മാലെ: മാലിദ്വീപില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യതയില്ലെന്ന് പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ്. തെരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ ആവശ്യം വഹീദ് തള്ളിക്കളഞ്ഞു. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ രാജ്യത്തെ ഇപ്പോഴത്തെ അന്തരീക്ഷം അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
നഷീദിനെതിരെ അറസ്റ്റ് വാറണ്ടുണ്ടെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോകുന്നില്ലെന്നും സഹകരിക്കുകയാണ് വേണ്ടതെന്നും വഹീദ് പറഞ്ഞു.
ഇതിനിടെ, രാജ്യത്തെ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ നയതന്ത്രതല നീക്കങ്ങള്‍ തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളെ കാണാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായ എം. ഗണപതിയെ ഇന്ത്യ മാലിയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് മാലി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അതേസമയം നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് നഷീദ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ സ്ഥാനഭ്രഷ്ടനായ പ്രസിഡനൃ മുഹമ്മദ് നഷീദിന്റെ ഭാര്യയ്ക്ക് ശ്രീലങ്കയില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രാജപക്സെ അറിയിച്ചു. ലൈലാ നഷീദും കുടുംബാംഗങ്ങളും ശ്രീലങ്കയിലേക്ക് മൂന്നുദിവസം മുമ്പാണ് പലായനം ചെയ്തത്. ഇവരുടെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കിയെന്ന് രാജപക്സെ വ്യക്തമാക്കി.
തലസ്ഥാനമായ മാലെയില്‍ വെള്ളിയാഴ്ച തെരുവ് റാലിയില്‍ നഷീദ് പ്രത്യക്ഷപ്പെട്ടു. നഷീദിനെതിരെ കോടതി വാറന്റയച്ചെന്നും അറസ്റ്റു ചെയ്തെന്നുമുള്ള അഭ്യൂഹങ്ങള്ക്കിടയ്ക്കാണ് നഷീദ് റാലി നയിച്ച് നഗരം ചുറ്റിയത്. എന്നാല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
മാലിയിലെ പ്രധാന പള്ളിക്കരികെ അനുകൂലികള്‍ നഷീദിന് വന്‍സ്വീകരണം നല്കി. തനിക്ക് പദവി തിരിച്ചുതരണമെന്ന് ആവശ്യപ്പെടില്ലെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും നഷീദ് ആവശ്യപ്പെട്ടു. പുതിയ പ്രസിഡനൃ അധികാരം സ്പീക്കര്‍ക്ക് നല്കി രണ്ടു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തേ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ നഷീദ് പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭ അസിസ്റ്റനൃ സെക്രട്ടറി ജനറല്‍ ഓസ്കര് ഫെര്‍ണാണ്ടസ് ടറാങ്കോ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മാലെയിലെത്തുന്നുണ്ട്. ഇരുപക്ഷവുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിനിടെ നഷീദിനെ അട്ടിമറിയിലൂടെയാണ് പുറത്താക്കിയതെന്ന ആരോപണം പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസ്സന് മണിക് നിഷേധിച്ചു.
മാലിദ്വീപിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. ഏതാണ്ട് 29,000 ഇന്ത്യാക്കാരാണ് മാലിയിലുള്ളത്. അവരില്‍ 22,000 പേരും പ്രധാന ദ്വീപായ മാലെയിലാണ് താമസിക്കുന്നത്. കൂടുതല്‍ പേരും അധ്യാപകന്മാരോ ഡോക്ടര്‍മാരോ ആണ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹൈക്കമ്മീഷന് വ്യക്തമാക്കി.
വിദേശീയരെ ലക്ഷ്യം വെച്ചുള്ളതല്ല സംഘര്‍ഷങ്ങള്‍. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും സൈന്യത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും ഹൈക്കമ്മീഷന് അറിയിച്ചു.
എന്തെങ്കിലും പ്രതിസന്ധി നേരിടുന്ന പക്ഷം ഉടന്‍തന്നെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: