വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ബന്ധം വഷളായി തുടരുന്നതിനാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമായി തര്‍ക്കപ്രദേശമായ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന് ചൈനക്ക് 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കുന്നു. പാക്കിസ്ഥാനിലെ ഉര്‍ദ്ദു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി അമേരിക്കയിലെ മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ പാക് കരസേനാ മേധാവി ജനറല്‍ അഫ്ഫാക് കയാനി ചൈന സന്ദര്‍ശിച്ച വേളയിലാണ് ഗില്‍ഗിറ്റ് ആ രാജ്യത്തിന് പാട്ടത്തിന് നല്കാന് തീരുമാനിച്ചതെന്ന് വെള്ളിയാഴ്ച സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ സ്ഥിതിവിശേഷം വഷളായ സാഹചര്യത്തിലും അമേരിക്കയുമായുള്ള ബന്ധത്തിന് വിള്ളല്‍ വീണതിനാലുമാണ് ഗില്‍ഗിറ്റ് ചൈനക്ക് പാട്ടത്തിന് നല്കാന് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പാക്കിസ്ഥാന്റെ ഈ നീക്കത്തിന് ചൈനയില്‍ അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നാണ് ഗില്‍ഗിറ്റ്-ബാര്‍ട്ടിസ്ഥാന്‍ മേഖലയില്‍ വിതരണം ചെയ്ത ഉറുദു പത്രത്തിലെ വാര്‍ത്തയിലുള്ളത്. നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പത്രം ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഗില്ഗിറ്റിന്റെ നിയന്ത്രണം ചൈനക്ക് വിടുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും നയതന്ത്ര വിദഗ്ധര്‍ ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്ത പറയുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന ചൈന തുടര്‍ന്ന് മേഖലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കും. ചൈനീസ് സേനയെ വിന്യസിക്കലായിരിക്കും അടുത്ത നടപടി. ചൈനാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി വെന്ജിയാബോയുമായി കൂടിക്കാഴ്ച നടത്തിയ പാക് കരസേനാ മേധാവി കയാനി പറഞ്ഞത് പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുന്നത് ഇരുരാജ്യങ്ങളുടെ നയങ്ങളുടെ മൂലക്കല്ലായി മാറുമെന്നാണ്. ചൈനീസ് സര്‍ക്കാര്‍ സേനയും പാക്കിസ്ഥാനുമായുള്ള സൈനികബന്ധം തുടരുമെന്ന് ഇതിനോടുള്ള പ്രതികരണമായി പ്രധാനമന്ത്രി ജിയാബോ വ്യക്തമാക്കി.
ഗില്‍ഗിറ്റ്-ബാര്‍ട്ടിസ്ഥാന്‍ മേഖലകളില്‍ സംയുക്ത സൈനിക നീക്കത്തിന് ചൈനയും പാക്കിസ്ഥാനും നീക്കം നടത്തുന്നതായും യുഎസ് നയതന്ത്ര സ്ഥാപനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: