രണ്ടായിരത്തി പതിനൊന്ന്-പന്ത്രണ്ട് സാമ്പത്തിക വര്‍ഷത്തേയ്ക്ക് ലിറ്ററിന് 924 രൂപ നിരക്കില്‍ ജനകീയാസൂത്രണ പരിപാടിയില്‍പ്പെടുത്തി 1500 ലിറ്റര്‍ പൈരിത്രം 13.86 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങുന്നതിന് കൊച്ചി കോര്പ്പറേഷന് നടപടി സ്വീകരിച്ചു കഴിഞ്ഞതായി മേയറും ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ജനങ്ങളെ അറിയിച്ചിരിക്കുന്നു. കൊച്ചിയിലെ കൊതുകിനെ കൊല്ലാന്‍ ഫോഗിംഗ് നടത്തുവാനുള്ള സൂത്രവിദ്യയായിട്ടാണ് പൈരിത്രം ഉപയോഗിക്കുന്നതത്രെ! ഇതിനിടെ വൈപ്പിനിലേയും പുതുവൈപ്പിനിലേയും ചതപ്പുകളില്‍ ഹെലികോപ്റ്റര്‍ വഴിയും കൂത്താടിയെ കൊല്ലാന്‍ മരുന്ന് തെളിക്കുവാന്‍ നഗരസഭ ആലോചിച്ചുവരികയാണ്. അതിനായി രാസവസ്തു നിശ്ചയിക്കാന്‍ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററിനേയും സാങ്കേതിക ഉപദേശത്തിനും വാടകയ്ക്ക് ഹെലികോപ്ടര്‍ ലഭ്യമാകുന്നതു സംബന്ധിച്ച് അറിയുവാനുമായി കേരള പ്ലാന്റേഷന് കോര്‍പ്പറേഷനേയും സമീപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതുകൂടാതെ കൊതുകു നിര്‍മാര്‍ജ്ജന മാലിന്യ സംസ്ക്കരണത്തിനുമായി വീടുകള്‍തോറും ബോധവല്‍ക്കരണം നടത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ചുമതലപ്പെടുത്തുന്നു. ഈ അവസരത്തില്‍ എറണാകുളം കൊതുക് വിമുക്ത ജില്ലയെന്ന പ്രഖ്യാപനവും വന്നാല്‍ അത്ഭുതപ്പെടാനില്ല. ഇതുവഴി നഗരസഭ കൊച്ചിക്കാരെ വിഡ്ഢികളാക്കുകയാണ്.
പൈരിത്രം ജനങ്ങളിലും മറ്റു ജീവികളിലും ജലജീവികളിലും ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്താതെയും ഒരു മുന്‍കരുതല്‍പോലും എടുക്കാതെയും പൈരിത്രം പുകയ്ക്കുന്നതും വായുവില്‍ തളിക്കുന്നതും അശാസ്ത്രീയമാണ്. പൈരിത്രം ഒരു ജൈവ കീടനാശിനിയാണെന്നാണ് അവകാശപ്പെടുന്നത്. എന്തായാലും ഒരു ജീവിയെ കൊല്ലുവാന്‍ പ്രാപ്തിയുള്ള ഒരു മരുന്ന് മനുഷ്യന്റെ ആരോഗ്യത്തേയും ഹാനികരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. വൈകിട്ട് കൊതുക് ഏറ്റവും കൂടുതല്‍ പുറത്തുവരുന്ന സമയത്താണ് നഗരത്തില്‍ ഫോഗിംഗ് നടത്തുന്നത്. ഏതാണ്ട് ഈ സമയത്തുതന്നെയാണ് നഗരത്തിലെ തട്ടുകടകളും ഭക്ഷണശാലകളും ചലനാത്മകമാകുന്നതും. റോഡരികില്‍ തുറന്നുവച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൊതുകിനെതിരെ തളിക്കുന്ന അല്ലെങ്കില്‍ പുകയ്ക്കുന്ന രാസവസ്തുവും കലരുന്നതിന് ഇത് കാരണമാകുന്നുണ്ട്. പൈരിത്രം പുകയ്ക്കുമ്പോള്‍ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റു ഭക്ഷണശാലകള്‍ എന്നിവ തുറന്നു വയ്ക്കുന്നത് അപകടകരമാണ്. ഈ സമയത്ത് ആളുകള്‍ പുറത്തിറങ്ങുന്നതും വിഷ പുക ശ്വസിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
പൈരിത്രം പുകയ്ക്കുന്ന സമയത്ത് നഗരസഭ ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നില്ലെന്നത് ജനദ്രോഹപരമാണ്. പൈരിത്രത്തിലെ പൈരിത്രിന്‍ എന്ന രാസവസ്തു എലികളില്‍ നടത്തിയ പഠനത്തില്‍ വായിലൂടെ പൈരിത്രിന്‍ ശരീരത്തിനകത്തു ചെന്നാല്‍ ശ്വാസതടസ്സവും കൈകാല്‍ വിരലുകള്‍ ചുരുണ്ടുകൂടുകയും ശരീരപ്രവര്ത്തനങ്ങളിലെ ഏകോപനം നഷ്ടപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ തൊലിയിലൂടെ പൈരിത്രിന്‍ അകത്തുചെന്നാല്‍ രക്തധമനികളില്‍ പൊട്ടലുകളും ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ശ്വാസതടസ്സവും മൊത്തത്തില്‍ അലര്‍ജിയും ഉണ്ടാക്കിയേക്കാവുന്ന ഒന്നാണ് പൈരിത്രിന്‍.
ഏതൊരു കീടനാശിനിയ്ക്കും മനുഷ്യനില്‍ ഹാനികരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ കെല്‍പ്പുണ്ട് എന്നുതന്നെയാണ് ശാസ്ത്രം വിലയിരുത്തുന്നത്. കാസര്‍ഗോഡ് എന്റോസള്ഫാന് മനുഷ്യനിലും മൃഗങ്ങളിലും വരുത്തിയ ജനിതകമാറ്റങ്ങള്‍ ഈ തലമുറ കണ്ടതാണ്. എന്നിട്ടും പുകയ്ക്കലും തെളിക്കലുമായി ജൈവകീടനാശിനിയെന്ന പേരില്‍ പൈരിത്രം ഉപയോഗിച്ച് കൊതുകിനെ കൊല്ലുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രശ്നങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. കുട്ടികള്‍, രോഗികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ക്ക് മുതിര്‍ന്നവരെക്കാള്‍ രോഗപ്രതിരോധശേഷി കുറവായതിനാല്‍ പൈരിത്രം എന്ന ജൈവകീടനാശിനി അവരില്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. പുകയ്ക്കലായാലും തളിയ്ക്കലായാലും മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. വീടുകളുടെ ജനലുകളും വാതിലുകളും അടയ്ക്കേണ്ടതുണ്ട്. ആശുപത്രികള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണം. എസികള്‍ ഓഫ് ചെയ്യണം. കൊതുക് നാശിനി ഉപയോഗിക്കുമ്പോള്‍ ആരും പുറത്തിറങ്ങരുത്. മരുന്ന് തെളിക്കുന്ന ആളുകള്‍ക്കും മുന്‍കരുതലുകളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കേണ്ടതായിട്ടുണ്ട്. പൈരിത്രം ഓരോ ആളുകളിലും വ്യത്യസ്തരീതിയിലാണ് അലര്‍ജി ഉണ്ടാക്കുക, അതിനാല്‍ ഒരേ തരത്തിലുള്ള പ്രതിരോധ സമ്പ്രദായങ്ങള്‍ തന്നെ എല്ലാവര്ക്കും ഗുണം ചെയ്യണമെന്നില്ല.
പൈരിത്രം പുകച്ചാലും തെളിച്ചാലും വായ, മൂക്ക്, ചെവി, തൊലി, കണ്ണ് എന്നീ അവയവങ്ങളിലൂടെ മനുഷ്യശരീരത്തിലെത്തും. കീടനാശിനിയായതിനാല്‍ വിഘടിച്ച് നശിപ്പിക്കപ്പെടുവാന്‍ സമയം വേണ്ടിവരും. അത്രയേറെ സങ്കീര്‍ണ്ണമായ രാസഘടനയാണതിന്റേത്. വായുവിലൂടെ ജലത്തില്‍ ഹെലികോപ്ടര്‍ മുഖേന കൊതുകിന്റെ കൂത്താടിയെ കൊല്ലുവാന്‍ പൈരിത്രം തളിച്ചാല്‍ കാറ്റിന്റെ ഗതിയനുസരിച്ച് ജനവാസ സ്ഥലങ്ങളിലേയ്ക്ക് വായുവിലെ ജലകണങ്ങളോടൊപ്പം ജൈവ കീടനാശിനിയെന്ന പൈരിത്രം വ്യാപിക്കുകയും ജനങ്ങളുടെ ശ്വാസകോശങ്ങളിലെത്തുകയും ജലത്തിലെത്തുന്ന പൈരിത്രം ജലജീവികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനും മത്സ്യങ്ങളിലൂടെ മനുഷ്യനിലും പക്ഷികളിലും പൈരിത്രം എത്തിച്ചേരുന്നതിനും കാരണമാകും.
അമേരിക്കയിലടക്കം മറ്റു രാജ്യങ്ങളില്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകള്‍ കൊതുകുകള്‍ മുഖേന പകരുന്നുണ്ടെന്ന് ബോധ്യം വന്നപ്പോഴാണ് വേണ്ടവിധത്തിലുള്ള മുന്‍കരുതലുകള്‍ എടുത്ത് പൈരിത്രം തെളിച്ചിട്ടുള്ളത്. ആകാശമാര്‍ഗ്ഗം തളിച്ചിട്ടുള്ളത് അത്രയ്ക്കും അത്യാഹിത അവസരങ്ങളില്‍ മാത്രം. ജനങ്ങളെ പൈരിത്രത്തിന്റെ എല്ലാ പ്രശ്നവശങ്ങളും ബോധ്യപ്പെടുത്തി ആരും പുറത്തിറങ്ങരുതെന്ന് പ്രസിദ്ധം ചെയ്തതിനുശേഷവും ആഹാരപദാര്‍ത്ഥങ്ങള്‍ മൂടിവെച്ചതിനുശേഷവും വീടുകളുടേയും ആശുപത്രികളുടേയും ജനലുകളും വാതിലുകളും അടച്ചതിനുശേഷവും എസികള്‍ ഓഫ് ചെയ്തും മാത്രമാണ് ഇത്തരം ഹാനികരവും മാരകവുമായ കീടനാശിനികള്‍ തെളിയ്ക്കാറുള്ളത്. ഇതുകൂടാതെ കീടനാശിനി മുഖാന്തരം എന്തെങ്കിലും അസ്വസ്ഥത ജനങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ അതിനെ നേരിടുവാനുള്ള ദുരന്തനിവാരണമാര്ഗ്ഗങ്ങളും വിളിക്കേണ്ട ഫോണ്‍ നമ്പര്‍ സഹിതം ജനങ്ങള്‍ക്ക് നല്‍കിയും മാത്രമാണ് അത്തരം പരിപാടികള്‍ നടപ്പാക്കാറുള്ളത്.
അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഈ നടപടി വളരെ ലളിതമായി കൊച്ചി നഗരസഭ നടപ്പാക്കാന്‍ ശ്രമിക്കുന്നത് അജ്ഞതയാണ്. നഗരസഭയുടെ അജ്ഞതയും അശാസ്ത്രീയ സമീപനവും സാധാരണക്കാരായ ജനങ്ങളെയാണ് ബലിയാടുകളാക്കുക. കാസര്‍ഗോഡ് എന്റോസള്ഫാന് തളിച്ച് ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചവരാണ് പ്ലാന്റേഷന് കോര്പ്പറേഷന്. അവരെയാണ് പൈരിത്രം തെളിക്കുവാന്‍ നഗരസഭ കൂട്ടുപിടിക്കുന്നത്. കൊച്ചിയുടെ കൊതുകുനിവാരണത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്കിയവരാണ് വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്റര്‍ (വിസിആര്‍സി). ഇത് നടപ്പാക്കാതെയാണ് കോര്പ്പറേഷന് കൊച്ചിയുടെ ജലാശയങ്ങള്‍ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്ത് രാസപദാര്‍ത്ഥം തളിക്കണമെന്ന് വിസിആര്സിയോട് ചോദിച്ചിരിക്കുന്നത്. കൊതുക് പെരുകാതിരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് നടപ്പാക്കുന്നതിന് പകരം മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കാവുന്ന പൈരിത്രവുമായി നഗരസഭ മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണ്.
ഖര-ദ്രവ മാലിന്യങ്ങള്‍ സംസ്ക്കരിക്കുവാന്‍ കാര്യക്ഷമമായ ഏര്‍പ്പാട് ഉണ്ടാക്കാതെ, സെപ്റ്റിക് ടാങ്ക് ഓവര്‍ഫ്ലോ ജലം അഴുക്ക് ചാലുകളിലും ചതപ്പിലും എത്തുന്നത് തടയുവാന്‍ സംവിധാനം ഏര്‍പ്പാടാക്കാതെ, കക്കൂസുകളുടെ വാതക കുഴലുകളില്‍ നെറ്റ് കെട്ടാതെ നഗരസഭ ഹെലികോപ്റ്റര്‍ മരുന്നടിയ്ക്ക് പോകുന്നതിന് പിന്നില്‍ അറിവില്ലായ്മയോ അഴിമതിയോ ഉണ്ടെന്ന നിഗമനത്തിലെത്തിച്ചേരേണ്ടിവരും. വേനല്‍ക്കാല വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ സാങ്കേതിക പരിഹാരം കാണുന്നതിനുപകരം മറുവഴികള്ക്ക് കോടികള്‍ മുടിച്ചിട്ട് നഗരം നാറുന്നത് തടയാനാകുമോ? നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി നഗരചെരിവിനനുസരിച്ച് കാനനിര്‍മാണം നടത്താതെ കൊതുക് ശല്യത്തിന് പരിഹരം ലഭിക്കുമോ? ഖരമാലിന്യ സംസ്ക്കരണത്തിന് ഇനിയും നഗരവാസികള്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സുപ്രീംകോടതി മാലിന്യസംസ്ക്കരണം പഠിക്കുവാനായി നിയോഗിച്ച അസിം ബര്മ്മന് കമ്മറ്റി റിപ്പോര്‍ട്ട് നഗരസഭ നടപ്പാക്കാതെ സ്കൂള്‍ കുട്ടികളെ മാലിന്യം കുന്നുകൂടിയ അഴുക്ക് കെട്ടിക്കിടക്കുന്ന നഗരവീഥികളിലോട്ട് ബോധവല്‍ക്കരണത്തിന്റെ പേരില്‍ ഇറക്കിവിടുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. കൊതുക് നശീകരണത്തില്‍ നഗരസഭയുടെ ശാസ്ത്രീയവും ആത്മാര്‍ത്ഥവുമായ ഇടപെടലാണാവശ്യം. അതല്ലാതെ ഹെലികോപ്റ്റര്‍ മരുന്നടിയുടെ പേരില്‍ കൊച്ചി നഗരവാസികളെ മറ്റൊരു കാസര്‍ഗോഡ് ദുരന്തത്തിലേയ്ക്ക് നയിക്കുന്നത് ആപല്‍ക്കരമാണ്.
പൈരിത്രം പോലുള്ള മരുന്നുകള്‍ ഹെലികോപ്റ്ററില്‍ തെളിച്ചാല്‍ തേനീച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ഇത് കൊച്ചിനഗരത്തിലെ പുഷ്പങ്ങളുടേയും മട്ടുപ്പാവ് കാര്ഷികവിളകളിലേയും പരാഗണമാണ് തടസ്സപ്പെടുത്തുക. നഗരത്തിലെ അവശേഷിക്കുന്ന തെങ്ങുകളില്‍ പരാഗണത്തിന് തേനീച്ചയുടെ അഭാവം തേങ്ങയുണ്ടാകുന്നതിനെ ബാധിക്കും. പൈരിത്രത്തിന് മനുഷ്യന്റെ മിത്ര കീടങ്ങളെയും കൊല്ലാനാകുമെന്നുള്ള തിരിച്ചറിവ് നഗരസഭയ്ക്ക് ഉണ്ടാകണം. അതിനാല്‍ത്തന്നെ മുന്‍കരുതലുകളും ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളുമില്ലാതെ കൊച്ചിയുടെ വായുവില്‍ കൊതുക് നശീകരണത്തിന്റെ പേരില്‍ പൈരിത്രം നിറയ്ക്കരുതേ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: