മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്മൂലം പൈതൃക നഗരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ വലയുന്നു. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രതിദിനമെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ പ്രാഥമിക കൃത്യനിര്‍വ്വഹണത്തിന് പോലും കഴിയാതെ വലയുകയാണ്. കോടികള്‍ മുടക്കിയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും പൈതൃകനഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതരും ഏജന്‍സികളും തികഞ്ഞ അലംഭാവം പ്രകടമാക്കുകയാണെന്ന് ജനകീയ സംഘടനകള്‍ ആരോപിക്കുന്നു. കേന്ദ്ര ടൂറിസം വകുപ്പ്-സംസ്ഥാന-ജില്ലാ ടൂറിസം വികസന സമിതികള്‍, പൈതൃക നഗരി സംരക്ഷണ സമിതി, കൊച്ചിന് വികസന സമിതി തുടങ്ങി സര്‍ക്കാര്‍-ജനപ്രതിനിധി പ്രാതിനിധ്യമുള്ള ഏഴോളം സംഘടനകള്‍ പൈതൃകനഗരി വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്. ചീനവലകളും പ്രകൃതിഭംഗിയും പോര്‍ച്ചുഗീസ്-ഫ്രഞ്ച്-ബ്രിട്ടീഷ്-ഡച്ച് വാസ്തുശില്പ ഭംഗിയാര്‍ന്ന കെട്ടിടങ്ങളും ജൂതപ്പള്ളി, ജൂതത്തെരുവ്, കരകൗശല വിപണി, മട്ടാഞ്ചേരി കൊട്ടാരം തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ കര്‍ഷക കേന്ദ്രങ്ങള്‍ സഞ്ചാരികളെ ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയിലേക്ക് ആകര്‍ഷിക്കുമ്പോള്‍ അധികൃതരുടെ അവഗണനമൂലം അടിസ്ഥാന സൗകര്യ വികസനം ദീനരോദനമായി മാറുകയാണ്.
മാലിന്യത്താല്‍ സമൃദ്ധമായ ഫോര്‍ട്ടുകൊച്ചി കടപ്പുറവും ദുര്ഗ്ഗന്ധപൂര്ണ്ണമായ മത്സ്യവില്പന കേന്ദ്രവും സുരക്ഷിതമല്ലാത്ത കാല്‍നടയാത്രയും, മയക്കുമരുന്ന് വില്പനക്കാരുടെ സജീവ സാന്നിധ്യവും സാമൂഹ്യ വിരുദ്ധശല്യവുമെല്ലാം വിനോദസഞ്ചബാരികള്ക്ക് ആശങ്കയുണര്‍ത്തുന്ന ഘടകങ്ങളായി മാറുകയാണ്. വേണ്ടത്ര മൂത്രപ്പുരകളില്ലാത്തതും മതിയായ താമസസൗകര്യങ്ങളുടെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും ഏകോപനമില്ലാത്ത ഏജന്സിപ്രവര്ത്തനങ്ങളുമെല്ലാം അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്ത പൈതൃക നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് യാത്രാ ദുരിതമാണ് നല്‍കുന്നത്.
ടോയ്ലറ്റിന്റെ അഭാവം മൂലം വിനോദസഞ്ചാരികള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ അലയുമ്പോള്‍ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച മൂത്രപ്പുരകള്‍ തകര്‍ന്ന നിലയിലും അടച്ചുപൂട്ടിയ നിലയിലും നിലകൊള്ളുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ടൂറിസം കേന്ദ്രത്തിലെത്തുന്നവര്‍ പറയുന്നു. തെരുവ്നായ ശല്യം രൂക്ഷമായ ഘട്ടത്തിലെത്തുമ്പോഴും, ഇത് വിനോദസഞ്ചാരികള്‍ക്ക് അപകടവും ഭീഷണിയുമായി മാറുമ്പോഴും ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ നഗരസഭാധികൃതര്‍ തയ്യാറാകുന്നുമില്ല. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ജില്ലാ ടൂറിസം വകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതിയും ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: