കൊച്ചി: ജാതി, മതം, ഭാഷാ ചിന്തകള്‍ക്കതീതമായി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് ജെ.ബി.കോശി പറഞ്ഞു. ദേശീയ സമ്മതിദായകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമ്മതിദാനാവകാശം ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ സമൂഹത്തിലുണ്ടാകുന്ന ധാരാളം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. വോട്ടര്‍മാരാണ് ജനാധിപത്യത്തില്‍ അധികാരം കൈയാളുന്നവര്‍. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തെരെഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയണം. നല്ല രീതിയില്‍ വോട്ടവകാശം രേഖപ്പെടുത്തിയില്ലെങ്കില്‍ സമൂഹത്തില്‍ ക്രിമിനലുകളടക്കം വര്‍ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി പേരു ചേര്‍ത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് അദ്ദേഹം വിതരണം ചെയ്തു. സമ്മതിദായകര്‍ക്കുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
കോളേജ് തലത്തില്‍ നടന്ന പ്രത്യേക കാമ്പയിനിലൂടെ 3010 പേരാണ് ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. കഴിഞ്ഞമൂന്ന് മാസത്തിനിടെ 20 വയസ്സില്‍ താഴെയുള്ള 18146 പേര് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തു. ഇതില്‍ 9945 പേര് പുരുഷന്മാരും 8201 പേര് സ്ത്രീകളുമാണ്. ഇവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അതാത് പോളിംഗ് ബൂത്തുകളില്‍ ഇന്നലെ നടന്നു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ.എന്‍.രാജി, കണയന്നൂര്‍ തഹസില്‍ദാര്‍ റ്റി.എ.റഷീദ്, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ കെ.ജി.പണിക്കര്‍, ടി.സി.അയ്യപ്പന്, കേരള ബേക്കേഴസ് അസോസിയേഷന് സെക്രട്ടറി വിജീഷ് വിശ്വനാഥ്, വ്യാപാരി വ്യവസായ സമിതി സെക്രട്ടറി റ്റി.എം.അബ്ദുല്‍ വാഹിദ്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ.എം.ഇബ്രാഹീം, കേരള മര്‍ച്ചന്റ്സ് യൂണിയന് സെക്രട്ടറി ജി.കാര്ത്തികേയന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: