ചിക്കാഗോ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന ആസൂത്രകരിലൊരാളായ തഹാവൂര്‍ ഹുസൈന് റാണയുടെ വാദം യുഎസ് കോടതി തള്ളി. പാക്കിസ്ഥാന് സ്വദേശിയും ലഷ്കര്‍-ഇ-തോയ്ബ പ്രവര്‍ത്തകനും കനേഡിയന്‍ വ്യവസായിയുമായ റാണ, 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തുന്ന വാദങ്ങള്‍ അവിശ്വസനീയമാണെന്ന് കേസ് പരിഗണിച്ച ചിക്കാഗോ ജില്ലാ കോടതി അഭിപ്രായപ്പെട്ടു. കേസില്‍ റാണയുടെ പങ്കിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നേരത്തെതന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ മൂന്നാഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ റാണയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിനെതിരെ ലഷ്കര്‍-ഇ-തൊയ്ബയെ കൂട്ടുപിടിച്ച് പദ്ധതി തയ്യാറാക്കിയ കേസില്‍ റാണ കുറ്റക്കാരനാണെന്നും കോടതി അന്ന് കണ്ടെത്തിയിരുന്നു. റാണയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കുകയും കേസില്‍ ആദ്യം മുതല്‍ വിചാരണ തുടങ്ങണമെന്ന റാണയുടെ വാദത്തെ നിരാകരിക്കുകയും ചെയ്തിരുന്നു. ഒരേകേസിലെ പുനര്‍വിചാരണ ജൂറിയെ ആശങ്കയിലേയ്ക്ക് നയിക്കുമെന്നും സുഗമമായ വിചാരണയ്ക്ക് അത് തടസ്സമാകുമെന്നും കരുതിയാണ് കോടതി റാണയുടെ വാദത്തെ തള്ളിയത്.
2009 സപ്തംബറില്‍ നടത്തപ്പെട്ടുവെന്നു പറയപ്പെടുന്ന ചര്‍ച്ചയില്‍ റാണയും ഹെഡ്ലിയും പങ്കെടുത്തിരുന്നതായും ഡെന്മാര്ക്കിനെ ലക്ഷ്യംവെച്ചിരുന്നതായും തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. റെക്കോര്‍ഡ് ചെയ്യപ്പെട്ട മൂന്ന് സംഭാഷണങ്ങള്‍ റാണയുടെ പങ്ക് തെളിയിക്കുന്നു. കോപന്ഹേഗനിലേയ്ക്ക് ഹെഡ്ലിയ്ക്ക് വിസ ഏര്‍പ്പാടാക്കി കൊടുത്തതും റാണയുടെ അറിവോടെയാണെന്ന് കോടതി അഭിപ്രായപ്പെടുന്നു.
നീതിയുടെ യാതൊരു പിന്തുണയുമില്ലാതെയാണ് കോടതി തനിക്കെതിരെ കുറ്റംചുമത്തിയതെന്ന് അവസാന വാദത്തില്‍ റാണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ജില്ലാകോടതിയുടെ ‘നീതികേടി’നെ ന്യായീകരിക്കാന്‍ റാണയ്ക്ക് പ്രത്യേകിച്ച് വാദങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: