മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് യാതൊരു ശാസ്ത്രീയ വിജ്ഞാനവും ഇല്ലാത്ത കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി അശ്വിനി കുമാര്‍ നടത്തിയിരിക്കുന്ന പ്രസ്താവന നിരുത്തരവാദപരമെന്ന് മാത്രമല്ല പക്ഷപാതപരവും കൂടിയാണ്. തമിഴ്നാടിനെ പ്രീണിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായ പി.ചിദംബരം തമിഴ്നാടിന്റെ ആഭ്യന്തരമന്ത്രി ചമഞ്ഞ് ഈ വിധം പ്രകോപനപരവും സത്യപ്രതിജ്ഞാലംഘനപരവുമായ പ്രസ്താവന നടത്തിയതിന് പുറകെയാണ് ഹരിയാനയില്‍നിന്നുള്ള ഈ കോണ്‍ഗ്രസ് നേതാവ് ഈവിധം കേരളാ വിരുദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന കേരളവാദത്തെത്തുടര്ന്ന് നടത്തിയ വിദഗ്ധ പഠനത്തില്‍ അണക്കെട്ട് സുരക്ഷിതമെന്ന് കണ്ടെത്തിയെന്നും കൂടുതല്‍ ബലപ്പെടുത്താന്‍ നടപടികളെടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത് കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാര്‍ അടഞ്ഞ അധ്യായമാണെന്നും കേന്ദ്രത്തിന് വേണ്ടത് തമിഴ്നാടിന്റെ രാഷ്ട്രീയ പിന്തുണയാണ്, കേരളീയരുടെ സുരക്ഷിതത്വമല്ല എന്നാണ്. ഈ പരിഹാസ്യമായ പ്രസ്താവന വരുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധനയില്‍ സുര്‍ക്കി മുഴുവന്‍ അലിഞ്ഞ് ഒലിച്ചുപോയി എന്ന് വെളിപ്പെട്ടതിന് പുറകെയാണെന്നതാണ്. അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി സുര്‍ക്കി സാമ്പിള്‍ ശേഖരിക്കാന്‍ നടക്കുന്ന ഡ്രില്ലിംഗില്‍ സുര്‍ക്കി കോറുകള്‍ വരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ പൊയ്വാദം ഉയര്‍ന്നിരിക്കുന്നത്. പുതിയ അണക്കെട്ട് വേണമെന്നും അതിന്റെ ഉടമസ്ഥതയും ജലനിയന്ത്രണവും സംബന്ധിച്ച വിശദാംശങ്ങളും കേരളം ഉന്നതാധികാരസമിതിയ്ക്ക് സമര്പ്പിച്ചിരിക്കുമ്പോഴും തമിഴ്നാട് പ്രീണനവാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടത്-വലത് ഭേദമില്ലാതെ ജാതി-മത ഭേദമില്ലാതെ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തെ പ്രശ്നപരിഹാരത്തിന് സമീപിച്ചതാണ്. അന്ന് പ്രശ്നപരിഹാരം ചര്‍ച്ചകളില്‍ക്കൂടി കണ്ടെത്താമെന്ന ഉറപ്പുതന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും തേനി പാര്‍ലമെന്റംഗവുമായ ജെ.എം.ആരുണ് പത്രപരസ്യം നല്കിയിരിക്കുന്നു. “ഇന്നൈപ്പോം ഇന്നൈപ്പോം ഉടുക്കിയെ തമിഴ്നാട്ടുടന്‍ ഇന്നൈപ്പോം” എന്നാണ് പത്രപരസ്യം. പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്നും തമിഴ്നാട് വാദിക്കുന്നു. ഡിസംബര്‍ 15ന് പ്രശ്നം പരിഹരിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്മേലാണ് കേരള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍നിന്നും പിന്‍വാങ്ങിയത്. ഡിസംബര്‍ 16 ന് പുനര്‍ സമരപ്രഖ്യാപനവുമായി കേരളാ കോണ്‍ഗ്രസ് രംഗത്ത് വന്നുകഴിഞ്ഞു. ജനുവരി 18ന് മുല്ലപ്പെരിയാര്‍ സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് പരമാവധി മുതലെടുക്കുക എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ലക്ഷ്യം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജില്ലാ ഘടകവും പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. അശ്വിനി കുമാറിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പറഞ്ഞുകഴിഞ്ഞു.
കേരളത്തെ ചതിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്ന് തെളിയിച്ചാണല്ലൊ ഉമ്മന്‍ചാണ്ടി അണക്കെട്ടിലെ ജലനിയന്ത്രണത്തിന് തമിഴ്നാട്-കേരള-കേന്ദ്ര സംയുക്ത നിയന്ത്രണം ആകാമെന്ന് സര്‍വകക്ഷി സമ്മതം ആരായാതെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ നിലനില്‍പ്പാണ് കേരളജനതയുടെ നിലനില്‍പ്പല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രത്തിന് നല്കുന്ന ഈ പിന്തുണ തെളിയിക്കുന്നു. ഈ വിഷയത്തില്‍ സുതാര്യത ഇല്ല എന്ന് വ്യക്തമാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് വിദഗ്ധരും കഴിഞ്ഞമാസം ഉന്നതാധികാരസമിതിയ്ക്ക് കൈമാറിയത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും റുര്‍ക്കി ഐഐടിയിലെ വിദഗ്ധര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി. പക്ഷേ തമിഴ്നാട് കേരളത്തിനെ അടുപ്പിക്കാതെയാണ് മുല്ലപ്പെരിയാറില്‍ ഭൂകമ്പമാപിനിയും മറ്റും സ്ഥാപിക്കുന്നത്. ഡിഎംകെ ചീഫ് കരുണാനിധിയും ദേവികുളം, പീരുമേട് പ്രദേശത്തിന് അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. പഴയ തിരുകൊച്ചി മേഖലയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ മീതെ സംജാതമായ ഭയാനകമായ ദുരന്ത സാഹചര്യത്തിന് ക്രിയാത്മകമായ ഒരു പ്രതിവിധിയും സ്വീകാര്യമാകാതെ തമിഴ്നാടിന്റെ പിടിവാശിക്ക് മുമ്പില്‍ മുട്ടുമടക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കാല്ക്കല് 45ലക്ഷം ജനങ്ങളുടെ ഭാവി അടിയറവയ്ക്കുകയാണ് അധികാരം മാത്രം ലക്ഷ്യമിടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.
നോക്കുകൂലി ഇല്ലാതാവുമ്പോള്‍
എറണാകുളം ജില്ലയെ കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളി സംഘടനകള്‍ ശക്തമായ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ശ്രമിച്ചിട്ടുപോലും നടപ്പാക്കാനാവാത്ത നടപടി സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നത് പ്രശംസനീയംതന്നെ. എങ്കിലും ഇത് പ്രയോഗത്തില്‍ വരുമോ അതോ സംഘടിത ശക്തിക്ക് മുന്നില്‍ നിയമം ഉടയുമോ എന്ന് കാത്തിരുന്ന് കാണണം. കേരളത്തില്‍ സാര്‍വത്രികമായ നോക്കുകൂലി മറ്റു സംസ്ഥാനക്കാരെയും വിദേശികളെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. മെയ്യനങ്ങാതെ, യൂണിഫോം ധാരികള്‍ ഉടമസ്ഥര്‍ ചരക്കിറക്കി ഇറക്കിയവര്‍ക്ക് കൂലി നല്‍കുന്നതിന് മുമ്പ് ആവശ്യപ്പെടുന്ന നോക്കുകൂലി ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ ദുര്‍ഭൂതത്തെ ചെറുത്ത് ജയിച്ചത് വിഗാര്‍ഡ് ഉടമസ്ഥന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മാത്രമാണ്. അതിന് ഒരു കാരണം വമ്പിച്ച മാധ്യമ പിന്തുണയുമായിരുന്നു.
ഇപ്പോള്‍ ഇറക്കേണ്ട സാധനങ്ങളുടെ നിയമാനുസൃതകൂലി ഉപയോക്താവിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂറിന്റെ ഏത് ശാഖയില്‍ വേണമെങ്കിലും മുന്‍കൂറായി അടയ്ക്കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഗൃഹോപകരണങ്ങളുടെയും ഗൃഹനിര്‍മാണ ഉപകരണങ്ങളുടെയും കയറ്റിറക്ക് കൂലി തൊഴില്‍വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് മേല്‍നടപടി. എറണാകുളത്തെ ആദ്യത്തെ നോക്കുകൂലി ജില്ലയാക്കിയശേഷം ഇത് മറ്റ് മെട്രോകളിലേക്ക് വ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷേ ഈ ഏകപക്ഷീയ തീരുമാനത്തോട് സംഘടിത തൊഴിലാളി ട്രേഡ് യൂണിയന് നേതാക്കള്‍ സഹകരിക്കുമോ എന്നത് വ്യക്തമല്ല. ഇവരെക്കൂടി പങ്കെടുപ്പിച്ച് ന്യായയുക്തമായ രീതിയില്‍ ഈ നോക്കുകൂലി ദുര്‍ഭൂതത്തെ ഒഴിപ്പിക്കാന്‍ സാധിച്ചാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായിതന്നെ കാണാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: