കേരളത്തെ പല നിലകളിലും മാതൃകാ സംസ്ഥാനമായാണ് ഇന്ത്യയും ലോകവും അംഗീകരിക്കുന്നത്. കേരളം ആഗോളവികസന മാതൃകയാണെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ പറഞ്ഞത് ഇവിടുത്തെ സ്ത്രീ സാക്ഷരതയെയും ആരോഗ്യ വികസന സൂചികകളെയും കണക്കിലെടുത്താണ്. സ്ത്രീ സാക്ഷരത നേടിയതുകൊണ്ടാണ് ആരോഗ്യ വികസനം-സ്ത്രീ പുരുഷ അനുപാതം, രണ്ട് ശിശുക്കള്‍, ആയുര്‍ദൈര്‍ഘ്യം, പോഷകാഹാരം എന്നിവയുടെ കാര്യത്തില്‍ മുന്നേറാനും മാതൃ-ശിശുമരണനിരക്ക് കഴിഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഒരു പത്രപ്രവര്‍ത്തകയായ എന്റെ നിരീക്ഷണത്തില്‍ കേരളം ആഗോള അനനുകരണീയ മാതൃകയാണ്. ഇവിടെ സ്ത്രീ സാക്ഷരത നേടി, വിദ്യാഭ്യാസം നേടി, ഐടി വിദഗ്ധകളും പ്രൊഫഷണലുകളും വക്കീലന്മാരും എല്ലാം ആയി. പക്ഷേ ഇന്ന് കേരളത്തില്‍ ഏറ്റവും അരക്ഷിതവര്ഗം സ്ത്രീയാണ്. ഇവിടെ സ്ത്രീ അമ്മയല്ല, സഹോദരിയല്ല, അമ്മൂമ്മയല്ല, മകളല്ല, പേരമകളല്ല. വെറും ലൈംഗിക ഉപഭോഗവസ്തു മാത്രം. കേരളം മദ്യോപയോഗത്തില്‍ മുന്നിലാണ്. 8.2 ലിറ്ററാണ് പ്രതിശീര്‍ഷ മദ്യോപയോഗം. കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനം, റോഡ് മരണങ്ങളും റോഡപകടങ്ങളും പെരുകിയിരിക്കുന്ന സംസ്ഥാനം, ക്രൂരതയുടെ തലസ്ഥാനം ഇതെല്ലാം കേരളത്തിന്റെ ബഹുമതിയാണ്.
സ്ത്രീ സാക്ഷരത കേരളത്തെ ആഗോള വികസന മോഡലാക്കിയെങ്കില് സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും നേടിയ സ്ത്രീ എന്തുകൊണ്ട് ഇന്നും പുരുഷവിധേയത്വം മനസ്സില്‍ സൂക്ഷിക്കുന്നു? ഭരണഘടന അനുവദിച്ചിരിക്കുന്നത് സമത്വമാണ് എല്ലാ രംഗങ്ങളിലും. പക്ഷേ എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും ചെറുപ്പത്തില്‍ കുടുംബത്തില്‍ പകര്‍ന്നുകിട്ടിയ ഉത്തമ സ്ത്രീ സങ്കല്‍പ്പം സ്ത്രീക്ക് ഉപേക്ഷിക്കാനാകുന്നില്ല. തന്നെ ആക്രമിക്കുന്നവനെ തിരിച്ച് ആക്രമിക്കാന്‍ കൈ പോയിട്ട് നാവുപോലും ഉയരാത്ത അടിമത്ത മനസ്ഥിതിയല്ലേ, സ്ത്രീകളെ ഇരകളാക്കുന്നത്? സ്ത്രീ എന്നാല്‍ ശക്തിസ്വരൂപിണിയാണെന്ന് പുരാണങ്ങള്‍ പറയുമ്പോഴും കേരളത്തില്‍ സ്ത്രീ ഇരയാണ്, ചരക്കാണ്, ലൈംഗിക കമ്പോള ഉല്‍പ്പന്നമാണ്. സ്ത്രീയുടെ മാന്യത, മഹത്വം പരമപ്രധാനമാണെന്നാണ് സങ്കല്‍പ്പം.
പക്ഷേ ഇതെല്ലാം ഗ്രന്ഥങ്ങളില്‍ ഒതുങ്ങുന്ന ആപ്തവാക്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇവിടെ പിഞ്ചുകുഞ്ഞ് മുതല്‍ 90 കഴിഞ്ഞ വയോവൃദ്ധകള്‍വരെ ലൈംഗികാക്രമണത്തിന് വിധേയരാകുന്നു. ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടക്കുന്നത് കേരളത്തിലാണ്. ശാരീരികം മാത്രമല്ല, മാനസിക പീഡനവും സ്ത്രീക്ക് ഏറ്റുവാങ്ങേണ്ടി വരുന്നു. വികസനത്തിന്റെ മാതൃകാ സംസ്ഥാനമായിട്ടും ജോലിക്കുപോലും ലിംഗഭേദമുണ്ട്; ആണ്ജോലി-പെണ്ജോലി എന്നിങ്ങനെ. അടുക്കളപ്പണി, വീട് വൃത്തിയാക്കല്‍, തുണി അലക്കല്‍ മുതലായവ സ്ത്രീ ജോലിയാണ്. പുരുഷന് ചൂല് തൊട്ടാല്‍ അശുദ്ധമാകും. പക്ഷേ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫ് എപ്പോഴും പുരുഷന്മാരാണ്. വീട്ടില്‍ അമാന്യമായ ജോലികള്‍ക്ക് നക്ഷത്രസ്റ്റാറ്റസ് മാന്യത നല്കുന്ന വിരോധാഭാസം ഇവിടെ നിലനില്ക്കുന്നു.
തുല്യ ജോലിക്ക് തുല്യ ശമ്പളം ഓഫീസുകളിലുണ്ട്. പക്ഷേ സ്ത്രീയുടെ ശമ്പളത്തിന്റെ അധികാരം അച്ഛനോ ഭര്‍ത്താവിനോ ആണ്. സ്ത്രീ ജനിക്കുന്നത് വിവാഹിതയാകാനാണ്. അവിവാഹിതയ്ക്ക് സമൂഹം മാന്യത നല്‍കില്ല. കെട്ടിടം വാടകയ്ക്ക് ലഭിക്കില്ല. വിവാഹിതയാകണമെങ്കില് സ്ത്രീധനം കൊടുക്കണം. എത്ര ഉന്നത ജോലിയായാലും സ്ത്രീധനമില്ലാത്ത വിവാഹങ്ങളില്ല. പ്രണയ വിവാഹം എന്നത് വിരളം. ക്യാമ്പസ് പ്രണയം എന്നത് നേരംപോക്ക്. വിദ്യാഭ്യാസമോ, ഉദ്യോഗമോ പ്രണയിക്കാന്‍ അവകാശം തരുന്നില്ല. സ്ത്രീ പ്രണയിക്കുമ്പോള്‍ പിഴച്ചവളാകുന്നു. പക്ഷേ മൊബെയില്‍ വിപ്ലവം ഈ സങ്കല്പ്പത്തിന് പാര പണിതപ്പോള്‍ വീട്ടമ്മമാര്‍വരെ മൊബെയില്‍ പ്രണയത്തില്‍ കുടുങ്ങി കുറ്റിപ്പുറത്തും മലപ്പുറത്തുമൊക്കെ ചെന്നെത്തുന്നു. കാമുകനൊപ്പം ഭര്‍ത്താവിനെ കൊല്ലുന്നു. പക്ഷേ അവള് ഇരതന്നെയായി തുടരുന്നു. ബലാത്സംഗം ഇപ്പോള്‍ ഫാഷനല്ല. കൂട്ടബലാത്സംഗത്തിലാണ് കേരളത്തിലെ പുരുഷസമൂഹം ലൈംഗിക സംതൃപ്തി കണ്ടെത്തുന്നത്!
സ്ത്രീസങ്കല്പ്പം ഉരുത്തിരിയുന്നത് കുടുംബത്തിലാണ്. ഇന്ത്യയിലെ അഭ്യസ്തവിദ്യരായ അമ്മമാര്‍പോലും പെണ്മക്കളോട് പറയുന്ന ആപ്തവാക്യം ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് എന്നാണ്. മുള്ളൊടിക്കാനുള്ള ത്രാണി നേടാന്‍ ഒരമ്മയും പഠിപ്പിക്കുന്നില്ല. ചെറുത്തുനില്ക്കുന്നവര് തന്റേടികള്‍. തന്റേടികളെ ആരും വിവാഹം കഴിക്കില്ല. വിവാഹം ജീവിത വിജയത്തിന്റെ അളവുകോലാക്കി മാറ്റി കടംവാങ്ങി സര്‍വാഭരണ വിഭൂഷിതയായി എത്തുന്നത് കണ്ണീര്ക്കയത്തിലേക്കാണെന്ന് അറിഞ്ഞ അമ്മമാര്‍പോലും പാരമ്പര്യധാരണകള്‍ തിരുത്തുന്നില്ല. പക്ഷേ വിവാഹമോചനത്തിലും കേരളം ഇപ്പോള്‍ മുന്നിലാകുന്നു. ഞാന്‍ ഇതൊക്കെ ആലോചിച്ചത് ശ്രീകൃഷ്ണന്റെ വൃന്ദാവനത്തിലെത്തുന്ന വിധവകള്‍ മരിച്ചാല്‍ അവരുടെ ശവശരീരം കൊത്തിനുറുക്കി വലിച്ചെറിയുന്നു എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. മരണത്തിനുശേഷവും സ്ത്രീക്ക് മാന്യത കിട്ടിയില്ലെന്ന് ഖേദിക്കുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ ധ്വംസിക്കപ്പെടുന്ന സ്ത്രീ മാന്യതയെപ്പറ്റി നിശബ്ദരാണ്.
കേരളം സ്ത്രീയുടെ ശേഷികൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചതും സ്ത്രീക്ക് ശാപമായി. ഇവിടെ സ്ത്രീ പുരുഷനേക്കാള്‍ അധികംകാലം ജീവിക്കുമ്പോള്‍ അവളും ആര്‍ക്കും വേണ്ടാത്തവളായി വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുകതന്നെയാണ് ചെയ്യുന്നത്. അന്ന് കുടുംബങ്ങളില്‍ വൃദ്ധര്‍ക്ക് സ്ഥലമില്ല. അവരോട് സംസാരിക്കാന്‍ ആര്‍ക്കും സമയമില്ല. വീട്ടില്‍ താമസിക്കുന്നവര്‍ക്കും അഭയം ടിവി. ഒരിക്കല്‍ കണ്ണീര് സീരിയലുകളുടെ ദുഃസ്വാധീനത്തെ വിമര്‍ശിക്കുന്ന ഒരു ചര്‍ച്ചയില്‍ ഒരു ജസ്റ്റിസ് പറഞ്ഞത് അദ്ദേഹം ടിവി സീരിയലുകളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും അതിന് കാരണം അച്ഛനും അമ്മയും അതുകണ്ട് സമയം കളയുമല്ലോ എന്നുമാണ്.
വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തില്‍ വിധവകള്‍ക്ക് അശ്രീകരത്വമോ, സാമൂഹിക അയിത്തമോ ഇല്ല. സര്‍ക്കാര്‍ വിധവാ-അഗതി പെന്‍ഷനുകള്‍ നല്‍കുന്നുണ്ട്. താഴേക്കിടയിലുള്ളവരും ആവുന്ന കാലംവരെ ജോലിയെടുത്ത് ജീവിക്കുന്നു. പക്ഷേ വാര്‍ധക്യത്തില്‍ ഏറ്റവും അസഹനീയം ഒറ്റപ്പെടലാണ്. വാര്‍ധക്യസഹജമായ സ്വഭാവം ഗൃഹാതുരത്വമാണ്. പഴയകാലത്തെ ഓര്‍മകള്‍ വേട്ടയാടുന്നവര്‍ക്ക് അത് പങ്കുവയ്ക്കാന്‍ ആരുമില്ലാതെ ഉള്‍വലിഞ്ഞ് അന്തര്‍മുഖരായി മാറുന്നു. ഞാന്‍ അറിഞ്ഞിരുന്ന ഒരു “ബായി” (കോംഗ്കണി ജാതിക്കാരി) വീടുകളില്‍ പണികഴിഞ്ഞ് ഏകമകന്റെ വീട്ടില്‍ രാത്രി കഴിക്കും. അവര്‍ അവശയായി വീട്ടുപണിക്ക് പോകാന്‍ പറ്റാതായി മരിച്ചത് മുറ്റത്തുള്ള ചവിട്ടുപടിയില്‍ കിടന്നാണ് എന്ന് ഞാന്‍ ഓര്‍ക്കുന്നു. അവര്‍ക്ക് ബാങ്കില്‍ പണമുണ്ടായിരുന്നു. അതെടുക്കാന്‍ പോകാനോ, അതെടുത്ത് ചികിത്സ തേടാനോ സഹായം ലഭിക്കാതെ!
ഇന്ന് കേരളത്തില്‍ വൃദ്ധസദനങ്ങള്‍ പെരുകുകയാണ്. പക്ഷേ അവിടെ എത്തിപ്പെടുന്നവരും മാനസിക ഏകാന്തത അനുഭവിക്കുന്നു. പരസ്പരം കേള്‍ക്കാന്‍പോലും ആരും ഇല്ലാതെ. എന്റെ സുഹൃത്തായ ഒരു ഡോക്ടര്‍ ഒരു നക്ഷത്ര വൃദ്ധസദനത്തില്‍ എത്തിയത് ഏകമകന് ഉപേക്ഷിച്ചപ്പോഴാണ്. അവര്‍ ഒടുവില്‍ അവിടം വിട്ടു. കാരണം തിരക്കിയ എന്നോട് അവര്‍ പറഞ്ഞത് വൃദ്ധസദനങ്ങളില്‍ ആത്മീയകാര്യങ്ങള്ക്കാണ് ഊന്നല്‍. ഡോക്ടറായ അവര്‍ക്ക് സേവനം ചെയ്യാന്‍പോലും അവസരം നല്‍കിയില്ല.
ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വയോജനനയം പരിഷ്ക്കരിച്ച് വയോജനങ്ങള്‍ക്ക് സന്നദ്ധസേവനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുകയാണ്. റിട്ടയര്‍ ചെയ്തശേഷം ഊര്‍ജസ്വലതയും ആരോഗ്യവുമുള്ളവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ സന്നദ്ധസേവനത്തിന് പരിപാടി തയ്യാറാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് ആലോചിക്കുന്നു. വിദ്യാഭ്യാസം, ഭരണപരം, കലാ, സാംസ്ക്കാരികരംഗം, വിനോദസഞ്ചാരം, ശാസ്ത്രസാങ്കേതികം മുതലായ മേഖലകളില്‍ അവര്‍ക്ക് സേവനസൗകര്യമൊരുക്കാനും സന്നദ്ധ സേവനത്തിന് പാരിതോഷികം നല്‍കാനുമാണ് പദ്ധതി. വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന സേവനങ്ങളും പരിഗണനയിലുണ്ട്.
വാര്‍ധക്യത്തില്‍ തങ്ങള്‍ അധികപ്പറ്റാണെന്ന വിചാരം, അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏകാന്തത മുതലായവയാണ് വൃദ്ധരുടെ ദുഃഖങ്ങള്‍. ഈ പദ്ധതി ക്രിയാത്മകമായി നടപ്പാക്കിയാല്‍ ജീവിതാന്ത്യം ആധ്യാത്മികം എന്ന ധാരണ തിരുത്തപ്പെടും. ആധ്യാത്മികത്തിന് വാര്‍ധക്യം നിര്‍ബന്ധമല്ല. എപ്പോള്‍ വേണമെങ്കിലും മനുഷ്യമനസ്സിന് ആധ്യാത്മിക വ്യാപാരങ്ങളില്‍ ഏര്‍പ്പെടാം.
കേരള സമൂഹത്തിലെ പല ധാരണകളും തിരുത്താനും പുനര്‍ നിര്‍വചിക്കാനുമുള്ള ശ്രമവും വേണ്ടതാണ്. കേരളം ചിന്തയില്‍പോലും രാഷ്ട്രീയവും മതവും കലര്‍ത്തുന്നവരാണ്. എല്ലാ മതങ്ങളും ഒരേ ധാരണ പുലര്‍ത്തുന്നത് സ്ത്രീ വിഷയത്തില്‍ മാത്രമാണ്. അതായത് സ്ത്രീ ‘സെക്കന്റ്സെക്സ്’ ആണ്; പുരുഷന്റെ വിധേയ.
കേരളം ലോകം മുഴുവന്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പംപോലും തിരുത്തുന്ന സംസ്ഥാനമാണ്. രാജവാഴ്ചയും കൊളോണിയല്‍ വാഴ്ചയും അവസാനിച്ച് ലോകം ജനായത്ത ഭരണരീതിയിലേക്ക് വന്നപ്പോഴും ഒരു രാജ്യവും കുടുംബവാഴ്ച എന്ന സങ്കല്‍പ്പം അവസാനിപ്പിച്ചില്ല. സോഷ്യലിസ്റ്റ് ആയിരുന്ന ജവഹര്‍ലാല്‍നെഹ്റുപോലും ഇന്ത്യയെ സ്വന്തം പിന്ഗാമികള്ക്കെഴുതിക്കൊടുത്തു. അതിന്റെ ഫലമാണല്ലോ നമ്മെ ഇന്ന് ഒരു ഇറ്റാലിയന്‍ വനിത ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍പ്പോലും സ്വന്തം മക്കളെയോ അനുജനെയോ പിന്‍ഗാമിയാക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമുള്ള പലരുടെയും പിതാക്കള്‍ രാഷ്ട്രീയ നേതാക്കളായിരുന്നു. സ്ത്രീകള്‍ക്കും രാഷ്ട്രീയത്തില്‍ കടന്നുവരണമെങ്കില്‍ ഗോഡ്ഫാദര് വേണം. ഇതിന് ഒരു അപവാദം മമതാ ബാനര്‍ജി മാത്രമാണ്.
കേരളവും വൃത്യസ്തമല്ലായിരുന്നു. പാവം ലീഡര്‍ വെറുക്കപ്പെട്ടവനായത് സ്വന്തം മകനെയും മകളെയും രാഷ്ട്രീയ നേതൃത്വത്തിലെത്തിക്കാന്‍ ശ്രമിച്ചതിനാണ്. കെ.എം.മാണി ജോസ് പി.മാണിയെ പാര്‍ലമെന്റില്‍ എത്തിച്ചു. ടി.എം.ജേക്കബ് മരിച്ച ഒഴിവില്‍ മത്സരിക്കുന്നത് അനൂപ് ജേക്കബാണ്.
പക്ഷേ കേരളം വ്യത്യസ്തമാണെന്ന് ഞാന്‍ പറയാന്‍ കാരണം ഈ രാഷ്ട്രീയസമവാക്യം മാടമ്പടി സമൂഹത്തിലില്ല എന്നതിനാലാണ്. ഐതിഹ്യമാല മലയാള കൃതിയായതിനാലായിരിക്കും പെരുന്തച്ചന് സംസ്ക്കാരം ഇവിടുത്തെ മാടമ്പി സമൂഹത്തില്‍ വേരൂന്നിയത്. അവര്‍ സ്വന്തം മകന് മന്ത്രിയാകുന്നതുപോലും നഖശിഖാന്തം എതിര്‍ക്കും. സീനിയര്‍ മാടമ്പി ജീവിച്ചിരിക്കുമ്പോള്‍ ജൂനിയര്‍ മാടമ്പി അധികാരം സ്വപ്നം കാണുകയോ?
ലീഡറിന്റെ കാലത്തും അച്ഛനും മകനും രണ്ട് പാര്‍ട്ടിയില്‍ പോയെങ്കിലും കാരണം വ്യത്യസ്തമായിരുന്നു. പാവം ലീഡറിന് തന്റെ മകന് അധികാരക്കസേരയിലിരുന്ന് കണ്ട് മരിക്കണമെന്നായിരുന്നു മോഹമെങ്കില്‍ പാവം മാടമ്പിക്ക് തന്റെ മകന്റെ തല അറുത്ത് മേശമേല്‍ വയ്ക്കണമെന്നാണ് മോഹം. ആദര്‍ശധീരനായ ഒരു മുന്‍ മുഖ്യമന്ത്രി അപവാദം കേട്ടത് അരുമമകനെ അനധികൃതമായി ഉന്നതങ്ങളിലെത്തിച്ചതിനാണ്. ഇവിടെ മാടമ്പി പാര്‍ട്ടിപോലും രണ്ടാകുന്നത് മകന്റെ നാശം കണ്ടേ മനം കുളിര്ക്കുകയുള്ളൂ എന്ന് ശപഥം ചെയ്ത അച്ഛന് കാരണമാണ്. കേരളം വ്യത്യസ്തമല്ലേ?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: