ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എടിഎം വാനിലൂടെ കടത്തിയ കള്ളപ്പണം പിടികൂടി. രണ്ട് സ്വകാര്യ ബാങ്കുകളുടെ എടിഎം വാനില്‍ നിന്നാണ് ഏകദേശം 13 കോടി രൂപ ആദായ നികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞ ആഴ്ച പിടികൂടിയത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിസര്‍വ് ബാങ്കിന് കത്തെഴുതി. സ്വകാര്യ ബാങ്കുകളുടെ ഏത് എടിഎം വാനാണ് പണവുമായി പോയതെന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്കിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ഒരു മുതിര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് പണം പിടികൂടിയ കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ എടിഎം വാനുകളില്‍ നിന്ന് പിടികൂടിയ പണം സംബന്ധിച്ച് വിശദീകരണം നല്കാന് ബാങ്കുകള്‍ മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ ഏത് ബാങ്കാണ് 12.30 കോടി രൂപ എടിഎമ്മുകളില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ അധികൃതര്‍ ആശയക്കുഴപ്പത്തിലാണ്.
ജനുവരി എട്ട് ഞായറാഴ്ചയാണ് ഒരു സ്വകാര്യബാങ്ക് ശാഖ മുഖേന 12.30 കോടി രൂപ ഇഷ്യു ചെയ്തത്. ഈ പണവുമായി പോയ എടിഎം വാനില്‍ ബാങ്ക് അധികൃതര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പണവുമായി പോകുന്ന വാനില്‍ ബാങ്ക് അധികൃതര്‍ ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
ജനുവരി 9 നാണ് എടിഎം വാനില്‍ നിന്നും പണം പിടികൂടിയത്. വാന്‍ ഡ്രൈവറില്‍ നിന്നും പിടികൂടിയ പേപ്പറുകളില്‍ പണം ഇഷ്യു ചെയ്ത തീയതി ജനുവരി 9 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ വാനില്‍ നിന്നുതന്നെ സ്വകാര്യ വ്യക്തിയുടേതെന്ന് കരുതപ്പെടുന്ന 8.40 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം അടങ്ങിയ പെട്ടിയുടെ താക്കോല്‍ ഡ്രൈവറുടെ പക്കലായിരുന്നു. ഇത് വേണ്ട രീതിയില്‍ സീല്‍ ചെയ്തിരുന്നില്ല. ഇത് കള്ള നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം തിരികിയിരിക്കുമോയെന്ന ആശങ്കയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.
തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനായാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും അടുത്തിടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍ബിഐയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ ദല്‍ഹിയില്‍ നിന്ന് 6 കോടി രൂപയുടെ കള്ളനോട്ടും പഞ്ചാബില്‍ നിന്ന് കള്ളനോട്ടുകള്ക്കൊപ്പം ആറ് കിലോഗ്രാം ഹെറോയിനും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: