ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് ഇരുപത്തിയെട്ടിലേക്ക് മാറ്റി. പ്രോസിക്യൂട്ടര്‍ നല്കിയ തെളിവുകളും രേഖകളും പരിഗണിച്ചതിന് ശേഷമാണ് കോടതി പിരിഞ്ഞത്. ജസ്റ്റിസ് നാസിര്‍ -ഉല്-മാലിക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അറ്റോര്‍ണി ജനറല്‍ അന്‍വര്‍-ഉല്-ഹഖാണ് കേസില്‍ പ്രോസിക്യൂട്ടര്‍.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ സ്വിറ്റ്സര്‍ലന്റില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതി നല്കിയ നിര്‍ദേശം അവഗണിച്ചതാണ് പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് ത്വരിതപ്പെടുത്താന്‍ കോടതിയെ പ്രേരിപ്പിച്ചത്. 2009 ഡിസംബര്‍ വരെ കേസ് പുനഃപരിശോധിക്കുന്നതിനുവേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
എന്നാല്‍ പാക്കിസ്ഥാന് അകത്തുനിന്നും പുറത്തുനിന്നുമായി എല്ലാ താരത്തിലുമുള്ള കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രസിഡന്റിന് പരിരക്ഷയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അറ്റോര്‍ണി ജനറലിനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതി കോടതി തള്ളി. അറ്റോര്‍ണി ജനറല്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വാദം കോടതിയില്‍ ഹാജരാക്കിയതിനുശേഷം കൂടുതല്‍ തെളിവ് നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കോടതിയുടെ വിചാരണ സംബന്ധിച്ച് ഗിലാനിയോട് ആലോചിച്ച് പ്രതികരിക്കുമെന്ന് ഗിലാനിയുടെ അഭിഭാഷകന് ഐഡാസ് അഷന്‍ പറഞ്ഞു. കൂടുതല്‍ തെളിവുകളും സാക്ഷികളുടെ വിവരവും അതേദിവസംതന്നെ നല്‍കുമെന്ന് അഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: