പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകളെ നോക്കുകുത്തിയാക്കിക്കൊണ്ട് പ്ലൈവുഡ് കമ്പനികള്‍ക്ക് അന്യായമായി ലൈസന്‍സ് നല്കുന്ന അധികൃതരുടെ നടപടികള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രായമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നെല്ലിമോളം കവലയില്‍വച്ച് സമരപ്രഖ്യാപന കണ്വെന്ഷന് നടന്നു. പ്ലൈവുഡ് കമ്പനികള്‍ പാര്‍പ്പിട മേഖലകളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും അനധികൃത കമ്പനികള്‍ അടച്ച്പൂട്ടണമെന്നും പുതിയവ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും വീടുകളില്‍ നിന്ന് നാല് മീറ്റര്‍ പോലും അകലം പാലിക്കാതെ വ്യാജരേഖകള്‍ ഉണ്ടാക്കിയും ചട്ടങ്ങള്‍ മറികടന്നും പ്രവര്‍ത്തിക്കുന്നവക്ക് പഞ്ചായത്ത് ഭരണസമിതിയും കൂട്ടുനില്‍ക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിക്കുന്നു. നാട്ടിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ പ്ലൈവുഡ് കമ്പനികള്‍ക്ക് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതിനുള്ള അനുവാദമാണ് നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിനെതിരെ പഞ്ചായത്ത് തലത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്വെന്ഷന് വര്‍ഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കെ.ആര്. നാരായണപിള്ള, ജി. കൃഷ്ണകുമാര്‍, അഡ്വ. എ.പി. പോള്‍, കെ.സി. മുരളീധരന്, രാജന് കിടഞ്ഞോത്ത്, എന്‍.എ. കുഞ്ഞപ്പന്, ഡി. പൗലോസ്, പി.കെ. ശശി, പി.ടി. രാജീവ്, വിജു ജോസഫ്, കെ.സി. പൗലോസ്, സാജു തര്യന്, പി.എസ്. ജന്‍, എന്‍. ശിവശങ്കരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: