ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കൊലയാളികളായ നാവികരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്സി കൊച്ചിയില്‍ തടഞ്ഞിട്ടിരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സംഭവം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു നയതന്ത്ര തര്‍ക്കമായി രൂപപ്പെടുത്തി ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ തിരക്കിട്ട് നടപടി എടുക്കരുതെന്ന് ഇപ്പോള്‍ കര്‍ദ്ദിനാള്‍ ആയി അവരോധിക്കപ്പെട്ട മാര്‍ ആലഞ്ചേരി റോമില്‍വച്ച് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെയും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ സഭയിലെ വിശ്വാസികള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും ഇറ്റലിക്കും റോമിനും വേണ്ടി വാദിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഈ നിര്‍ദ്ദേശം കത്തോലിക്കാ മന്ത്രിമാരെ വിളിച്ചറിയിച്ചതായും റോമിലെ വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സി ഫിഡെസിനോ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ദ്ദിനാളിന്റെ പ്രസ്താവന വാര്‍ത്താ ഏജന്‍സി വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഒരു മന്ത്രിക്കും അത്തരം ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും കത്തോലിക്കാ സഭതന്നെ കര്‍ദ്ദിനാളിന്റെ പ്രസ്താവന നിഷേധിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. ലത്തീന്‍ സഭയുടെ വക്താവായ ബിഷപ്പ് സൂസാപാക്യവും കര്‍ദ്ദിനാള്‍ അങ്ങനെ പറഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്ന് പറയുന്നത് വളരെ ദുര്‍ബലമായ സ്വരത്തിലാണ്.
ഇറ്റാലിയന്‍ കപ്പല്‍ തടഞ്ഞിട്ടിരിക്കുന്നതും രണ്ട് ഇറ്റാലിയന്‍ സൈനികരെ അറസ്റ്റുചെയ്തതും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഒരു നയതന്ത്ര വടംവലിയിലേക്ക് നയിക്കുന്ന സാഹചര്യമാണുയരുന്നത്. കര്‍ദ്ദിനാളിന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല കൊന്നവരുടെ ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവിച്ചുകഴിഞ്ഞു. കൊലപാതകത്തിന് നയതന്ത്രപരമായ പരിരക്ഷ ഇല്ല എന്ന് പ്രസിദ്ധ നിയമജ്ഞനും ജനതാപാര്‍ട്ടി അധ്യക്ഷനുമായ സുബ്രഹ്മണ്യന്‍സ്വാമിയും ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ നാവികരെ അറസ്റ്റ്ചെയ്തതില്‍ ഇറ്റലി രോഷാകുലരാണ്. കൊല നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നും തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമങ്ങളല്ല രാജ്യാന്തര നിയമങ്ങളാണ് ബാധകമെന്നുമുള്ള നിലപാടാണ് ഇറ്റലി സ്വീകരിച്ചിരിക്കുന്നത്. 1952 ലെ യുഎന്‍ കണ്വെന്ഷന് പ്രകാരം വെടിവെപ്പുണ്ടായ സ്ഥലം ഇന്ത്യന്‍ പരിധിക്കുള്ളിലാണെന്ന വാദത്തില്‍ കേരള പോലീസ് ഉറച്ചുനില്‍ക്കുകയാണ്. ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കഴിഞ്ഞു. കപ്പല്‍ പരിശോധിക്കാനും ആയുധം കസ്റ്റഡിയിലെടുക്കാനും കോടതി ഉത്തരവ് നല്കിയ സാഹചര്യത്തില്‍ ആയുധം പിടിച്ചെടുക്കാന്‍ കപ്പല്‍ അധികൃതരുടെ ആവശ്യമില്ല. പക്ഷെ വെടിവെച്ച തോക്ക് ക്യാപ്റ്റന്‍ തന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ഇറ്റലി പോലീസ് തയ്യാറാക്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.
കപ്പലിന് നേരെ ബോട്ടോടിച്ച് വന്നതിനാലാണ് മത്സ്യത്തൊഴിലാളികളെ വെടിവെച്ചതെന്നാണ് ഇറ്റാലിയന്‍ നാവികരുടെ മൊഴി. കപ്പലില്‍നിന്നും വെടി ഉതിര്‍ത്ത സമയം ബോട്ടിലുള്ളവര്‍ മത്സ്യബന്ധനം പോലും നടത്തുന്നില്ലായിരുന്നു. സംഭവം നടക്കുമ്പോള്‍ എണ്ണടാങ്കര്‍ സിംഗപ്പൂരില്‍നിന്നും ഈജിപ്തിലേക്ക് അന്താരാഷ്ട്ര റൂട്ടില്‍ ഇറ്റാലിയന്‍ പതാകയേന്തി സഞ്ചരിച്ചിരുന്നതിനാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യക്ക് അവകാശമില്ലെന്നും ഇറ്റലി വാദിക്കുന്നു. നാവികരെ ഇറ്റലിയില്‍ കോര്ട്ട്മാര്ഷ്യല് ചെയ്യേണ്ടതിനാല്‍ വിട്ടുകിട്ടണമെന്നും വെടിവെക്കാന്‍ ഉപയോഗിച്ച ആയുധം അക്കാരണത്താല്‍ത്തന്നെ വിട്ടുനല്‍കില്ലെന്നും ഇറ്റലി വാദിക്കുന്നു. ഹൈക്കോടതി, സുപ്രീംകോടതി ഇടപെടലിലൂടെ കേസ് വിസ്താരം ഇറ്റലിയിലേക്ക് മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഈ പ്രശ്നത്തിലെ സങ്കീര്‍ണത നയതന്ത്രതലങ്ങള്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നത് പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവന പോലും പിറവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന വ്യാഖ്യാനം വന്നുകഴിഞ്ഞു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയും വെടിവെപ്പ് പ്രശ്നം സങ്കീര്‍ണമാക്കുന്നത് പിറവം തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞുകഴിഞ്ഞു. പക്ഷെ കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതിനിധാനം ചെയ്യുന്ന സഭ കേരള ക്രിസ്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്നതല്ല. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവരാണ്. കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന് സര്‍ക്കാര്‍ ഇറ്റലിയെ സഹായിക്കുന്ന നിലപാടെടുക്കുന്നു എന്ന ആക്ഷേപമുന്നയിച്ച് പ്രക്ഷുബ്ധരാണ്.
കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി വേണമെന്നും മരിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഫെഡറേഷന് ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കടലിലെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നു. കൊല്ലപ്പെട്ട ജലസ്റ്റിന്റെ വിധവ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയാവട്ടെ കപ്പല്‍ അധികൃതരോട് 25 ലക്ഷം രൂപ ഗ്യാരണ്ടിയായി കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സമുദ്രത്തില്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വിഷയവും ഒരു തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ സഭാതര്‍ക്കത്തില്‍ ഇരുചേരിയിലുള്ള പിറവത്തെ സഭാ വോട്ടര്‍മാര്‍ക്ക് പുതിയ ഒരു തലംകൂടി കൈവന്നിരിക്കുകയാണ്. കാത്തോലിക്കാ സമുദായക്കാരനായ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അഭിഷിക്തനായശേഷം റോമില്‍വെച്ച് താന്‍ ഇതില്‍ കത്തോലിക്കാ മന്ത്രിമാരുമായി സംസാരിച്ച് തീരുമാനമുണ്ടാക്കാമെന്നാണ് പ്രസ്താവന നടത്തിയത്. പിറവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി യേശുക്രിസ്തുവിനെ വിപ്ലവകാരിയാക്കിയത്. അതിനുശേഷം സിപിഎം സെക്രട്ടറി തിരുകേശം ദേഹമാലിന്യമാണെന്ന പ്രകോപനപരമായ പ്രസ്താവന നടത്തി. പിറവം ലക്ഷ്യമിട്ടാണ് പ്രതിപക്ഷനേതാവ് കഞ്ചിക്കോട് കോച്ച് ഫാക്ടറി തറക്കല്ലിടല്‍ ചടങ്ങുപോലും ബഹിഷ്കരിച്ച് രക്തസാക്ഷി ചമഞ്ഞത്. ഇടതു-വലതു കക്ഷികളുടെ രാഷ്ട്രീയ ചതുരംഗക്കളത്തിലേക്കാണ് ഇപ്പോള്‍ റോം കൊലയാളിയെ പ്രതിനിധീകരിച്ച് നിലയുറപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം എങ്ങനെ ഉരുത്തിരിയും എന്ന ആകാംക്ഷയാണ് പിറവം ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഉദ്വേഗജനകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: