ലണ്ടന്‍: പാക്കിസ്ഥാനിലേക്ക് ഉടന്‍ മടങ്ങില്ലെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഈ മാസം അവസാനത്തോടെ ജന്മരാജ്യത്തേക്കു മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി യുസഫ് റാസ ഗിലാനിയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് പാക് സുപ്രീം കോടതി ഫെബ്രുവരി ഒന്നിലേക്കു മാറ്റിയ സാഹചര്യത്തിലാണ് മുഷറഫിന്റെ തീരുമാനം.
പ്രസിഡന്റിന്റെ ഭരണഘടനാപരമായ പരിരക്ഷ സംബന്ധിച്ച തീരുമാനം ഇതുവരെ കോടതി എടുക്കാത്തതാണ് മടങ്ങിവരവില്‍ നിന്നു മുഷറഫിനെ പിന്തിരിപ്പിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ പഴയ അഴിമതി കേസുകള്‍ നിലനില്‍ക്കില്ലെന്ന ഗിലാനിയുടെ നിലപാടില്‍ ഫെബ്രുവരി ഒന്നിനു കോടതി വാദം കേള്‍ക്കും.
അത്തരം പരിഗണന തനിക്കും ലഭിക്കുമോ എന്നറിഞ്ഞ ശേഷമായിരിക്കും മുഷറഫ് പാക്കിസ്ഥാനിലേക്കു മടങ്ങുകയെന്നു സൂചന. മുഷറഫ് പാക്കിസ്ഥാനിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് സെനറ്റില്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ പ്രവാസ ജീവിതം നടത്തുകയാണു മുഷറഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: