ഇസ്ലാമാബാദ്: കോടതി അലക്ഷ്യക്കേസില്‍ നടപടിയെടുക്കുന്നതിന് നേരിട്ട് ഹാജരാകണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ കോടതിയുടെ ഈ നടപടി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിട്ടത്. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള കള്ളപ്പണക്കേസ് പുനരന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്.
എന്നാല്‍ സര്‍ദാരിയ്ക്കെതിരെയുള്ള കേസ് പുനരന്വേഷിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സ്വിസ് ബാങ്ക് അധികൃതര്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി കത്തയച്ചാല്‍ ഗിലാനിയ്ക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് റദ്ദാക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് 2007 ല്‍ പാസാക്കിയ പൊതുമാപ്പ് നിയമത്തിന്റെ മറവില്‍ സര്ദാരിയുടേതുള്പ്പെടെ ആയിരക്കണക്കിന് അഴിമതി ആരോപണങ്ങള്‍ ഒഴിവാക്കാനായിരുന്നു നീക്കം.
ഗിലാനി കുറ്റക്കാരനെന്ന് കണ്ടാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. എന്തുതന്നെയായാലും പാക് പൗരന്മാര്ക്കും സുപ്രീം കോടതിക്കുമിടയില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: