പള്ളുരുത്തി: നൂറ്റാണ്ടുകള്‍ മുമ്പത്തെ ആചാരങ്ങള്‍ അതേപടി നിലനിര്‍ത്തി അഴകിയകാവ് ഭഗവതിക്ഷേത്രത്തില്‍ ദേവിയെ കൊട്ടരപറയെടുപ്പിനായി ഇറക്കിയെഴുന്നള്ളിച്ചു. പാട്ടുതാലപ്പൊലിയുടെ ഭാഗമായുള്ള ആദ്യപറ കൊട്ടാരം വകയായാണ് നല്‍കിയിരുന്നത്. ക്ഷേത്രത്തിനുപുറകിലായി പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കൊട്ടാരത്തില്‍ ആദ്യകാലത്ത് രാജകുടുംബാംഗങ്ങള്‍ പറനല്കിയിരുന്നു. കൊട്ടാരത്തിലെ ചെറുതും, വലുതുമായ അംഗങ്ങള്‍ ആഘോഷപൂര്‍വമാണ് പറനല്കിയിരുന്നതെന്ന് ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്നു. പില്ക്കാലത്ത് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ ആചാരങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്‍പ്രകാരം ദേവസ്വം ബോര്‍ഡ് അധികാരികളായി പറ നല്‍കുന്നതിന്റെ ചുമതലക്കാര്‍. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ഭഗവതിയെ ക്ഷേത്രത്തില്‍ നിന്നും കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു. ഭക്തജനങ്ങളും ദേവസ്വം ബോര്‍ഡ് ജീവനക്കാരും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കൊട്ടാരകവാടത്തില്‍ മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി നീരാജനം ഉഴിഞ്ഞ് ദേവിയെ വരവേറ്റു. ദേവസ്വം ഓഫീസര്‍ ദീപേഷ് ആദ്യപറ നിറച്ചു. തുടര്‍ന്ന് മട്ടാഞ്ചേരി പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലേക്ക് ഭഗവതി എഴുന്നള്ളി. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലും പറയെടുപ്പു നടന്നു. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് ശ്രീധരന് നായര്‍, സെക്രട്ടറി ടി.വി.സുരേഷ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: