രണ്ടു മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന സംഭവത്തില്‍ ഒടുവില്‍ ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക്ക ലെക്സി’യിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തതിലൂടെ കടുത്ത നാണക്കേട് ഒഴിവായിക്കിട്ടിയിരിക്കുകയാണ്. ലസ്റ്റോറെ, ഷല്വസോറെ എന്നിവരാണ് കസ്റ്റഡിയിലായത്.
കൊല്ലം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാറും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലും ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ രാവിലെ എട്ടുമണിയോടെയും ഉച്ചയോടെ ഐജി പത്മകുമാറും കപ്പലിലെത്തി. കപ്പലിന്റെ ക്യാപ്റ്റനുള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് നാവികരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ എട്ടുമണിക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്ന കേരളാപോലീസിന്റെ അന്ത്യശാസനത്തിന് പുല്ലുവില കല്പിച്ചപ്പോഴാണ് പോലീസ് അങ്ങോട്ടുചെന്ന് നാവിക ഉദ്യോഗസ്ഥരായ പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാജ്യാന്തര നിയമപ്രകാരം കുറ്റം ചെയ്ത രാജ്യത്തു തന്നെ ഇവര്‍ വിചാരണ നേരിടണമെന്ന നിലപാടാണ് കേരളാപോലീസ് സ്വീകരിച്ചത്. അതാണ് അന്താരാഷ്ട്ര മര്യാദയും നടപടിക്രമങ്ങളും. എന്നാല്‍ ഇതിനെ ചോദ്യംചെയ്യുകയായിരുന്നു കപ്പല്‍ അധികൃതരും ഇറ്റാലിയന്‍ പ്രതിനിധികളും. ഇനി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള നീണ്ടകര കോസ്റ്റല്‍ പൊലീസിനാണ് ഇവരെ കൈമാറേണ്ടത്. കൊല്ലം കമ്മീഷണര്‍ സാംക്രിസ്റ്റി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലത്തേക്ക് കൊണ്ടുപോയി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
കുറ്റവാളികളെ പിടികൂടാതിരിക്കാനുള്ള നീക്കങ്ങള്‍ ദല്‍ഹിയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ നടത്തിയെന്ന ആരോപണം പ്രാധാന്യമര്‍ഹിക്കുന്നു. സമ്മര്‍ദ്ദത്തിനൊടുവിലാണ് മത്സ്യത്തൊഴിലാളികളെ വധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കുന്നതില്‍ കേരളത്തിന് തടസ്സമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ അറസ്റ്റുചെയ്യാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തിയതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ട്. പ്രശ്നം നയതന്ത്ര തലത്തിലേക്ക് എത്തിച്ച് ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ രക്ഷിക്കുവാനാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന സൂപ്പര്‍ അധികാരകേന്ദ്രം ശ്രമിക്കുന്നതെന്ന ആക്ഷേപം കഴമ്പില്ലാത്തതാണെന്ന് കരുതിക്കൂടാ. കുറ്റം ചെയ്തിട്ടും ധിക്കാരപരമായ സമീപനമാണ് കപ്പലിലുള്ളവര്‍ സ്വീകരിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം പെരുമാറി. അതിന് ധൈര്യം നല്‍കിയത് ഏത് കേന്ദ്രമാണ്? കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയാണോ? അതോ അവരുടെ ആജ്ഞാനുസരണം പ്രധാനമന്ത്രിയോ? നിയമം അതിന്റെ വഴിക്കുനീങ്ങുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അങ്ങിനെ പറയാന്‍ കേന്ദ്രത്തിലിരിക്കുന്ന ഒരാളും തയ്യാറായിട്ടില്ല. സായിപ്പിന്റെ മുന്നില്‍മാത്രമല്ല മുട്ടുവിറയ്ക്കാന്‍ മദാമ്മ തന്നെ ധാരാളം എന്ന നപുംസകസമീപനമാണവരെ അടക്കിവാഴുന്നത്.
ഭാരതത്തിന്റെ ആത്മാഭിമാനത്തേക്കാള്‍ ഇറ്റലിയുടെ താല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്റിക ലെക്സിയുടെ ഉടമകളായ ഡോള്‍ഫിന്‍ ചേംബേഴ്സ് ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയെ ആദ്യം അറിയിച്ചത്. എന്നാല്‍ ഇവര്‍ അറസ്റ്റിന് വഴങ്ങുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്യാതിരിക്കാന്‍ അണിയറനീക്കങ്ങളും നടത്തി.
കടല്‍ക്കൊള്ളക്കാരാണെന്ന് വിചാരിച്ച് വെടിവെക്കുകയായിരുന്നുവെന്ന വിചിത്രമായ വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. സംഭവം നടക്കുമ്പോള്‍ മീന്‍പിടിത്തബോട്ടില്‍ 11 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരില്‍ 9 പേര് ഉറക്കത്തിലായിരുന്നു. ഉണര്‍ന്നിരുന്ന രണ്ടുപേരാണ് വെടിയേറ്റ് മരിച്ചത്. ഇറ്റാലിയന്‍ കപ്പലില്‍ ആയുധധാരികളായ ആറ് പേരാണുണ്ടായിരുന്നത്. ഒരുവശത്ത് ഭരണ നേതൃത്വം സംഭവത്തെ അപലപിക്കുകയും ശക്തമായ നടപടികള്‍ എടുക്കുമെന്ന് പറയുമ്പോഴും നടപടി ഇല്ലാതിരിക്കുകയും ഇറ്റലിക്ക് മുമ്പില്‍ ഇന്ത്യയുടെ അന്തസ്സ് അടിയറവയ്ക്കുംവിധം പെരുമാറുകയും ചെയ്തു. രണ്ട് കൊലപാതകങ്ങളെ രാജ്യാന്തര നയതന്ത്ര കപ്പല്‍ പ്രശ്നമാക്കി മാറ്റുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് മത്സ്യത്തൊഴിലാളികളും ജനങ്ങളുമാണ്. സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുകയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ പ്രശ്നം ഇവിടെ ഒതുങ്ങുന്നില്ലായെന്ന് ഒരുധാരണ പരന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന വിദേശികള്‍ അറസ്റ്റിന് വഴങ്ങാതെ രാഷ്ട്രത്തിന്റെ പരമാധികാരത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത് കണ്ടപ്പോള്‍ ദശീയജനത ഒന്നടങ്കം സങ്കടപ്പെട്ടതും അമര്‍ഷം പ്രകടിപ്പിക്കുന്നതും കാണാനായി.
ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഇത്തരം കൊലപാതകകുറ്റങ്ങളെ നയതന്ത്ര പ്രശ്നമായി കാണുകയില്ല. ഏതായാലും കേരളാപോലീസ് ശക്തമായ നിലപാടെടുക്കുകയും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ നടപടിസ്വീകരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന ഉറച്ച സമീപനത്തിന് മുന്നില്‍ രാഷ്ട്രീയനേതൃത്വത്തിന് ഉത്തരം മുട്ടുകയായിരുന്നു. ഇനി എന്ത് എന്നാണ് കാണാനിരിക്കുന്നത്. രണ്ടിലൊന്ന് അറിഞ്ഞിട്ടുമതി കപ്പല്‍ വിട്ടുകൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: