകത്തുതന്നെയുണ്ട്. സര്‍ക്കാര്‍ ലാഘവത്തോടെ ഇരന്നുവാങ്ങിയ ഇപ്പോഴത്തെ വിവാദം നാടിന് കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്.
ആന്‍ട്രിക്സ്-ദേവദാസ് ഇടപാടുവഴി നാടിന്ന് നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ആയത് ഗൗരവപൂര്‍വ്വം ചിന്തിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ട വിഷയമാണ്. ഈ വിവാദകരാറിനെകുറിച്ച് അന്വേഷണം നടത്തിയത് റോഥംനരസിംഹയാണ്. പ്രസ്തുത അന്വേഷണം ശാസ്ത്രജ്ഞന്മാരെ കുറ്റക്കാരാക്കിയിട്ടില്ല.
കരാറിടപാടുവഴി ആര്‍ക്കും വ്യക്തിപരമായി നേട്ടമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി ജി.മാധവന്‍നായര്‍ അടക്കമുള്ളവരെ സര്‍ക്കാര്‍ നിയമനങ്ങളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങളുടെ ഭാഗം ചോദിക്കുകയോ വിശദീകരണം നല്കാന് അവസരം നല്കുകകയോ ചെയ്യാതെ ഏകപക്ഷീയമായി പടച്ചുണ്ടാക്കിയ ഒന്നാണ് റിപ്പോര്‍ട്ടെന്ന് അവര്‍ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത അന്വേഷണത്തിന്റെ വ്യക്തമായ രൂപം പുറത്തുവിടാന്‍ തയ്യാറുമില്ല. സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതിന്റെ അടിസ്ഥാനപ്രമാണം അവസരം നല്‍കാതെ ഒരാളും കുറ്റക്കാരനാക്കികൂടാ എന്നുള്ളതാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്-ഭരണകൂടം സാമാന്യനീതിയുടെ നഗ്നമായ ലംഘനം നടത്തുകയും തുടര്‍ നടപടികളിലൂടെ കുഴപ്പം ക്ഷണിച്ചുവരുത്തുകയും ചെയ്തിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നരസിംഹ ബഹിരാകാശ കമ്മീഷനില്‍നിന്നും രാജി സമര്‍പ്പിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പൃഥിരാജ് ചവാന് കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് വിവാദ ഇടപാട് നടന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് നടന്ന എല്ലാ ബഹിരാകാശ കമ്മീഷന് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ കുറ്റമെല്ലാം ശാസ്ത്രജ്ഞന്മാരുടെ തലയില്‍വെച്ചുകെട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ പൃഥ്വിരാജ് ചവാന് വേണ്ട വിശദീകരണം നല്കാന് ഇപ്പോഴും തയ്യാറല്ല. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് യാതൊരു നടപടിക്കും മുതിരുന്നുമില്ല. നീതിനിഷേധത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൈയാളികൊണ്ടിരിക്കുന്നത്. ബഹിരാകാശ മേഖലയോട് ബന്ധപ്പെട്ട രംഗങ്ങളില്‍പോലും മൂന്നാംകിട രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരും ഭരണകക്ഷിയായ കോണ്‍ഗ്രസ്സും ഇറങ്ങിപുറപ്പെട്ടിട്ടുള്ളത്. ഇവരുടെ നിലപാട് അധിക്ഷേപാര്‍ഹമാണ്.
നരസിംഹയുടെ രാജികത്തിനെ തുടര്‍ന്ന് രംഗത്തുവന്ന കേന്ദ്ര സഹമന്ത്രി വി.നാരായണസ്വാമി അദ്ദേഹത്തോട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കയാണ്. വിഖ്യാതനായ റോഥംനരസിംഹയെ ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്നു എന്നും തുറന്നുപറയാന്‍ മന്ത്രി തയ്യാറായിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ കേന്ദ്രഭരണവും കോണ്‍ഗ്രസ്സും ആത്മാര്‍ത്ഥത ഇനിയും തെളിയിക്കേണ്ടതായിട്ടുണ്ട്. ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം അളവുകോല്‍ ധൈഷണികതയാണ് മറിച്ച് നൈതികതയല്ലെന്ന സത്യം ഭരണകൂടം വിസ്മരിക്കയാണ്.
ആന്‍ട്രിക്സ്-ദേവദാസ് കരാറിനോട് ബന്ധപ്പെട്ട് ചില ശാസ്ത്രജ്ഞന്മാര്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി അധാര്‍മ്മികവും ബന്ധപ്പെട്ട മേഖലയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതുമാണെന്ന് നരസിംഹ മുന്‍പുതന്നെ പറഞ്ഞിട്ടുള്ളതാണ്. രാജിയെ തുടര്‍ന്ന് അദ്ദേഹമത് വീണ്ടും ആവര്‍ത്തിച്ചു. ബഹിരാകാശ മേഖലയില്‍ പലവിധത്തിലുള്ള അപകട-നഷ്ടസാധ്യതകള്‍ സാഹസികമായി ഏറ്റെടുത്തുകൊണ്ടാണ് ശാസ്ത്രജ്ഞന്മാര് തീരുമാനമെടുക്കുന്നത്. ഇത് ഭരണകൂടം പാലം വലിച്ച് പ്രതികൂട്ടിലാക്കുമെന്ന അവസ്ഥവന്നാല്‍ സാഹസികത ഏറ്റെടുക്കാന്‍ പലരും വിമുഖരായിത്തീരുമെന്നകാര്യം ഉറപ്പാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച ശാസ്ത്രജ്ഞന്മാരുടെ ഭാഗത്തുനിന്നുണ്ടാകാത്തിടത്തോളം കാലം അവരെ ശിക്ഷിക്കുന്നതിലര്ത്ഥമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നരസിംഹയുടെ അഭിപ്രായത്തെപ്പോലും കണക്കിലെടുക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്. ഐഎസ്ആര്‍ഒയുടെ വിശിഷ്ട പ്രൊഫസര്‍ എന്ന ബഹുമതി അലങ്കരിക്കുന്ന നരസിംഹയുടെ രാജി പിന്‍വലിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും കേന്ദ്രഭരണകൂടം മുന്നോട്ടുവരികയാണ് വേണ്ടത്.
എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പതിവുപോലെ മൗനിയാണ്. കരസേനാമേധാവിയുടെ പ്രശ്നത്തിലും ഇപ്പോഴത്തെ ബഹിരാകാശ ശാസ്ത്രകേന്ദ്രകാര്യത്തിലും പ്രധാനമന്ത്രി പാലിക്കുന്ന മൗനം കുറ്റകരവും ആപത്കരവുമാകുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ പ്രതിബദ്ധതയുള്ള പ്രധാനമന്ത്രി ഉറക്കെപറയാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഇനി അമാന്തിച്ചുകൂടാ.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: