നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനകമ്പനിയുടെ ഡയറക്ടര്‍ യോഗം 25ന് നെടുമ്പാശ്ശേരിയില്‍ നടക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന്റെ കണ്‍സല്‍ട്ടന്‍സി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും ഹഡ്കോയുമായി ഓഹരി കൈമാറ്റം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനെ സംബന്ധിച്ചും വിമാനത്താവളത്തില്‍ മുന്നൂറ് കോടി മുടക്കി പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചും മറ്റ് സിയാലിന്റെ വികസനപദ്ധതികളെക്കുറിച്ചും ഇതുവരെ നടന്നിട്ടുള്ള വികസന പദ്ധതികളെക്കുറിച്ചും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടക്കും.
ഇതില്‍ പ്രധാനമായും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനിയില് ഹഡ്കോയും തമ്മില്‍ ഓഹരി കൈമാറ്റത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയും പുരോഗതിയെക്കുറിച്ചായിരിക്കും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടക്കുക. വിമാനത്താവളകമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്, കമ്പനി സെക്രട്ടറി വെങ്കിടേശ്വരന് എന്നിവര്‍ ദല്‍ഹിയില്‍ വച്ച് ഹഡ്കോ മാനേജിംഗ് ഡയറക്ടര്‍ ബലിഗറുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കും. അടുത്ത മാസം ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിമാനത്താവളകമ്പനിയുടെ നിലപാട് വ്യക്തമാക്കും. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പുറത്തുവച്ച് പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ഹഡ്കോയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കിയത്. ജനുവരി 19ന് നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് ആണ് എം. ഡി. വി. ജെ. കുര്യന് ഡയറക്ടര്‍ ബോര്‍ഡില്‍ വയ്ക്കുക. കൊച്ചി വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഹഡ്കോയില്‍നിന്നും 143 കോടി രൂപ വായ്പ എടുത്തിരുന്നു. പലിശ അടക്കം ഇത് 175 കോടി രൂപയായി ഉയര്‍ന്നു. കുറഞ്ഞ പലിശയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി 120 കോടി രൂപ 2006ല്‍ ഹഡ്കോയ്ക്ക് നല്‍കിയിരുന്നു. ബാക്കി നല്‍കാനുള്ള തുകയും 52 കോടി രൂപ വിമാനത്താവളകമ്പനിയുടെ ഓഹരി നല്‍കണമെന്ന് ഹഡ്കോ ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്താവളകമ്പനി അധികൃതര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഹഡ്കോയ്ക്ക് നല്‍കാനുള്ള തുകയും അതിന്റെ പലിശയും അടക്കം 64 കോടി രൂപ വിമാനത്താവള കമ്പനി അധികൃതര്‍ ഹഡ്കോയ്ക്ക് അയച്ച് കൊടുത്തെങ്കിലും ഹഡ്കോ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഹഡ്കോ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ഹഡ്കോയ്ക്ക് നല്‍കാനുള്ള 73.34 കോടി രൂപ ട്രൈബ്യൂണലില്‍ കെട്ടിവച്ചു. ഓഹരി വേണമെന്ന നിലപാടില്‍ ഹഡ്കോയും ഓഹരി നല്കാന് കഴിയില്ല എന്ന നിലപാടില്‍ വിമാനത്താവളകമ്പനി അധികൃതരും നിലനിന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ ഹഡ്കോയ്ക്ക് ഓഹരി നല്കാതിരുന്നാല് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ സര്‍ക്കാര്‍ ഓഹരി നാമമാത്രമായി തീരും. ഇത് സ്വകാര്യ ഡയറക്ടര്‍മാര്‍ വിമാനത്താവളം ഭരിക്കുന്നതിന് കാരണമാകും. ഇത് വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഓഹരി സംബന്ധമായ തര്‍ക്കം ഉടലെടുത്തതോടെ ഇരുപക്ഷവും കോടതിയെ സമീപിച്ചു. കേസ് നിലവില്‍ കോടതിയിലാണ്. സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹഡ്കോയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയുടെ ഭാഗമായാണ് സിയാല്‍-ഹഡ്കോ അധികൃതര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ഹഡ്കോയില്‍നിന്നും വായ്പ എടുത്ത തുകയില്‍ അടയ്ക്കാനുള്ളതും പലിശയും കൂടാതെ ഒരു നിശ്ചിത തുക നല്കി ഹഡ്കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടക്കുന്നത്. ഹഡ്കോയുമായി തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ സിയാലിന്റെ ഓഹരി പബ്ലിക് ഇഷ്യു നടത്താന്‍ കഴിയുകയുള്ളൂ. സിയാല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഈ ഡയറക്ടര്‍ ബോര്‍ഡില്‍ ഏകദേശം പ്രശ്നപരിഹാരത്തിനുള്ള ധാരണയാകുവാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: