വത്തിക്കാന്‍: പുരോഹിതന്മാരുടെ പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സഭാമേലദ്ധ്യക്ഷന്റെ കുറ്റസമ്മതം. മുതിര്‍ന്ന വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോസഫ് വില്യം ലെവാഡയാണ് ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 4,000 ത്തില്‍ അധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം കേസുകള്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കോണ്ഗ്രിഗേഷന് ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത് മേധാവി കൂടിയായ ലെവാഡയുടെ അഭിപ്രായത്തില്‍ പുരോഹിതര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയ കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പോപ് ബെനഡിക്ട് പതിനാറാമന്‍ തന്റെ സന്ദര്‍ശന വേളയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായവരെ കണ്ട് ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു.
കുറ്റക്കാരായ പുരോഹിതരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും കൈമാറാന്‍ കാത്തലിക് ചര്‍ച്ചിന് ഉത്തരവാദിത്തമുണ്ടെന്ന് റോമിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നടന്ന ടുവേഡ്സ് ഹീലീങ്ങ് ആന്റ് റിന്യൂവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് പോപ് പറഞ്ഞിരുന്നു. 100 ല്‍ അധികം ബിഷപ്പുമാരും വൈദികരുമാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
കത്തോലിക്ക പള്ളികളില്‍ നവീകരണം ആവശ്യമാണെന്നും പുരോഹിതരുടെ പീഡനത്തിനിരയായ കുട്ടികളെ സഹായിക്കുന്നതിനായിരിക്കണം ആദ്യ പരിഗണന നല്‍കേണ്ടതെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് ലെവാഡ ആവശ്യപ്പെട്ടു.
എന്നാല്‍ പുരോഹിതന്മാരുടെ ഈ അഭിപ്രായ പ്രകടനങ്ങളെല്ലാം തന്നെ വത്തിക്കാന്റെ മുഖം മിനുക്കലിന്റെ ഭാഗമാണെന്ന് ചൂഷണത്തിനിരയായവര്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വത്തിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വാഗ്ദാനങ്ങളും ക്ഷമാപണവും ചര്‍ച്ചകളും നടക്കുന്നതല്ലാതെ കുട്ടികള്ക്കുവേണ്ടതായ യാതൊരു നടപടിയും വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂഷണത്തിനിരയായവര്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ അംഗമായ ജോയെല്ലെ കാസ്റ്റെക്സ് പറഞ്ഞു. പുരോഹിതര്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ രഹസ്യ വിവരം പരസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുകയായിരുന്നു ഈ കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യമെന്നും ജോയെല്ലെ കുറ്റപ്പെടുത്തി. അയര്‍ലണ്ട്, ബെല്‍ജിയം, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് ക്രൈസ്തവ പുരോഹിതരുടെ പീഡനകഥകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: