മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍ ഉടമ വിജയ് മല്യക്ക് വീണ്ടും നിരാശ. ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി മല്യ നടത്തിയ ആറ് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച ഫലം കണ്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്പ്പറേഷന് ബാങ്ക് എന്നിവയുള്‍പ്പടെ 18 ബാങ്കുകളുമായാണ് ചര്‍ച്ച നടത്തിയത്.
കിംഗ്ഫിഷറിന് വേണ്ട പ്രവര്‍ത്തന മൂലധനം, മറ്റ് വായ്പ എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണ് ചര്‍ച്ച നടത്തിയത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 444 കോടി രൂപയായിരുന്നു.
കിംഗ്ഫിഷറിന്റെ ഉപദേഷ്ടാവായ എസ്ബിഐ ക്യാപ്പിറ്റല്‍ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് ബാങ്കുകള്‍ അംഗീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ ഐക്യത്തിലെത്താന്‍ സാധിച്ചില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിജയ് മല്യ തയ്യാറായില്ല. എസ്ബിഐയാണ് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കിംഗ്ഫിഷര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും സാധിച്ചിട്ടില്ല. പതിനായിരം കോടി രൂപയിലധികം കടബാധ്യതയാണ് കിംഗ്ഫിഷറിനുള്ളത്. എസ്ബിഐക്ക് 1,500 കോടി രൂപയും കോര്പ്പറേഷന് ബാങ്കിനും ബാങ്ക് ഓഫ് ബറോഡക്കും 400 കോടിയും ഫെഡറല്‍ ബാങ്കിന് 380 കോടി രൂപയുമാണ് കിംഗ്ഫിഷര്‍ നല്‍കാനുള്ളത്. ഇത് കൂടാതെ മറ്റ് ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ട്. കിംഗ്ഫിഷറിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം ബുദ്ധമുട്ടാണെന്നും എസ്ബിഐ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: