തൃപ്പൂണിത്തുറ: അടിച്ചമര്‍ത്തലിന്റെ കാലഘട്ടങ്ങള്‍ താണ്ടി സ്ത്രീ സമൂഹം ഇന്ന് സ്വാതന്ത്ര്യത്തിന്റെ പൂര്‍ണത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുവാനും ജീവിതത്തില്‍ തന്റേടത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുവാനും സ്ത്രീശക്തയാകണമെന്നും ഡോ.കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു.
എന്‍എസ്എസ് വനിതാകോളേജിന്റെ 38-ാം മത് വാര്‍ഷികദിനാഘോഷങ്ങളുടെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്റ് സി.എസ്.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭാചെയര്‍മാന്‍ ആര്.വേണുഗോപാലും മൂന്നു നാള് നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് അജു വര്‍ഗീസും നിര്‍വഹിച്ചു. എന്‍ഡോവ്മെന്റ് വിതരണവും കൈയ്യെഴുത്തു മാസിക പ്രകാശനവും കൊച്ചിന് കോര്പ്പറേഷന് ഡെപ്യൂട്ടിമേയര്‍ ബി.ഭദ്ര നിര്‍വഹിച്ചു.
കോളേജ് റിപ്പോര്‍ട്ട് അശ്വതി അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.എന്‍.ഗോപാല കൃഷ്ണക്കുറുപ്പ്, കെ.പി.പ്രകാശന്, വിജയഗീത, പി.എം.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സംസ്കൃതി നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി. മലയാള ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യനെ സ്മരിച്ചുകൊണ്ട് കേരള സാമൂഹിക നവോത്ഥാന ഘട്ടങ്ങളെയും മതമൈത്രിയുടെയും പുരോഗതിയുടെയും സന്ദേശങ്ങള്‍ പകര്‍ന്ന് കലയും കായികവും കാര്‍ഷിക സംസ്കാരവും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ സംസ്കൃതി കേരള സംസ്കാരത്തിന്റെ സമ്പൂര്ണാവിഷ്ക്കാരമായി മാറി. ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ പൊതുസമ്മേളനം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: