അധിനിവേശത്തിന്റെ ഒരു സാംസ്ക്കാരിക പ്രത്യാഘാതം അത് വിശ്വാസത്തെ ഊണുകഴിഞ്ഞ നാക്കിലപോലെ നിഷ്ഫലമാക്കുന്നു എന്നതത്രെ. ദൈവവിശ്വാസം മ്ലേഛമെന്ന് കരുതുന്നവര്‍ പോലും ദേവസ്വത്തുക്കളുടെ കാര്യത്തില്‍ അതീവ തല്‍പ്പരരാകുന്നത്, ചരിത്രം തങ്ങള്‍ക്ക് മൃഷ്ടാന്നം ഭുജിക്കാനുള്ളതാണെന്നും വിശ്വാസം തങ്ങള്‍ക്ക് വലിച്ചെറിയാനുള്ള നാക്കിലയാണെന്നുമുള്ള പ്രത്യയശാസ്ത്ര പനി പിടിച്ചതുകൊണ്ടാണെന്ന് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ഇപ്പോള്‍ മുസിരിസ് ഉദ്ഖനന പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഉയരുന്ന വാദവിവാദങ്ങള്‍ തെളിയിക്കുന്നത്, ഉദ്ഖനനത്തിലൂടെ കണ്ടെടുക്കപ്പെടുന്നതെല്ലാം പ്രത്യയശാസ്ത്ര അടുക്കളയില്‍ പാകം ചെയ്തെടുത്ത ചരിത്രമാണ് എന്നതത്രെ. പഴയതുപോലെ പാര്‍ട്ടി ചരിത്രകാരന്മാരും സൈദ്ധാന്തികരും നിരയിട്ടിരുന്ന് ആ ചരിത്രത്തെ മൃഷ്ടാന്നം ഭുജിക്കുകയും അവസാനം വിശ്വാസമെന്ന നാക്കിലയെ പടിക്ക് പുറത്തെറിയുംവരെ കാത്തിരിക്കുക എന്നതാണോ ചരിത്രാന്വേഷകരുടെ നിയോഗമെന്ന് ചോദിക്കേണ്ട സമയമായിരിക്കുന്നു.
കേരളത്തിന്റെ മാത്രമല്ല, ലോക ചരിത്രത്തില്‍തന്നെ കൊടുങ്ങല്ലൂരിന് ഒരു സവിശേഷ സ്ഥാനമുണ്ട്. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി, മണ്ണിന്നടിയിലെവിടെയോ മുസിരിസ് എന്ന പ്രാചീന തുറമുഖ നഗരം മറഞ്ഞുകിടക്കുന്നുണ്ട്. പക്ഷേ സങ്കുചിത മത-രാഷ്ട്രീയ നിലപാടുകള്‍ക്ക് പുറത്തുനിന്ന് ചരിത്രത്തെ വ്യാഖ്യാനിക്കാനറിയാത്തവര് നമ്മുടെ ചരിത്ര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതുകൊണ്ടാകാം സമഗ്രമായ ഒരു ചരിത്രാന്വേഷണം കൊടുങ്ങല്ലൂരിന്റെ കാര്യത്തില്‍ ഇന്നുവരെ നടന്നുകാണാത്തത്. പുന്നപ്ര-വയലാറിനും മുമ്പ് കേരളമുണ്ടായിരുന്നു എന്നും കോഴിക്കോടിനും മലപ്പുറത്തിനും പുറത്തേക്ക് അക്കാദമിക താല്‍പ്പര്യങ്ങള്‍ വളരേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ ചരിത്രപഠനം മുന്നോട്ടുപോകൂ എന്നതാണ് ഇന്നത്തെ അവസ്ഥ.
കൊടുങ്ങല്ലൂരിന് ചരിത്രത്തില്‍ അഗ്രിമ സ്ഥാനം നേടിക്കൊടുത്തത് മുസിരിസ് എന്ന പ്രാചീന തുറമുഖ നഗരമാണ് എന്നത് സുവിദിതമത്രെ. ഭാരതത്തിന്റെ ഗോപുര കവാടം എന്ന നിലയില്‍ അത് വിശ്വപ്രസിദ്ധി നേടി. രാമായണവും മഹാഭാരതവും വായുപുരാണവുമെല്ലാമടങ്ങുന്ന വൈദിക സാഹിത്യത്തില്‍ മുസിരിസ് ഒട്ടനവധി തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ലോകത്തെ മിക്കവാറുമെല്ലാ സംസ്കൃതികളുമായും മുസിരിസിന് വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നതായി മുന്‍കാല ഉദ്ഖനനങ്ങളും കണ്ടെത്തലുകളും തെളിയിച്ചിട്ടുമുണ്ട്. പ്ലിനി, ടോളമി തുടങ്ങിയവരും മുസിരിസിന്റെ വൈശിഷ്ട്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ബൈബിളിലെ സോളമന് ചക്രവര്‍ത്തിക്ക് കൊട്ടാരം പണിയുന്നതിനാവശ്യമായ ചന്ദനമരങ്ങള്‍ കൊണ്ടുപോയത് മുസിരിസില്‍ നിന്നായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ആയിരത്തിമുന്നൂറ്റി നാല്പ്പത്തിയൊന്നിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിനെ നാമാവശേഷമാക്കി മാറ്റി. ഒരുപക്ഷേ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോയാല്‍ ലോകത്തിന് തുറന്നുകിട്ടുന്നത് പുതിയ അറിവുകളുടെ നിലറ തന്നെയായ്ക്കൂടെന്നില്ല. സാമ്രാജ്യത്വ അധിനിവേശത്തിന് മുമ്പ് ലോകരാജ്യങ്ങളെ വിസ്മയിപ്പിച്ച, ഭാരതത്തിന്റെ ഐശ്വര്യസമൃദ്ധിയെക്കുറിച്ചും അത് പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കിയേക്കും. അതിന് വിപുലമായ ഉപകരണ സംവിധാനങ്ങളും അനുഭവസമ്പത്തുമുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഖാനന പ്രവര്‍ത്തനങ്ങള്‍ കൈമാറുകയാണ് വേണ്ടത്. പക്ഷേ ഖാനന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അപേക്ഷ രണ്ടുതവണ തള്ളിക്കളയുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. നിഗൂഢമായ താല്‍പ്പര്യങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കൊടുങ്ങല്ലൂരിന് സമീപമുള്ള പട്ടണം എന്ന സ്ഥലത്തെ മുസിരിസ് ആക്കാനുള്ള കെസിഎച്ച്ആറിന്റെ അമിത വ്യഗ്രതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. 2004ല്‍ പട്ടണം എന്ന സ്ഥലത്ത് ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചത് തൃപ്പൂണിത്തുറ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിനാണ്. ഉദ്ഖനനത്തിലൂടെ ലഭിച്ച ശാസ്ത്രീയ വിവരങ്ങള്‍ വെച്ചുകൊണ്ട് മാത്രം പട്ടണത്തെ മുസിരിസ് ആയി വ്യാഖ്യാനിക്കാന്‍ സിഎച്ച്ആര്‍ ഡയറക്ടറായിരുന്ന പി.കെ.ഗോപി തയ്യാറായില്ല. തുടര്‍ന്ന് കെസിഎച്ച്ആറിന്റെ നേതൃത്വത്തില്‍ 2007-08 കാലഘട്ടത്തില്‍ നടന്ന ഉദ്ഖനനം അതിന്റെ അശാസ്ത്രീയത കൊണ്ടുതന്നെ ശ്രദ്ധേയമായി. ചില വിദേശ ചരിത്രകാരന്മാരൊഴികെ ഇന്ത്യയിലെ പ്രമുഖ ചരിത്ര പണ്ഡിതന്മാരാരും പ്രസ്തുത ഉദ്ഖനന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയുണ്ടായില്ല. പുരാതത്വാന്വേഷണത്തില് ഏറെ അനുഭവസമ്പത്തുള്ളവര്‍ നേതൃത്വം നല്‍കേണ്ട ഈ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കമ്മ്യൂണിസ്റ്റ് സമരരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി നേടിയ വ്യക്തിയാണ് എന്നതുതന്നെ ഇതിന്റെ പോരായ്മ വ്യക്തമാക്കുന്നുണ്ട്.
ചരിത്ര ഗവേഷണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയ വിമുക്തമാക്കി, ചരിത്ര പഠനങ്ങള്‍ സുതാര്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഒപ്പം കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്തുമാത്രം ലാഘവത്തോടെയാണ് വിഷയത്തെ സമീപിച്ചതെന്നും വ്യക്തമാക്കപ്പെടുന്നു. പട്ടണം ഉദ്ഖനനത്തിലൂടെ ലഭിച്ച തെളിവുകള്‍ വച്ചുകൊണ്ട് മാത്രം പട്ടണം മുസിരിസിന്റെ ഭാഗമാണെന്നുറപ്പിച്ച് പറയാന്‍ പ്രമുഖ ചരിത്ര പണ്ഡിതന്മാരാരും തയ്യാറാവാതിരിക്കെ, പട്ടണം മുസിരിസിന്റെ ഭാഗമാണെന്ന് വിദേശങ്ങളില്‍ പ്രചരണം നടത്തുകയാണ് കെസിഎച്ച്ആര്‍ ചെയ്തത്. അതോടൊപ്പം കോട്ടപ്പുറത്തും ചേരമാന്‍ പറമ്പിലുമായി മുമ്പ് നടത്തിയിട്ടുള്ള ഉദ്ഖനന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളെ കെസിഎച്ച്ആര്‍ അവഗണിക്കുകയും ചെയ്തു. ശാസ്ത്രീയമായ ഒരു പുരാവസ്തു പഠനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രംഗത്തുവന്നേ മതിയാകൂ എന്ന് പ്രമുഖ ചരിത്ര പണ്ഡിതന്മാര് ആവശ്യമുന്നയിച്ചുകഴിഞ്ഞിരിക്കുന്നു. അതോടൊപ്പം പട്ടണം ഉദ്ഖനനത്തെ ടൂറിസം പാക്കേജില്‍നിന്ന് വേര്‍പ്പെടുത്തുകയും കേരളത്തിലെ ചരിത്ര ഗവേഷണ സ്ഥാപനങ്ങളെ പ്രത്യയശാസ്ത്ര കുരുക്കുകളില്‍നിന്ന് മോചിപ്പിച്ച് കൃത്യമായ ദിശാബോധം നല്‍കുകയും വേണം.
ഐശ്വര്യസമൃദ്ധമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മകള്‍ കൂടിയാണ് കൊടുങ്ങല്ലൂരിലെ ചരിത്ര സ്മാരകങ്ങള്‍ പേറുന്നത്. പൈതൃകത്തിന്റെ ഭാഗമായ എന്തിനെയും വര്ഗീയമെന്നാക്ഷേപിച്ച് അസഹിഷ്ണുവാകുന്നവര്ക്ക് മുന്നില്‍ അതിന്റെ മൂല്യത്തെ ചൊല്ലി വിലപിക്കുന്നത് നിഷ്ഫലമാകുകയേ ഉള്ളൂ. ആ അസഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമായി, നാശോന്മുഖമായ പതിനെട്ടോളം കോവിലകം നിലനില്ക്കുന്നതും മുസിരിസ് പൈതൃക പദ്ധതിയുടെ ശതകോടികള്‍ ചെലവഴിക്കുമ്പോഴും, ചേര രാജധാനി നിലനിന്നിരുന്ന എടവിലങ്ങിലെ പതിനെട്ടോളം കോവിലകത്തിന്റെ പുനരുദ്ധാരണത്തിന് പദ്ധതിയില്‍ യാതൊരു സ്ഥാനവുമില്ല.
ചരിത്രത്തെ മത – പ്രത്യയശാസ്ത്ര കുടത്തിലാക്കാനുള്ള വ്യഗ്രതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വളച്ചൊടിച്ച ചരിത്രം ഭാവിലേക്കൊരു മുതല്ക്കൂട്ടാകുമെന്നറിയാവുന്നവര് തന്നെയാണ് അതിന്റെ പ്രായോജകരാകുന്നതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിമാറിയൊഴുകിയ പെരിയാറാണ് മുസിരിസിനെ തുടച്ചു മാറ്റിയതെന്ന് ചരിത്രം പറയുന്നു. ഇനി വഴിമാറിയൊഴുകുന്ന ചരിത്ര പഠനങ്ങളാകുമോ അതിനെ ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റുക എന്നേ സംശയിക്കേണ്ടതുള്ളൂ.
മധു ഇളയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: